24 October Wednesday

ബിജെപി യാത്രയിൽ ആളില്ല; നേതൃത്വത്തിന്‌ നാണക്കേടായി

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

 

പന്തളം

ബിജെപിയുടെ ശബരിമല സംരക്ഷണയാത്ര നാമജപഘോഷയാത്രയായി അടൂരിലെത്തിയത് ഏങ്ങിവലിഞ്ഞ്... 25000ൽ അധികം ആൾക്കാരെ പങ്കെടുപ്പിക്കുമെന്ന് പ്രഖ്യാപിച്ച് എൻഡിഎയുടെ നേതൃത്വത്തിൽ പന്തളത്തു നിന്ന് മാർച്ച് ആരംഭിച്ചത് തുടക്കത്തിൽ തന്നെ ചീറ്റി.  പുറപ്പെടാൻ തന്നെ താമസിച്ചത് സമയബന്ധിതമായി  ആളുകളുടെ പങ്കാളിത്തമില്ലാതെ വന്നതുകൊണ്ടാണ്. മാത്രമല്ല എൻഡിഎയുടെ നേതൃത്വത്തിലെന്ന് പ്രഖ്യാപിച്ചെങ്കിലും തുടക്കത്തിൽ ബിജെപിയുടെ മാത്രം മാർച്ചായി  മാറി. എൻഡിഎയുടെ ഘടകകക്ഷികളിൽ പലരും മാർച്ചിന് എത്തിയില്ല. മാത്രമല്ല മാർച്ച് ഉദ്ഘാടനം ചെയ്ത തുഷാർവെള്ളാപ്പള്ളി കേന്ദ്രസർക്കാരും  സംഭവത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടത്  ബിജെപിക്കാർക്ക് അത്രകണ്ട് സുഖിച്ചില്ല.  ജില്ലയിലെ മുഴുവൻ പ്രവർത്തകരും പങ്കെടുക്കുന്ന രീതിയിൽ പ്ലാൻ ചെയ്ത മാർച്ചിൽ ഏറ്റവും കുറഞ്ഞത് 10000പേർ പങ്കെടുക്കുമെന്ന പ്രതീക്ഷപോലും അസ്ഥാനത്തായതിന്റെ അങ്കലാപ്പിലായിരുന്നു ജില്ലാ പ്രസിഡന്റ് അശോകൻകുളനട അടക്കമുള്ള നേതാക്കൾ.ജില്ലാ അടിസ്ഥാനത്തിലുള്ള പരിപാടി ആയിരിക്കെ  4000ൽതാഴെ ആളിലേക്ക് മാർച്ച് ചുരുങ്ങിയപ്പോൾ റോഡ് നിറഞ്ഞ് ഒഴുകുമെന്ന് പ്രതീക്ഷിച്ച പോലീസിന് പോലും കണക്ക് കൂട്ടൽതെറ്റി. വാഹനഗതാഗതം തിരിച്ച് വിടേണ്ടിവരുമെന്ന് കരുതി പോലീസ് തുമ്പമൺ പള്ളിജംഗ്ഷനിൽ കൂടുതൽ സംഘത്തെ വിന്യസിച്ച് കാത്തിരുന്നത് മണ്ടത്തരമെന്ന് പോലീസിന്  പിന്നീട് തോന്നി. റോഡ് നിറഞ്ഞില്ലന്ന് മാത്രമല്ല റോഡിൽ നിരക്കുന്നതിന് പോലും തികയാതെ മാർച്ചിന്റെ പങ്കാളിത്തം ചുരുങ്ങിയപ്പോൾ തിരക്കുള്ള മാർച്ച് കാണാൻ കാത്തു നിന്നവർപോലും പൊഴിഞ്ഞ് പോയി. 

മാർച്ച് കുരമ്പാലെ വരെ എത്തിയപ്പോൾ ഏറെ ശുഷ്കിച്ചു. ഇവിടെ പുണ്യഭൂമി ഓഡിറ്റോറിയത്തിൽ 10000പേർക്ക് ഭക്ഷണം കരുതിയത് പാഴായിപ്പോകാതെ അവസാനം സംഘാടകർ അത് സംഘപരിവാറുകാരുടേയും ബിജെപി അനുഭാവികളുടേയും വീടുകളിൽ എത്തിച്ചു. അല്ലങ്കിൽ  കുഴിച്ച് മൂടേണ്ടി വന്നേനെ. പന്തളം മുതൽ അടൂർവരെയും നൂറനാട് മുതൽ കായംകുളം വരേയും കരുനാഗപ്പള്ളിമുതൽ കൊല്ലം വരേയുമാണ് മാർച്ച് പ്ലാൻ ചെയതിരുന്നത്. കുരമ്പാല മുതൽ അടൂർ എത്തുന്നതുവരെ മാർച്ച് 1000 തികയ്ക്കാൻപാടുപെട്ടു. കാണികളേപ്പോലും വലിച്ച് മാർച്ചിലേക്കിടേണ്ട ഗതികേടിലേക്ക് മാർച്ച് മാറിയതോടെ പരിപാടി തുടക്കത്തിൽ തന്നെ പാളിയെന്ന് സംഘാടകരിലെ ചിലരെങ്കിലും തുറന്ന് സമ്മതിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top