Top
24
Wednesday, January 2018
About UsE-Paper
പ്രകൃതിദുരന്തങ്ങള്‍

മാധ്യമങ്ങള്‍ ദുരിതാശ്വാസ ഏകോപനത്തെ സഹായിക്കണം

Sunday Dec 10, 2017
വെബ് ഡെസ്‌ക്‌

 

 
പത്തനംതിട്ട > പ്രകൃതിദുരന്ത വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ തെറ്റായ സന്ദേശങ്ങള്‍ നല്‍കരുതെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ റഡാര്‍ റിസര്‍ച്ച് സയന്റിസ്റ്റ് ഡോ. എം ജി മനോജ് പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ളബ് സംഘടിപ്പിച്ച ശില്‍പശാലയില്‍ 'കാലാവസ്ഥമാറ്റവും ദുരന്തനിവാരണവും മാധ്യമങ്ങളും' എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിദുരന്തം സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ക്ക് കൈമാറുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തെ സഹായിക്കുകയുമാണ് മാധ്യമങ്ങളുടെ കടമ. മുന്നറിയിപ്പ് നല്‍കുകയാണ് പ്രകൃതിദുരന്തങ്ങള്‍ക്ക് ഇരയാകുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള മാര്‍ഗം. ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിലൂടെ ഇത് സാധിക്കും.
ആഗഗാള താപനം കാലാവസ്ഥാ മാറ്റത്തിന് കാരണമാകും. പ്രകൃതിദുരന്തങ്ങളില്‍ 70 ശതമാനവും കാലാവസ്ഥയുമായി ബന്ധപ്പെട്ടവയാണ്. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, വരള്‍ച്ച, കടലാക്രമണം, കാട്ടുതീ, ഇടിമിന്നല്‍, ഭൂകമ്പം, ഉഷ്ണവാതം, സൂര്യാഘാതം, അള്‍ട്രാ വയലറ്റ് വികിരണം, മേഘസ്ഫോടനം, താപ സ്ഫോടനം തുടങ്ങിയവയാണ് കേരളത്തില്‍ ഭാവിയില്‍ ഉണ്ടാകാവുന്ന പ്രകൃതിദുരന്തങ്ങള്‍. ഇവ കൃഷിനാശം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവയ്ക്ക് വഴിതെളിക്കും. 
 
വനനശീകരണവും പ്ളാസ്റ്റിക്ക് കത്തിക്കുന്നതും ജനസംഖ്യാ വര്‍ധനയുടെ സമ്മര്‍ദവും മനുഷ്യന്റെ അതിരില്ലാത്ത ആവശ്യങ്ങളും അത്യാര്‍ത്തിയും പ്രകൃതിദുരന്തങ്ങളെ ക്ഷണിച്ചുവരുത്തും.  പ്രകൃതിദുരന്തം ഭക്ഷ്യസുരക്ഷ, ജല- ഊര്‍ജ ലഭ്യത, ആരോഗ്യം എന്നിവയെ ബാധിക്കും. ഇത് സമൂഹത്തില്‍ വിദ്യാഭ്യാസം, ലിംഗസമത്വം, ആരോഗ്യം എന്നീ മേഖലകളില്‍ പ്രശ്നങ്ങളുണ്ടാകും. രാജ്യത്ത് ആഭ്യന്തരകലഹവും അരാജകത്വവും സൃഷ്ടിക്കപ്പെടുകയായിരിക്കും ഫലം. 
എഡിഎം അനു എസ് നായര്‍ ശില്‍പശാല ഉദ്ഘാടനംചെയ്തു. ചുഴലിക്കാറ്റ് മുന്നറിയിപ്പ് സംവിധാനം ഇന്ത്യയില്‍ 1865ല്‍ തുടങ്ങിയതാണ്. മുന്‍പരിചയം ഏ ഉണ്ടായിട്ടും ഇപ്പോഴുണ്ടയ ദുരന്തം മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞില്ല. ഇത് കൈകാര്യംചെയ്യുന്നവര്‍ക്ക് അര്‍പ്പണബോധംകൂടി ഉണ്ടെങ്കിലേ നാടിന് പ്രയോജനമുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. 
പ്രസ്ക്ളബ് പ്രസിഡന്റ് ബോബി ഏബ്രഹാം അധ്യക്ഷനായി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയര്‍ അലക്സാണ്ടര്‍ ജോര്‍ജ്, പ്രൊഫ. മോന്‍സി വി ജോണ്‍ എന്നിവരും വിവിധ വിഷയങ്ങള്‍ അവരതിപ്പിച്ചു. മലയാളമനോരമ ചീഫ് സബ് എഡിറ്റര്‍ വര്‍ഗീസ് സി തോമസ് സ്വാഗതവും പ്രസ് ക്ളബ് സെക്രട്ടറി ബിജു കുര്യന്‍ നന്ദിയും പറഞ്ഞു. ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരെ അനുസ്മരിച്ചാണ് ശില്‍പശാല ആരംഭിച്ചത്.
 
 

Related News

കൂടുതൽ വാർത്തകൾ »