24 September Monday

വളവുങ്കൽ അപകടം: ഡിസിസി സെക്രട്ടറിയുടെ പ്രസ്താവന പരിഹാസ്യം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018

 പത്തനംതിട്ട > കുമ്പഴ ‐  മലയാലപ്പുഴ റോഡിൽ വളവുങ്കൽ പ്രദേശത്ത് നിരന്തരമുണ്ടാകുന്ന വാഹനാപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നടത്തിയ റോഡ് ഉപരോധത്തെ തുടർന്ന് പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നായപ്പോഴേക്കും ഒരു ഡിസിസി സെക്രട്ടറി പത്രങ്ങളിൽ നൽകിയ വാർത്ത പരിഹാസ്യവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണന്ന് നഗരസഭ പ്രതിപക്ഷ നേതാവ് വി മുരളീധരൻ പ്രസ്താവനയിൽ പറഞ്ഞു.

മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ എത്തുന്നവരടക്കം ഏറ്റവും കൂടുതൽ വാഹനങ്ങൾ പോകുന്ന മലയാലപ്പുഴ റോഡിന്റെ അപകടാവസ്ഥയും 1979 മാർച്ച് 30ന് 46 പേരുടെ മരണത്തിന് ഇടയാക്കിയ കളീക്കൽ പടിയിലുണ്ടായ കോമോസ് ബസപകടം മുതൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങളുമെല്ലാം നടക്കുമ്പോഴും ഈ പ്രദേശത്തിന്റെ എംഎൽഎ കോൺഗ്രസുകാരായിരുന്നു. സംസ്ഥാനം എൽഡിഎഫ് ഭരിക്കുകയും എംഎൽഎ, സിപിഐ എമ്മിന്റേതും ആയ സാഹചര്യത്തിൽ നാട്ടുകാർ നടത്തിയ സമരത്തിന് വാർഡ് കൗൺസിലർ നേതൃത്വം കൊടുത്തത് എന്തോ മഹാപരാധമാണെന്നാണ് ഈ ഡിസിസി സെക്രട്ടറിയുടെ കണ്ടുപിടിത്തം.
വീണാ ജോർജ്, എംഎൽഎ ആയശേഷം കുമ്പഴ‐ മലയാലപ്പുഴ റോസ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാർ ചെയ്യുന്നതിന് സംസ്ഥാന ബജറ്റിൽ പണം ഉൾപ്പെടുത്തിയിട്ടുണ്ട്. അതിന്റെ നടപടികൾ ആരംഭിച്ചു. വളവുങ്കലിലെ അപകടാവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നടത്തിയ റോഡ് ഉപരോധത്തെ തുടർന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിക്കുകയും താൽക്കാലികമായി ബാരിക്കേഡ് സ്ഥാപിക്കുകയും ചെയ്തു. വളവുങ്കൽ മാത്രമല്ല, കളീക്കൽപ്പടി മുതൽ മലയാലപ്പുഴ വരെ അപകട സാധ്യതയുള്ള എല്ലായിടത്തും ക്രാഷ് ബാരിയർ സ്ഥാപിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്നും ഉറപ്പു നൽകി. 
ആരോപണം ഉന്നയിക്കുന്നവർ വീണാ ജോർജ് എംഎൽഎ മണ്ഡലത്തിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ കണ്ട് അന്തം വിട്ടിരിക്കുകയാണ്.
നാടിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ യോജിച്ചു നിൽക്കുന്നതിനു പകരം എന്തെങ്കിലും ചെയ്യാൻ തയ്യാറാകുന്നവരെ പരിഹസിക്കുന്ന പ്രസ്താവന പിൻവലിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top