Top
24
Friday, November 2017
About UsE-Paper

ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ തൊഴിലാളി സ്ത്രീക്ക് ക്രൂര മര്‍ദനം

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

 കോഴഞ്ചേരി > ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ തൊഴിലാളി സ്ത്രീക്ക് ക്രൂര മര്‍ദനം. ഗുരുതരമായി പരിക്കേറ്റ രാമന്‍ചിറ ആഞ്ഞിലിവിളയില്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന രാജുവിന്റെ ഭാര്യ കുഞ്ഞുമോള്‍(38) നെ കോഴഞ്ചേരിയിലുള്ള സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.30ന് ഇവര്‍ വൃദ്ധയെ ശുശ്രൂഷിക്കാന്‍ നിന്ന ഇലവുതിട്ട കയ്യന്തടം ആഞ്ഞിലിവിളയില്‍ ജോസിന്റെ ഭവനത്തില്‍ വച്ചായിരുന്നു മര്‍ദനം. വീട്ടുടമയുടെ ജേഷ്ഠനും ജേഷ്ഠത്തിയും നോക്കിനില്‍ക്കേ അവരുടെ മകളാണ് ആക്രമണം നടത്തിയത്. ഹൃദയ ശസ്ത്രക്രിയക്ക് വിധേയായ സ്ത്രീയാണെന്നും ഒന്നും ചെയ്യരുതെന്ന് തൊട്ടടുത്ത താമസക്കാരായ കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടിട്ടും യുവതി അക്രമണം നടത്തുകയായിരുന്നു.

 

3 വര്‍ഷം മുന്‍പ് തിരുവനന്തപുരം ശ്രീചിത്തിരയില്‍ കുഞ്ഞുമോള്‍ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയയായി. കാര്‍ഷിക മേഖലയിലും തൊഴിലെടുത്ത് ജീവിച്ചിരുന്ന ഈ യുവതി ശസ്ത്രക്രിയയെ തുടര്‍ന്ന് കാര്‍ഷിക മേഖലയില്‍ ജോലിക്ക് പോകാന്‍ കഴിയാതെയായി. ഒന്നര വര്‍ഷം മുന്‍പാണ് പ്രവാസിയായ ആഞ്ഞിലിവിളയില്‍ ജോസിന്റെ 91 വയസുള്ള അമ്മയെ പരിചരിക്കാനുള്ള ജോലി ഏറ്റെടുത്തത്. ഇവരുടെ രാമന്‍ചിറയിലുള്ള വീട്ടില്‍ കുഞ്ഞുമോളും ഭര്‍ത്താവും മക്കളും വാടകയ്ക്കു താമസിക്കുകയും ഇലവുംതിട്ട കയ്യന്തടം പെട്രോള്‍ പമ്പിന്  സമീപമുള്ള ജോസിന്റെ പുതിയ വീട്ടില്‍ താമസിക്കുന്ന അമ്മയെ ശുശ്രൂഷിക്കുകയും ചെയ്തുവരികയായിരുന്നു. വീട്ടില്‍ വരുന്ന സഹോദരങ്ങളും ബന്ധുക്കളും ഉള്‍പ്പടെയുള്ള ആരെയും തന്റെ അനുവാദമില്ലാതെ പ്രവേശിപ്പിക്കരുതെന്നുള്ള നിര്‍ദ്ദേശം വീട്ടുടമ നല്‍കിയിരുന്നു. 
വ്യാഴാഴ്ച വൈകിട്ട് എത്തിയ ജോസിന്റെ സഹോദരനോടും കുടുംബത്തോടും ജോസ് പറഞ്ഞ നിര്‍ദ്ദേശം കുഞ്ഞുമോള്‍ പറയുകയും ജനലിലൂടെ അമ്മയെ കാണാന്‍ സൌകര്യം ക്രമീകരിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതയായ യുവതിയാണ് കുഞ്ഞുമോളെ അസഭ്യം പറയുകയും അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. മരണാസന്നയായി കിടന്ന കുഞ്ഞുമോളെ ഭര്‍ത്താവും ബന്ധുവുമെത്തിയാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. സ്ഥിതി ഗുരുതരമായതിനാല്‍ ജില്ലാ ആശുപത്രി അധികൃതര്‍ കോട്ടയംമെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയും ബന്ധുക്കള്‍ കോഴഞ്ചേരിയിലുള്ള സ്വകാര്യആശുപത്രിയിലെ അത്യാസന വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയാണുണ്ടായത്.
 
 

Related News

കൂടുതൽ വാർത്തകൾ »