24 September Monday
ഡിപിആർ സർവേ റിപ്പോർട്ട് സമർപ്പിച്ചു

പുനലൂർ‐ പൊൻകുന്നം പാതയ്ക്ക് 610 കോടിയുടെ എസ്റ്റിമേറ്റ്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018

 പത്തനംതിട്ട > പുനലൂർ‐ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പുനലൂർ മുതൽ പൊൻകുന്നം വരെയുള്ള ഭാഗം നിർമിക്കാൻ 610 കോടിയുടെ പുതിയ എസ്റ്റിമേറ്റ് തയ്യാറായി. പ്രൊക്യുർമെന്റ് കൺസ്ട്രക്ഷൻ (ഇപിസി) സംവിധാനത്തിൽ പൂർത്തീകരിക്കുന്ന പദ്ധതിയുടെ ‘ഡിറ്റെയിൽ പ്രൊജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കാൻ സർക്കാർ പ്രമുഖ കമ്പനിയായ എൽആൻഡ്ടിയെ ഏൽപ്പിച്ചിരുന്നു. കമ്പനി കഴിഞ്ഞ ദിവസം നൽകിയ റിപ്പോർട്ടിലാണ് പദ്ധതിക്ക് 610 കോടി രൂപ ചെലവ് വരുമെന്ന് കണ്ടെത്തിയത്. 

 

83 കിലോമീറ്റർ റോഡാണ് പുതിയ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ നിർമിക്കുക. പുതിയ സർവേ അനുസരിച്ച് തയാറാക്കിയ റിപ്പോർട്ടിനനുസരിച്ചാണ് പദ്ധതിയുടെ ടെൻഡർ തുക നിശ്്ചയിക്കുക. ലോകബാങ്ക് ഫണ്ടുപയോഗിച്ചു നിർമിക്കുന്ന റോഡിന് നാലുവർഷം മുൻപു തയാറാക്കിയ എസ്റ്റിമേറ്റാണ് ഇത് വരെ ഉണ്ടായിരുന്നത്. പൊൻകുന്നം പുനലൂർ സ്ട്രെച്ചിന് 602 കോടി രൂപയാണ് നേരത്തെ എസ്റ്റിമേറ്റ് ചെയ്തിരുന്നത്. ജിഎസ്ടി ഉൾപ്പടെയുള്ള സാമ്പത്തിക പരിഷ്കാരവും സാധനങ്ങളുകളുടെ വില വർദ്ധനവും കാരണം പഴയ എസ്റ്റിമേറ്റ് തുകയ്ക്ക് ടെൻഡർ ചെയ്യുന്നത് ബുദ്ധിമുട്ടാകും എന്നതിനാലാണ് പുതിയ ഡിപിആർ നടത്തിയത്.  എല്ലാ ഡിസൈനിങും ജോലികളും കരാറുകാരൻ തന്നെ നിർവഹിക്കുന്ന  ഇപിസി സംവിധാനത്തിൽ  15 വർഷത്തേക്കു റോഡിന്റെ പരിപാലനം കരാറുകാരൻ സ്വന്തം ചെലവിൽ നടത്തണമെന്നാണ് കരാർ.  ഒരോ വർഷവും കരാറുകാരന് ചെലവായ തുകയുടെ ഒരു ഭാഗം സർക്കാർ നൽകും.

പദ്ധതിയിലെ പാലം, ബൈപ്പാസുകൾ, കലുങ്ക് തുടങ്ങിയവ എല്ലാം കരാറുകരൻ തന്നെ ഡിസൈൻ ചെയ്തു സ്വന്തം ചെലവിൽ നിർമിക്കണം. മറ്റു പദ്ധതികൾക്കുള്ളതുപോലെ 56 ശതമാനം ബാങ്ക് വായ്പ ഇതിനും ലഭ്യമാണ്. ലോക ബാങ്കിന്റെ അനുമതി ലഭിച്ചാലുടൻ പണി തുടങ്ങാനാവുന്നുമെന്നാണ് പ്രതീക്ഷ. പൊൻകുന്നം മുതൽ പുനലൂർ വരെ ഒറ്റ പാക്കേജായി പൂർത്തീകരിക്കാനാണ് ഡിപിആർ റിപ്പോർട്ടിൽ നിർദ്ദേശമുള്ളത്. എന്നാൽ ലോകബാങ്കിന്റെ ലോൺ കാലാവധി 2019 ൽ അവസാനിക്കുന്നതാണ് ഇതിന് തടസമാകുന്നത്. കാലാവധി പുതുക്കി നൽകണമെന്ന് അഭ്യർഥിച്ചിട്ടുണ്ടെങ്കിലും അനുകൂല മറുപടി ലഭിക്കാത്തതാണ് നിലവിൽ പ്രശ്നം. അത്തരം പ്രതിസന്ധിയുണ്ടായാൽ നാല് പാക്കേജായി പദ്ധതി പൂർത്തീകരിക്കാനും കെഎസ്ടിപി സർക്കാരിന് മുൻപിൽ നിർദ്ദേശം വെച്ചിട്ടുണ്ട്. 

നിലവിലെ റോഡിൽ നിന്ന്  ഏഴ് മുതൽ പത്ത് മീറ്റർ വരെ  ഇരുവശങ്ങളിലേക്കും ഭൂമി ഏറ്റെടുത്താണ് പുതിയ റോഡ് നിർമ്മിക്കുക. ചെറിയ പാലങ്ങളും കലുങ്കുകളും അല്ലാതെ വലിയ പാലങ്ങൾ ആവശ്യമില്ലാത്തതും റോഡ് പൂർത്തീകരണം താമസം വിനാ പൂർത്തീകരിക്കുന്നതിന് സഹായകമാകും. 

 2002ലാണ് പുനലൂർ‐ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ തൊടുപുഴ മുതൽ മൂവാറ്റുപുഴ വരെയുള്ള ഭാഗം കെഎസ്ടിപി ഒന്ന് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം ആരംഭിച്ചത്. അടുത്ത റീച്ചായ പൊൻകുന്നം മുതൽ തൊടുപുഴ വരെയുള്ള 50.22 കിലോമീറ്റർ റോഡ് 2014 ൽ കെഎസ്ടിപി എറ്റെടുത്തു. കെഎസ്ടിപി രണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി ലോകബാങ്ക് സഹായത്തോടെ കഴിഞ്ഞവർഷം നിർമാണം പൂർത്തിയാക്കി. റോഡിനായി ആകെ ഏറ്റെടുക്കേണ്ടിയിരുന്നത് 26.6518 ഹെക്ടർ ഭൂമിയായിരുന്നു. ഇതിൽ 99 ശതമാനം സ്ഥലവും ഇതിനകം സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.

 

പ്രധാന വാർത്തകൾ
Top