22 June Friday
വീണാ ജോർജിനെതിരെ വ്യാജപ്രചാരണം

രാഷ്ട്രീയതിമിരം ബാധിച്ചവരുടെ ജൽപ്പനങ്ങൾ: കെ പി ഉദയഭാനു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

 പത്തനംതിട്ട 

പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിൽ ഉൾപ്പെടെ വീണാ ജോർജ് എംഎൽഎയ്ക്കെതിരെ ചിലർ നടത്തുന്ന വ്യാജ പ്രചാരണം രാഷ്ട്രീയതിമിരം ബാധിച്ചവരുടെ ജൽപ്പന്നങ്ങൾ മാത്രമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രസ്താവനയിൽ പറഞ്ഞു.
 പത്തനംതിട്ട നഗരസഭയുടെ പൂർണ ഉടമസ്ഥതയിലുള്ള സ്വകാര്യ ബസ്സ്റ്റാൻഡിന്റെ അറ്റകുറ്റപണികൾ ഉൾപ്പെടെയുള്ളവയുടെ ഉത്തരവാദിത്തം നഗരസഭയ്ക്കാണ്. കടമുറികളുടെ മാസവാടകയായി ലക്ഷങ്ങൾ പിരിച്ചെടുക്കുന്ന നഗരസഭ ബസ്സ്റ്റാൻഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാതെ ജനങ്ങളെ ദ്രോഹിക്കുകയാണ്. ഇത് വ്യക്തമായി അറിയാവുന്നവർ തന്നെയാണ് ഈ പ്രചാരണങ്ങൾക്ക് പിന്നിൽ. അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യവും ഗൂഢാലോചനയുമുണ്ട്. ഇത്തരം പ്രചാരണങ്ങൾ പൊതുജനം അവജ്ഞയോട് തള്ളിക്കളയുകയേ ഉള്ളു.
അധികാരത്തിന് വേണ്ടിയുള്ള തമ്മിലടിക്കിടയിൽ പൊതുജനങ്ങളുടെ ദുരിതം കാണാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നതിന് ഉദാഹരണമാണ് ഈ ബസ്സ്റ്റാൻഡ്. വീണാ ജോർജ് എംഎൽഎ ആയ ശേഷം ചരിത്രത്തിൽ ഇന്നോളം ഉണ്ടാകാത്ത വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടത്തിയിട്ടുള്ളത്.  വീണാ ജോർജ് ആറന്മുളയുടെ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത് ചില രാഷ്ട്രീയ കേന്ദ്രങ്ങളെ നന്നായി അലോസരപ്പെടുത്തുന്നുണ്ട്. അത്തരക്കാരുടെ കുപ്രചാരണങ്ങൾ കൊണ്ട് തകരുന്നതല്ല വീണാ ജോർജിന്റെ  സ്വീകാര്യത.
കോൺഗ്രസ് ഭരിക്കുന്ന നഗരസഭയുടെ കെടുകാര്യസ്ഥത മറച്ച് വയ്ക്കാനും ജനകീയ അടിത്തറ അനുദിനം വർധിപ്പിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന എൽഡിഎഫ് സർക്കാരിന്റെയും എംഎൽഎയുടെയും പ്രതിച്ഛായ തകർക്കാനുമുള്ള നീക്കങ്ങളാണ് ഈ പ്രചാരണങ്ങൾക്ക്് പിന്നിൽ. ഒരു ജനപ്രതിനിധിയെ, പ്രത്യേകിച്ച് ഒരു വനിതയെ സമൂഹത്തിൽ അവഹേളിക്കാൻ ശ്രമിക്കുന്നവർ വെളിപ്പെടുത്തുന്നത് അവരുടെ രാഷ്ട്രീയ ജീർണ്ണതയാണ്. ഈ വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ കോൺഗ്രസും സംഘപരിവാറും കൈകോർത്തു എന്നത് വിരൽചൂണ്ടുന്നത് ഉന്നത തല രാഷ്ട്രീയ ഗൂഢാലോചനയിലേക്കാണ്.
 ജനക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുൻപോട്ട് പോകുന്ന  ജനകീയ സർക്കാരിന്റെയും ജനപ്രതിനിധിയുടെയും ജനകീയ അടിത്തറയും പിന്തുണയും വ്യാജപ്രചാരണങ്ങൾ കൊണ്ട് തകർക്കാനാവില്ലെന്നും കെ പി ഉദയഭാനു പറഞ്ഞു.
 
പ്രധാന വാർത്തകൾ
Top