17 October Wednesday

ദുരിതപ്രളയം

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

കുരുമ്പൻമൂഴിയിൽ ഫയർഫോഴ്‌സ്‌ രോഗികളെ റബർ ഡിങ്കിയിൽ ആശുപത്രിയിൽ എത്തിക്കുന്നു

 കോഴഞ്ചേരി 
ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം കോഴഞ്ചേരി ഏരിയായിലെ ഡസൻകണക്കിന് വീടുകൾ പ്രളയഭീതിയിൽ. തോട്ടപ്പുഴശ്ശേരി, മല്ലപ്പുഴശ്ശേരി, ആറന്മുള പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ വീടുകളിലാണ് ഏതുനിമിഷവും വെള്ളംകയറുന്ന അവസ്ഥയിൽ എത്തിയിട്ടുള്ളത്. ദിവസങ്ങൾക്കു മുമ്പ് നടന്ന പ്രളയത്തെത്തുടർന്ന് എല്ലാമുപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിച്ച കുടുംബങ്ങൾ തിരിച്ച് വീടുകളിലെത്തി താമസം ആരംഭിച്ച തൊട്ടടുത്ത ദിവസങ്ങളിലാണ് വീണ്ടും ക്യാമ്പുകളിലെത്തേണ്ട ഗതികേട് സംജാതമായത്. 

സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടികജാതി ‐ പട്ടികവർഗ്ഗ കോളനിയായ എഴിക്കാട്, ആറന്മുള പഞ്ചായത്തിലെ നീർവിളാകം മലമോടി, ആറന്മുള തുരുത്തിമല, മിച്ചഭൂമി, കിടങ്ങന്നൂർ കുട്ടത്തോട് കടവിനു സമീപമുള്ള വീടുകൾ, നാൽക്കാലിക്കൽ പാലത്തിനോട് ചേർന്നുള്ള വീടുകൾ, കോഴഞ്ചേരി പാലത്തിന് സമീപമുള്ള വീടുകൾ, പാലയ്ക്കാട്ട് ചിറ, നെല്ലിയ്ക്കമൺ കോളനി, കുഴികാലാ പുന്നയ്ക്കാട് പ്രദേശങ്ങളിലെ താഴ്വാരങ്ങളിലെ വീടുകൾ എന്നിവയാണ് വീണ്ടും വെള്ളം കയറിത്തുടങ്ങിയത്. ഈ പ്രദേശങ്ങളിൽ കഴിഞ്ഞ പ്രളയത്തിന് 8 ദുരിതാശ്വാസ ക്യാമ്പുകളിലാണ് പ്രവർത്തിച്ചിരുന്നത്. ഈ ക്യാമ്പുകളിലേക്ക് വീണ്ടും എത്തേണ്ട ഗതികേടാണ് ഇപ്പോൾ സംജാതമായിട്ടുള്ളത്. 
പ്രധാന വാർത്തകൾ
Top