21 November Wednesday
സ്ത്രീത്വത്തെ അപമാനിക്കുന്ന പോസ്റ്റ്

വീണാ ജോർജിനെതിരെ'സൈബർ ആക്രമണം'

വെബ് ഡെസ്‌ക്‌Updated: Monday Jun 11, 2018
പത്തനംതിട്ട
സ്വകാര്യ ബസ് സ്റ്റാൻഡുമായി ബന്ധപെട്ട ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതിപ്പെട്ടത് പോസ്റ്റ് മതസ്പർദ്ധ വളർത്തുന്നതും, സ്ത്രീ എന്ന നിലയിൽ അപമാനിക്കുന്നതും, അപകീർത്തിപ്പെടുത്തുന്നതുമായതിനാലാണെന്ന് വീണാ ജോർജ് എംഎൽഎ. കഴിഞ്ഞ ദിവസമാണ് 'ബിജെപി ഇലന്തൂർ' എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് എംഎൽഎയെ അധിക്ഷേപിച്ച് പോസ്റ്റിട്ടത്. പത്തനംതിട്ട മുനിസിപ്പൽ ബസ്സ്റ്റാന്റിന്റെ ശോചനീയാവസ്ഥയുമായി ബന്ധപെട്ട പോസ്റ്റിൽ എംഎൽഎയ്ക്കെതിരെ മതസ്പർദ്ധ വളർത്തുന്ന പരാമർശവും ഉണ്ടായിരുന്നു. ഇതിനെതിരെ എംഎൽഎയുടെ  പരാതിയിൽ ഇലന്തൂർ സ്വദേശി സൂരജിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. 
ഐപിസി 153 വകുപ്പ് പ്രകാരം  മതസ്പർധയും മതവിദ്വേഷവും വളർത്താൻ ശ്രമിച്ചതിനെതിരെയാണ് കേസെടുത്തത്. എന്നാൽ ഇതിന് ശേഷം എംഎൽഎയ്ക്കെതിരെ വ്യാപകമായി സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപം തുടർന്നു. ഈ സാഹചര്യത്തിലാണ് എംഎൽഎയുടെ ഫേസ്ബുക്കിലൂടെയുള്ള വിശദീകരണം. പോസ്റ്റുമായി ബന്ധപെട്ട തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ ചിലർ ബോധപൂർവം പ്രചരിപ്പിക്കുന്നതായും വീണാ ജോർജ് എംഎൽഎ പറഞ്ഞു. 
തനിക്ക് ഒരു ബന്ധവും ഇല്ലാത്ത സ്വകാര്യ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെടുത്തി അപകീർത്തിപ്പെടുത്താനുള്ള ശ്രമം തെരഞ്ഞെടുപ്പ് കാലത്തുതന്നെ ചില മാധ്യമങ്ങൾ നടത്തിയിരുന്നു. ജനങ്ങൾ പുശ്ചിച്ചു തള്ളിയ ഈ അപവാദപ്രചാരണം വീണ്ടും തുടരാനാണ് ചിലർ ശ്രമിക്കുന്നത് എംഎൽഎ പറഞ്ഞു. പത്തനംതിട്ട മുൻസിപ്പൽ ബസ് സ്റ്റാൻഡ് മുനിസിപ്പാലിറ്റിയുടെ അധീനതയിലാണ്. അശാസ്ത്രീയമായി ചതുപ്പുനിലം മണ്ണിട്ട് നികത്തി ബസ് സ്റ്റാൻഡ് നിർമ്മിച്ചത് മുൻസിപ്പാലിറ്റിക്കു കോടികളുടെ ബാധ്യത ആണ് വരുത്തിവെച്ചിട്ടുള്ളത്. 
 
ബസ്സ്റ്റാൻഡ് നിർമാണത്തിലെ അപാകതയും, അഴിമതിയും, അശാസ്ത്രീയതയും, ജനങ്ങളുടെ ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി ഇടതുപക്ഷ ജനാധിപത്യമുന്നണി നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ട്. മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള ബസ് സ്റ്റാൻഡിൽ എംഎൽഎക്കു അറ്റകുറ്റപ്പണി നടത്താൻ കഴിയില്ല. മുൻസിപ്പൽ ഭരണം കോൺഗ്രസിന്റെ കൈയിലാണെന്നത് വള്ളംകളി നടത്തി അപവാദ പ്രചാരണം നടത്തിയവർക്ക് അറിയാത്തതുമല്ല. വികസന വിഷയങ്ങൾ ഉന്നയിക്കുന്നത് ജനങ്ങളുടെ അവകാശമാണ് ജനാധിപത്യബോധമുള്ള, മാധ്യമങ്ങളിലൂടെ ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ചിരുന്ന താൻ അതിനാൽ ജനങ്ങൾക്കൊപ്പമേ നിൽകുകയുള്ളൂ.
സ്ത്രീ എന്ന നിലയിൽ അപമാനിക്കാൻ ശ്രമിച്ചതിനും മതവിദ്വേഷം പടർത്താൻ ശ്രമിച്ചതിനുമാണ് പരാതിപ്പെട്ടത് അല്ലാതെ  വികസന പ്രശ്നം ഉന്നയിച്ചതിനെതിരെയല്ല. സ്ത്രീകളെ സാമൂഹിക മാധ്യമങ്ങളിൽ കൂടി അവഹേളിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ എടുക്കണമെന്ന കേന്ദ്ര മന്ത്രി മനേകാ ഗാന്ധിയുടെ പ്രസ്താവനയും അപവാദ പ്രചാരണം നടത്തുന്നവർ ഓർക്കണം വീണാ ജോർജ് പറഞ്ഞു.
ഇത്തരം പോസ്റ്റുകൾക്കെതിരെ പൗരബോധമുള്ള ആളെന്ന നിലയിൽ നിശബ്ദയാകാൻ കഴിയില്ല. പൊതു പ്രവർത്തന രംഗത്തുള്ള സ്ത്രീകൾക്കുവേണ്ടി ഇത്തരം ഇടപെടലുകൾ നടത്തേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന്  കരുതുന്നതായും വീണാ ജോർജ് പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top