18 October Thursday

തിരുവാഭരണയാത്രയ്ക്ക് വഴിത്താരകളില്‍ വരവേല്‍പ്പിന്റെ ശരണം വിളികള്‍....

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018

 പന്തളം > പന്തളത്തുനിന്ന് വെളളിയാഴ്ച പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രയ്ക്ക് പരമ്പരാഗത പാതയിലുളള നാട്ടിന്‍പുറങ്ങളിലും ക്ഷേത്രങ്ങളിലും ദര്‍ശന കേന്ദ്രങ്ങളിലും വമ്പിച്ച വരവേല്‍പ്പ്. വഴിത്താരകളില്‍ തിരുവാഭരണയാത്ര ദര്‍ശിക്കാന്‍ ശരണം വിളികളില്‍ നിറഞ്ഞ് ജനസഞ്ചയം ഒഴുകിയെത്തി. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ അഭൂതപൂര്‍വമായ തീര്‍ഥാടക പ്രവാഹമുണ്ടായപ്പോള്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ അടക്കം എങ്ങും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. തീര്‍ഥാടകരുടെ പ്രവാഹത്തില്‍ മുങ്ങി തിരുവാഭരണ പേടകങ്ങള്‍ ഒഴുകി നീങ്ങുന്ന കാഴ്ചയായിരുന്നു. 

  മുന്നില്‍ തിരുവാഭരണപ്പെട്ടിയും പിന്നാലെ കൊടിപ്പെട്ടിയും, കലശപ്പെട്ടിയും നീങ്ങി. പന്തളം മണികണ്ഠന്‍ ആല്‍ത്തറയിലും വലിയകോയിക്കല്‍ ക്ഷേത്രാങ്കണത്തിലും ജനപ്രതിനിധികളും, ദേവസ്വം ഭാരവാഹികളും വിവിധ മേഖലകളില്‍ നിന്നുമുളള പ്രമുഖരും അടങ്ങുന്ന വന്‍ജനാവലി യാത്രാസംഘത്തെ സ്വീകരിക്കാനെത്തി. പന്തളം രാജാവ് രേവതിനാള്‍ പി രാമവര്‍മരാജയുടെ സാന്നിധ്യത്തില്‍ പ്രത്യേകപൂജകള്‍ക്കും പതിവ് ചടങ്ങുകള്‍ക്കും ശേഷം വാദ്യമേളങ്ങളുടെയും ശരണംവിളികളുടെയും അകമ്പടിയോടെ രാജപ്രതിനിധി രാജരാജവര്‍മ മുന്നില്‍നിന്ന് നയിച്ച ഘോഷയാത്ര പകല്‍ ഒന്നിനുതന്നെ ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ടു.
പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ തിരുവാഭരണ മാളികയിലെ സ്ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങള്‍ വെളളിയാഴ്ച വെളുപ്പിന് 4ന്  പുറത്തെടുത്ത്  ക്ഷേത്രത്തിലെത്തിച്ചു. അഞ്ചുമുതല്‍ തിരുവാഭരണങ്ങള്‍ പ്രത്യേത തട്ടത്തില്‍  തുറന്നുവെച്ച് ദര്‍ശനം അനുവദിച്ചു. തുടര്‍ന്ന് മേല്‍ശാന്തി  ദീപം തെളിച്ചു. തിരുവാഭരണ പേടകവാഹകരെയും, പല്ലക്ക് സംഘത്തെയും രാജാവ് അനുഗ്രഹിച്ചു.  തുടര്‍ന്ന് യാത്രക്കായുളള പ്രത്യേക പൂജകള്‍ ആരംഭിച്ചു. 11.45ന് പന്തളം രാജാവ് രേവതിനാള്‍ പി  രാമവര്‍മരാജയേയും രാജപ്രതിനിധി തൃക്കേട്ടനാള്‍ രാജരാജവര്‍മയേയും ദേവസ്വം ബാര്‍ഡ് പ്സിഡന്റ് എ പത്മകുമാര്‍, മെമ്പര്‍മാരായ കെ രാഘവന്‍, കെ പി ശങ്കരദാസ്, കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി ജി ശശികുമാര്‍ വര്‍മ, ക്ഷേത്രോപദേശകസമിതി ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. 12.25ന്  രാജാവ് ഉടവാളേറ്റുവാങ്ങി. തുടര്‍ന്ന് ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷം കൊട്ടാരം നിര്‍വാഹകസംഘത്തില്‍നിന്ന് ദേവസ്വംബോര്‍ഡ് അധികൃതര്‍ തിരുവാഭരണങ്ങളുടെ ലിസ്റ്റും തിരുവാഭരണങ്ങളും ഏറ്റ് വാങ്ങി. 12.35ന് രാജപ്രതിനിധി രാജാവില്‍നിന്ന് ഉടവാളേറ്റുവാങ്ങി യാത്രയ്ക്ക് തയാറെടുത്തു. 12.45ന് തിരുവാഭരണ വാഹകസംഘം പന്തളം രാജാവില്‍നിന്ന് യാത്രക്കുളള അനുമതിതേടി.  12.50ന് തിരുവാഭരണ വാഹകസംഘ ത്തിലെ ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിളള തിരുവാഭരണപെട്ടിയും, കിഴക്കേത്തോട്ടത്തില്‍ പ്രതാപചന്ദ്രന്‍നായര്‍ കൊടിപ്പെട്ടിയും, മരുതവന ശിവന്‍പിളള കലശപെട്ടിയും ശിരസിലേറ്റി. 12.55ന് രാജപ്രതിനിധി ഉടവാളുമായി ഘോഷയാത്രയ്ക്ക് മുമ്പില്‍ പുറപ്പെട്ടു. ഒന്നിന് ശരണം വിളികള്‍ ഉയര്‍ന്നപ്പോള്‍  ഘോഷയാത്ര ആരംഭിച്ചു. 
   അയ്യപ്പക്ഷേത്രം മുതല്‍ മണികണ്ഠന്‍ ആല്‍ത്തറ വരെയുളള രാജവീഥിയില്‍ പന്തളം നഗരസഭ, അയ്യപ്പസേവാസംഘം, ക്ഷേത്ര ഉപദേശകസമിതികള്‍ തുടങ്ങിയവയുടെ സ്വീകരണം നടന്നു. മണികണ്ഠന്‍ ആല്‍ത്തറ മുതല്‍ എംസി റോഡില്‍ കൂടെ തിരുവാഭരണയാത്ര മഹാപ്രവാഹമായി ഒഴുകി. കുളനട കൈപ്പുഴ കൊട്ടാരത്തിലെത്തി  മകം നാള്‍ തന്വിംഗി തമ്പുരാട്ടിയില്‍നിന്ന് രാജപ്രതിനിധി അനുഗ്രഹം വാങ്ങി യാത്ര തുടര്‍ന്നു. ഘോഷയാത്ര കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലൂടെ കുളനട ദേവിക്ഷേത്രത്തിലേക്കും തുടര്‍ന്ന് ഉള്ളന്നൂര്‍ ദേവിക്ഷേത്രം, കുറിയാനിപ്പള്ളി ക്ഷേത്രം എന്നിവിടങ്ങളിലെത്തിയപ്പോള്‍ തിരുവാഭരണങ്ങള്‍ ദര്‍ശനത്തിനായി തുറന്നു. 
   പിന്നീട് കിടങ്ങന്നൂര്‍വഴി, ആറന്മുള ക്ഷേത്രം വഴിപൊന്നുംതോട്ടത്തിലും തുടര്‍ന്ന് കോഴഞ്ചേരി പാമ്പാടിമണ്ണിലുമെത്തിച്ച് ദര്‍ശനത്തിന് തുറന്നു. ചെറുകോല്‍പ്പുഴ വഴി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെത്തി ആദ്യ ദിവസത്തെ യാത്ര അവസാനിപ്പിച്ചു. രണ്ടാം ദിവസത്തെ യാത്ര പുതിയകാവ് ദേവിക്ഷേത്രത്തില്‍ നിന്ന് ശനിയാഴ്ച വെളുപ്പിന് രണ്ടിന് ആരംഭിച്ച് റാന്നി, പെരുനാട് വഴി ളാഹ സത്രത്തിലെത്തി വിശ്രമിക്കും. മൂന്നാം ദിവസം ളാഹയില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര നിലയ്ക്കല്‍, അട്ടത്തോട്, പാണ്ടിത്താവളം വഴി ശരംകുത്തിയിലെത്തും. 
 
   അവിടെനിന്ന് ദേവസ്വം ബോര്‍ഡ് ഭാരവാഹികളും അയ്യപ്പസേവാസംഘവും ചേര്‍ന്ന് ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തിലെത്തിക്കും. തുടര്‍ന്ന് ശ്രീകോവിലിലേക്ക് എടുക്കുന്ന പെട്ടിയില്‍നിന്ന് തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയാണ് മകരവിളക്ക് ദിവസമായ ഞായറാഴ്ച ദീപാരാധന നടക്കുന്നത്. 
  ലയണ്‍സ്ക്ളബ്ബ്, റോട്ടറിക്ളബ്ബ്, ജെസിഐ തുടങ്ങി നിരവധി ക്ളബ്ബുകളും സംഘടനകളും സ്ഥാപനങ്ങളും തീര്‍ഥാടകര്‍ക്ക് വഴിയരുകില്‍ കുടിവെളളം നല്‍കി. ജില്ലാ പൊലീസ് ചീഫ് സതീഷ് ബിനോയുടെ നേതൃത്വത്തില്‍ പൊലീസ് പ്രത്യേക സുരക്ഷാ സംവിധാനങ്ങളും ഘോഷയാത്ര കടന്നുപോകുന്നതിനാല്‍ എംസി റോഡില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. പത്തനംതിട്ട എആര്‍ ക്യാമ്പിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് വി ഡി ശശിധരന്‍നായരുടെ നേതൃത്വത്തിലുളള സായുധപൊലീസ് സംഘത്തിനാണ് തിരുവാഭരണങ്ങളുടെ സുരക്ഷാ ചുമതല. 
   തിരുവാഭരണ ഘോഷയാത്രാ ചടങ്ങില്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍  മെമ്പര്‍മാരായ കെ രാഘവന്‍, കെ പി ശങ്കരദാസ്, കലക്ടര്‍ ആര്‍ ഗിരിജ, പന്തളം നഗരസഭാ അധ്യക്ഷ ടി കെ സതി,  സിനിമാ നടന്മാരായ ബാല, മനോജ് കെ ജയന്‍, സംവിധായകന്‍ മേജര്‍ രവി, മുന്‍ ഫുട്ബോള്‍താരം ഐ എം വിജയന്‍, കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി ജി ശശികുമാര്‍വര്‍മ,  സെക്രട്ടറി എ നാരായണവര്‍മ, എന്‍എസ്എസ് ഡയറക്ടര്‍ബോര്‍ഡ് അംഗം പന്തളം ശിവന്‍കുട്ടി, എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് ഡോ. എ വി ആനന്ദരാജ്, ദേവസ്വം എഒ സുധീഷ്കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top