16 August Thursday

നാലുവയസുകാരിക്ക് പീഡനം; 10 വർഷം കഠിനതടവും പിഴയും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018

 പത്തനംതിട്ട > നാലുവയസുകാരിയെ പീഡിപ്പിച്ച കേസിൽ ബന്ധുവും അയൽവാസിയുമായ 50 വയസുകാരന് പത്തുവർഷം കഠിനതടവും പിഴയും കോടതി വിധിച്ചു. പിതാവ് ഉപേക്ഷിച്ചതിനെ തുടർന്ന് അനാഥയായ പെൺകുഞ്ഞ് ബന്ധുവീട്ടിൽ താമസിക്കവെ മറ്റൊരു ബന്ധുവായ അരുവാപ്പുലം കൊക്കാത്തോട് കാട്ടാത്തിപ്പാറ ഗിരിജൻകോളനിയിൽ കുമാരൻ പീഡിപ്പിക്കുകയായിരുന്നു.  

പത്തനംതിട്ട പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി എൻ ഹരികുമാറാണ് പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയപ്രകാരവും പത്ത് വർഷം വീതം കഠിന തടവും 25,000  രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.  പിഴ തുക പെൺകുട്ടിയുടെ കുടുംബത്തിന് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. പിഴ ഒടുക്കാത്തപക്ഷം ആറ് മാസം കൂടി അധിക ശിക്ഷ അനുഭവിക്കണം. 
    2016 ൽ ആണ് കേസിനാസ്പദമായ സംഭവം. കോന്നി പൊലീസ് ഇൻസ്പെക്ടർ ആർ ജോസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.  പെൺകുഞ്ഞിന്റെ പുനരധിവാസത്തിനും മറ്റുമായി പോക്സോ ചട്ടത്തിലെ ഏഴാം വകുപ്പ്  പ്രകാരം മതിയായ നഷ്ടപരിഹാരം നൽകുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി എ ഹൻസലാഹ് മുഹമ്മദ് ഹാജരായി.
പ്രധാന വാർത്തകൾ
Top