19 November Monday
ചിറ്റാറിലെ പൊലീസ് ക്രൂരത

വീട്ടമ്മയുടെ താടിയെല്ല് പൊട്ടി; മകന്റെ കൈപ്പത്തി ഒടിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

 ചിറ്റാർ 

പൊലീസ് മർദനത്തിൽ പരിക്കേറ്റ വീട്ടമ്മയുടെ താടിയെല്ലിനു പൊട്ടലും മകന്റെ കൈപ്പത്തിക്ക് ഒടിവും. ചിറ്റാർ ഓലിക്കൽ വീട്ടിൽ ഓമന, മകൻ അനിൽ രാജ് എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്. ചിറ്റാർ സ്റ്റേഷനിലെ രണ്ട് എസ് ഐമാരുടെ നേതൃത്വത്തിൽ നടന്ന ക്രൂരതയിൽ പരിക്കേറ്റാണ് അമ്മയും മകനും ആശുപത്രിയിൽ കഴിയുന്നത്. നിസാരസംഭവത്തിന്റെ പേരിലാണ് പൊലീസ് ഈ കുടുംബത്തോട് ക്രൂരത കാട്ടിയത്. ഓമനയുടെ മൂത്ത മകൻ അനിൽ രാജിനെ വീടുകയറി അറസ്റ്റ് ചെയ്ത് വലിച്ചിഴച്ച് മർദിച്ചത് തടയാൻ ശ്രമിച്ചതിനാണ് ഇവരുടെ താടിയെല്ല് അടിച്ചു പൊട്ടിച്ചത്.
ചൊവ്വാഴ്ച്ച നടന്ന വാഹനപണിമുടക്കിനോടനുബന്ധിച്ച് നടന്ന പ്രകടനത്തിൽ അനിൽ രാജ് പങ്കെടുത്തിരുന്നു. പ്രകടനം അലങ്കോലമാക്കാൻ ഈ സമയം വാഹനമോടിച്ചു വന്ന ബിജെ പി അനുഭാവി ശ്രമിച്ചു. ഇതിനെ ചോദ്യം ചെയ്ത പ്രകടനക്കാർക്ക് നേരെ പൊലീസ് ഏകപക്ഷീയമായി തിരിഞ്ഞു. ഇതിൽ പ്രതിഷേധിച്ചതിനാണ് അനിൽ രാജിനെ അറസ്റ്റ് ചെയ്തത്. രാത്രി രണ്ടു മണിക്ക് എസ്ഐമാരായ കവിരാജ് എം, ആർ രാകേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം പൊലീസുകാർ വീടുവളഞ്ഞ് അകത്ത് കയറി മർദനം അഴിച്ചുവിടുകയായിരുന്നു.
സംസ്ഥാന സർക്കാരിന്റെ ഭരണ നയത്തിന് വിരുദ്ധമായ നിലപാടാണ് ചിറ്റാറിലെ പൊലീസുകാർ നടത്തുന്നത്. കവിരാജിനും രാകേഷിനുമെതിരെ മുഖ്യമന്ത്രി, ആഭ്യന്തര സെക്രട്ടറി, വനിതാ കമീഷൻ, യുവജനക്ഷേമ കമീഷൻ എന്നിവിടങ്ങളിൽ പരാതി നൽകി.
 
 
പ്രധാന വാർത്തകൾ
Top