19 September Wednesday
സീതത്തോട്ടിൽ ആർഎസ്എസ് ആക്രമണം

ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിക്ക് ക്രൂര മർദനം

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018

 ചിറ്റാർ 

സീതത്തോട്ടിൽ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി മോനിഷ് ഏബ്രഹാമിനെ ആർഎസ്എസ് സംഘം ക്രൂരമായി മർദിച്ച് അവശനാക്കി. ശനിയാഴ്ച വൈകിട്ട് സീതത്തോട്ടിലായിരുന്നു സംഭവം. മുൻകൂട്ടി തയാറാക്കിയ പദ്ധതിയനുസരിച്ച് സംഘം ചേർന്നുനിന്ന ആർഎസ്എസ് ക്രിമിനലുകൾ മോനിഷ് സഞ്ചരിച്ച ബൈക്ക് തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു. സംഭവ സമയം  ഇതുവഴി വന്ന ടാക്സി ഡ്രൈവർ മോനിഷിനെ രക്ഷപ്പെടുത്തി തൊട്ടടുത്ത കടയ്ക്കുള്ളിലാക്കി ഷട്ടർ അടച്ചു
 
മർദനത്തിൽ പരിക്കേറ്റ മോനിഷ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. വിവരം അറിഞ്ഞ് സിപിഐ എം നേതാക്കളും ഡിവൈഎഫ്ഐ പ്രവർത്തകരും എത്തിയപ്പോഴേക്കും അക്രമികൾ പിൻവലിഞ്ഞിരുന്നു. വെള്ളിയാഴ്ച രാത്രിയിൽ കൊച്ചുകോയിക്കൽ പ്രവർത്തിക്കുന്ന അക്ഷയ ക്ലബിൽ കടന്നു കയറിയ ആർഎസ്എസ് പ്രവർത്തകർ ക്ലബിനുള്ളിലുണ്ടായിരുന്ന കസേരകളും കാരംസ് ബോർഡും പുസ്തകങ്ങളും നശിപ്പിച്ചു. ഇതിനെ ചോദ്യം ചെയ്തതിനാണ് മോനിഷിനെ ആർഎസ്എസുകാർ അക്രമിച്ചത്.
വെള്ളിയാഴ്ച രാത്രി 8.45ന് കെഎൽ 62 ബി 4875‐ാം നമ്പർ ഓട്ടോറിക്ഷയിൽ എത്തിയ അളകനന്ദ ഓട്ടോ ഡ്രൈവർ ഗിരീഷ്, വിജയവിലാസം ഹരികൃഷ്ണൻ, നെടിയാനകുഴിയിൽ അനിൽ, മണികണ്ഠൻകാലാ സ്വദേശി സോമന്റെ മകൻ സുമേഷ് എന്നിവർ ചേർന്നാണ് ക്ലബ്ബിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവം അറിഞ്ഞെത്തിയ ക്ലബ്ബ് അംഗം സി വി രാഹുലിന്റെ ഒരു പവൻ മാലയും ഓണാഘോഷത്തിന് വീടുകയറി ക്ലബ്ബ് അംഗങ്ങൾ പിരിച്ചെടുത്ത 12,340 രൂപയും അക്രമികൾ അപഹരിച്ചു. ഇതിനെതിരെ ക്ലബ്ബ് ഭാരവാഹികൾ ചിറ്റാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
 മോനിഷിനെ മർദിച്ചതിൽ പ്രതിഷേധിച്ച് സീതത്തോട്ടിൽ സിപിഐ എം നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരേ ആർഎസ്എസ് ശാഖ കേന്ദ്രത്തിനു സമീപത്തുനിന്ന് കല്ലെറിഞ്ഞത് വീണ്ടും സംഘർഷത്തിനിടയാക്കി. പ്രകടനത്തിനു ശേഷം നടന്ന പ്രതിഷേധ യോഗത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ യു ജനീഷ് കുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി ആർ പ്രമോദ്, ടി എ നിവാസ്, ജോബി ടി ഈശോ എന്നിവർ സംസാരിച്ചു.   
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top