19 November Monday

ഡോ. എം എസ് സുനിലിന്റെ നൂറാമത്തെ വീടിന്റെ താക്കോൽ കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018
പത്തനംതിട്ട 
സാമൂഹ്യ പ്രവർത്തക ഡോ. എം എസ് സുനിൽ ഭവന രഹിതരായ പാവപ്പെട്ടവർക്ക് നൽകുന്ന നൂറാമത്തെയും നൂറ്റിഒന്നാമത്തെയും വീടുകളുടെ താക്കോൽദാനവും ഉദ്ഘാടനവും സാഹിത്യകാരൻ ബെന്ന്യാമിൻ നിർവഹിച്ചു. 
പൊങ്ങലടി കുറവൻചിറവിളയിൽ മേരിക്കും മകൻ ആറാം ക്ലാസ് വിദ്യാർഥി ജോയലിനുമാണ് നൂറാമത്തെ വീട് നൽകിയത്. രാഷ്ട്രപതിയുടെ നാരീശക്തി പുരസ്കാര തുകയായ ഒരുലക്ഷം രൂപയും സീറോ മലബാർ സൊസൈറ്റി ബഹറിന്റെ വർക്ക് ഓഫ് മേഴ്സി അവാർഡ് തുകയായ 65,000 രൂപയും ഹിന്ദു പത്രം നൽകിയ വുമൺ അച്ചീവർ അവാർഡ് തുകയായ 25,000 രൂപയും ബാക്കി സ്വന്തം കൈയ്യിൽ നിന്ന് മുടക്കിയും മൊത്തം 2,65,000 രൂപ ചെലവഴിച്ചാണ് വീട് നിർമിച്ചതര്. ഭർത്താവുപേക്ഷിച്ച് മകനൊപ്പം ഒറ്റമുറി ഷെഡിൽ കഴിയുകയായിരുന്നു മേരി.
നൂറ്റിഒന്നാമത്തെ വീട് പൊങ്ങലടി കുറവഞ്ചിറ കുഞ്ഞുമോൾ, സുനിൽ, രണ്ട് പെൺകുട്ടികൾ എന്നിവരടങ്ങിയ കുടുംബത്തിനാണ് വീട് കൈമാറിയത്. ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് ഷെഡിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്. ബഹ്റനിൽ ജോലിയുള്ള ഷൈജു വർഗീസാണ് വീടിന് സഹായം നൽകിയത്. രണ്ട് മുറികളും ഹാളും സിറ്റൗട്ടും അടുക്കളയും ശുചിമുറിയും അടങ്ങിയതാണ് വീട്. ചടങ്ങിൽ ഡോ. എം എസ് സുനിൽ, എ ജി രാജേഷ്, ബ്ലോക്ക് മെമ്പർ രേഖാ അനിൽ, വാർഡ് മെമ്പർ കൃഷ്ണകുമാർ, കെ പി ജയലാൽ, സന്തോഷ് എം സാം, പ്രിൻസ്, സുനിൽ തോമസ്, പി പ്രവീൺ, അഖിൽ അലക്സ്, ആർ രാകേഷ്, അനിത രാജൻ, ആനി, ഷൈജു വർഗീസ് എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
Top