20 April Friday
ശബരിമല സുഖദര്‍ശനം

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ പരിസ്ഥിതി മാനേജ്മെന്റ് കമ്മിറ്റി വേണം

വെബ് ഡെസ്‌ക്‌Updated: Saturday Nov 11, 2017

 പത്തനംതിട്ട > ശബരിമലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍പരിശോധിക്കാന്‍ ഒരു പരിസ്ഥിതി മാനേജ്മെന്റ് കമ്മിറ്റി രൂപവല്‍ക്കരിക്കണമെന്ന് പമ്പാ പരിരക്ഷണസമിതി ജനറല്‍ സെക്രട്ടറി എന്‍ കെ സുകുമാരന്‍ നായര്‍ പറഞ്ഞു. പ്രസ്ക്ളബ്ബിന്റെ ശബരിമല സുഖദര്‍ശനം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

     ഇതില്‍ ദേവസ്വം, വനം വകുപ്പ് പ്രതിനിധികള്‍, പരിസ്ഥിതിശാസ്ത്രജ്ഞര്‍ എന്നിവരുണ്ടാകണം. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഇവരുടെ അംഗീകാരം നേടണം. ശബരിമലയില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ നിര്‍മാണം പ്രദേശത്തിന് ദോഷം ചെയ്യും. വളരെ ദുര്‍ബലമായ ഭ്രംശമേഖലയിലാണ് ശബരിമലയുള്ളത്. തീര്‍ഥാടകര്‍ക്ക് വേണ്ട കൂടുതല്‍ സൌകര്യം ഒരുക്കേണ്ടത് നിലയ്ക്കലാണ്. അതിനാണ് 250 ഏക്കര്‍ സ്ഥലം അവിടെ അനുവദിച്ചത്. അവിടെ വെറും വാഹനപാര്‍ക്കിങ് മാത്രമായി ചുരുക്കി.  നിലയ്ക്കല്‍ അയ്യപ്പന്‍മാരുടെ പ്രധാന ഇടത്താവളമായി വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. 
     പമ്പയുടെ മലിനീകരണം തടയാന്‍ വേണ്ടത് ചെയ്യണം. കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമത്തില്‍ അധികമാവുന്നു എന്നാണ് മലിനീകരണ നിയന്ത്രണബോര്‍ഡ് പഠനങ്ങളിലും കണ്ടത്. പലപ്പോഴും നദീജലം ഉപയോഗിക്കാനാകാത്ത സ്ഥിതിയിലാണ്. ശബരിമലയിലും പമ്പയിലും മാലിന്യത്തില്‍നിന്ന് ബയോഗ്യാസ് ഉണ്ടാക്കാനുള്ള പ്രവൃത്തിയാണ് വേണ്ടത്. ഇത്രയേറെ മാലിന്യം സംസ്കരിക്കുക എന്ന പ്രയാസത്തില്‍നിന്ന് രക്ഷനേടാനുമാകുമെന്ന് സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. വിലയേറിയ പാചകവാതക ഇന്ധനമാണ് കിട്ടുക. മാലിന്യത്തില്‍നിന്ന് വൈദ്യുതി ഉണ്ടാക്കാനും കഴിയും. ജൈവമാലിന്യം വളമായി മാറ്റാനും പദ്ധതിയുണ്ടാകണം. ഇടത്താവളങ്ങളില്‍ പഞ്ചായത്തുകള്‍ക്ക് ലഭിച്ച തുക ഉപയോഗിച്ച് മാലിന്യ സംസ്കരണ പദ്ധതികള്‍ നടപ്പാക്കണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. ഏബ്രഹാം തടിയൂര്‍ അധ്യക്ഷനായി.
 
 
പ്രധാന വാർത്തകൾ
Top