Top
20
Monday, November 2017
About UsE-Paper

ശാസ്ത്രകൌതുകം ഇവിടെ മിഴിതുറന്നു

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌

 കൊടുമണ്‍ > ശാസ്ത്രകൌതുകം മിഴിതുറന്ന അക്ഷരമുറ്റം ജില്ലാതല യുപി മല്‍സര കാഴ്ചക്കാര്‍ക്കും കാണികള്‍ക്കും നവ്യാനുഭവമായി. പരന്ന വായനയും ചിട്ടയായ പഠനവുംകൊണ്ട് ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം പറയുന്ന കുട്ടികള്‍ ചോദ്യകര്‍ത്താവിനെപ്പോലും അത്ഭുതപ്പെടുത്തി. കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി രാജന്‍ ഡി ബോസിന്റെ നേതൃത്വത്തില്‍ എല്‍സിഡി പ്രൊജക്ടറിന്റെ സഹായത്തോടെയാണ് യുപി മല്‍സരം നടത്തിയത്. 

മല്‍സരത്തിനൊരു ഉദ്ഘാടനം വേണ്ടേ എന്നതായിരുന്നു ആദ്യ ചോദ്യം. മല്‍സരാര്‍ഥികളായെത്തിയ 44 കുട്ടികളും വേണമെന്നായി മറുപടി. നിങ്ങളാരെങ്കിലും ഉദ്ഘാടനം ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ കുട്ടികള്‍ക്ക് മടി. ഒടുവില്‍ പുല്ലാട് സബ്ജില്ലയിലെ കോഴിമല സെന്റ് മേരീസ് യുപിഎസിലെ അതുല്‍ദേവ് ഉദ്ഘാടകനായെത്തി. നിലവിളക്കില്‍ തിരിവച്ചിരുന്നു. എണ്ണ ഒഴിക്കാനായി ഉദ്ഘാടകന്റെ കൈയില്‍തന്നെ കുപ്പിയിലുള്ള എണ്ണ നല്‍കി. എണ്ണ ഒഴിച്ചതും ചെറു പൊട്ടിത്തെറിയോടെ തിരി കത്തി. ഉദ്ഘാടകനും കുട്ടികളും നിശ്ചലമായി നില്‍ക്കേ രാജന്‍ ബോസ് സാര്‍ തന്നെ കാരണം പറഞ്ഞു. തുണിയില്‍ പൊതിഞ്ഞുവച്ച പൊട്ടാസ്യം പെര്‍മാംഗനേറ്റിലേക്ക് ഗ്ളിസറിന്‍ ഒഴിച്ചതുകൊണ്ടാണ് ആ രാസപ്രവര്‍ത്തനം നടന്നതെന്ന് വ്യക്തമാക്കി. പണ്ട് ശാസ്ത്രത്തിലെ അജ്ഞതമൂലം മന്ത്രവാദികളും മറ്റും നാട്ടുകാരെ പറ്റിക്കാന്‍ പറ്റിച്ചിരുന്നത് ഇങ്ങനെയാണെന്ന സൂചന കുട്ടികള്‍ക്ക് ലഭിച്ചു. 
കെഎസ്ടിഎ ഭാരവാഹികളാായ കെ രവീന്ദ്രന്‍, എന്‍ ഡി വല്‍സല, പി ജി അനീഷ്, വി ആര്‍ രാജലക്ഷ്മി, ശ്രീലത, ദയരാജ്, പി സുരാജ് എന്നീ അധ്യാപകരാണ് യു പി വിഭാഗം മല്‍സരത്തിന്റെ നടത്തിപ്പുകാരായത്. 
അടൂര്‍ സബ് ജില്ലയില്‍ നിന്നുള്ള ചൂരക്കോട് എന്‍എസ്എസ് എച്ച്എസ്എസിലെ അഞ്ചാം ക്ളാസ് വിദ്യാര്‍ഥിനി ദേവിക ജി ഓമനക്കുട്ടന്‍, തെങ്ങമം യുപിഎസിലെ ആര്‍ രജിത് എന്നിവരുടെ ടീം ഒന്നാം സ്ഥാനവും കോന്നി സബ് ജില്ലയിലെ കലഞ്ഞൂര്‍ ഗവ. എച്ച്എസ്എസിലെ ആറാം ക്ളാസ് വിദ്യാര്‍ഥിനി എസ് കൃഷ്ണേന്ദു, കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ് മൌണ്ട് എച്ച്എസ്എസിലെ 6-ാം ക്ളാസ് വിദ്യാര്‍ഥിനി അര്‍ദ്ര എന്നിവരുടെ ടീം രണ്ടാം സ്ഥാനവും നേടി.