19 November Monday

ബലിതർപ്പണത്തിന് കർശന നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

 പത്തനംതിട്ട

ജില്ലയിൽ അതിശക്തമായ മഴയെത്തുടർന്ന് ആനത്തോട്, കൊച്ചുപമ്പ അണക്കെട്ടുകൾ തുറന്നിട്ടുള്ളതിനാലും നിലവിൽ അതിശക്തമായ മഴ തുടരുന്നതിനാലും ബലിതർപ്പണം നടത്തുന്ന പമ്പ മണപ്പുറം, ത്രിവേണി എന്നിവിടങ്ങൾ വെള്ളത്തിനടിയിലായതിനാൽ തീർഥാടകരുടെ സുരക്ഷ മുൻനിർത്തി ഇവിടങ്ങളിൽ ബലിതർപ്പണത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി  കലക്ടർ അറിയിച്ചു. 
ഡാമുകൾ തുറന്നിട്ടുള്ള സാഹചര്യത്തിൽ പമ്പയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ഒഴുക്ക് അതിശക്തമാവുകയും ചെയ്യും. ഈ സാഹചര്യത്തിൽ അപകടസാധ്യത ഏറെ ഉള്ളതിനാൽ ബലിതർപ്പണം നടത്തുന്നവർ ഏറെ ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ ആവശ്യമായ നിർദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകുന്നതിന് ബന്ധപ്പെട്ട വകുപ്പുകളും സംഘടനകളും ശ്രദ്ധിക്കണം. ബലിതർപ്പണം നടക്കുന്ന സ്ഥലങ്ങളിൽ ആവശ്യമായ സുരക്ഷാ വേലികൾ സജ്ജീകരിക്കുന്നതിന് ബന്ധപ്പെട്ടവർ പ്രത്യേകം ശ്രദ്ധിക്കണം.
ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് പമ്പാ നദിയിലൂടെ പള്ളിയോടങ്ങൾ തുഴഞ്ഞു വരുന്നത് അപകടകരമായതിനാൽ ഇക്കാര്യത്തിൽ പരമാവധി നിയന്ത്രണം പാലിക്കുന്നതിനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിനും പള്ളിയോട സേവാസംഘവും ബന്ധപ്പെട്ടവരും പ്രത്യേകം ശ്രദ്ധിക്കണം. മഴ തുടരുന്ന സാഹചര്യത്തിൽ ഇപ്പോൾ തുറന്നിട്ടുള്ള ഡാമുകളുടെ കൂടുതൽ ഷട്ടറുകൾ ഉയർത്തേണ്ടി വന്നേക്കാം. ഇത്തരത്തിലുള്ള സാഹചര്യമുണ്ടായാൽ ജലനിരപ്പ് വീണ്ടും ഉയരുമെന്നതിനാൽ വരും ദിവസങ്ങളിൽ പമ്പ നദിയുടെ തീരങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണം. കാലവർഷം ശക്തമായ സാഹചര്യത്തിൽ മറ്റ് നദികളിലും നീരൊഴുക്ക് ശക്തമായതിനാൽ ഇവയുടെ തീരങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തണം. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top