15 November Thursday

കൊടുങ്കാറ്റ്; നാശം വ്യാപകം

വെബ് ഡെസ്‌ക്‌Updated: Sunday Jun 10, 2018

തിരുവല്ല കിഴക്കുംമുറി കോട്ടയക്കാട്ട്‌ വീടിന്‌ മുകളിൽ മരം വീണപ്പോൾ

 പത്തനംതിട്ട

ശനിയാഴ്ച പകൽ ഒന്നരയോടെ വീശിയടിച്ച കൊടുങ്കാറ്റിൽ വ്യാപക നാശം. കാറ്റിനൊപ്പം ശക്തമായ മഴയും പെയ്തു. മരം വീണ് വീടുകൾക്ക് വ്യാപക നാശമുണ്ടായി. ഗതാഗതവും തടസപ്പെട്ടു. മിക്കയിടത്തും രാത്രിയിലും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായില്ല.
തിരുവല്ല താലൂക്കിൽ ഉണ്ടായ ശകതമായ മഴയിലും കാറ്റിലും നിരവധി വീടുകൾ തകർന്നു വൈദ്യുതി പോസ്റ്റുകൾ തകർന്നു. തിരുവല്ല താലൂക്കിൽ 10 വീടുകൾ പൂർണമായി തകർന്നു. ഉൾപ്രദേശങ്ങളിലെല്ലാം വൈദ്യുതി ബന്ധം നിശ്ചയമായി. കൂറ്റൻ മരങ്ങൾ കടപുഴകി വീണു. ഫയർഫോഴ്സ് സംഘം രാത്രി ഏറെ പണിപ്പെട്ടാണ് മരങ്ങൾ വെട്ടി മാറ്റിയത്. അഴിയിടത്തുചിറ ഗവ.ഹൈസ്കൂൾ കെട്ടിടം മരം വീണ് തകർന്നു.
റാന്നിതാലൂക്കിലും വൻ നാശനഷ്ടം. വൈദ്യുതി ലൈനുകളിൽ മരങ്ങൾ വീണ് ബന്ധം പൂർണമായും തടസപ്പെട്ടു. വീടുകൾക്കും കൃഷിക്കും വ്യാപക നഷ്ടം. പല റോഡുകളിലും ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. പഴവങ്ങാടി, റാന്നി, അങ്ങാടി പഞ്ചായത്തുകളിലാണ് നാശനഷ്ടങ്ങളിലധികവും. കാറ്റിൽ മരച്ചില്ലകൾ ഒടിഞ്ഞുവീണ് പഴവങ്ങാടി വില്ലേജ് ഓഫീസിന്റെ മേൽക്കൂര തകർന്നു. പുലിയള്ള് മാവേലിൽ സദാശിവൻ, പുന്നമൂട്ടിൽ മുഹമ്മദ്കുഞ്ഞ് എന്നിവരുടെ വീടുകൾ മരം വീണ് തകർന്നു. പുല്ലൂപ്രം അവിട്ടത്തിൽ ഭാസ്കരന്റെ 50 മൂടിലധികം റബർ മരങ്ങളും ആശഭവനിൽ ആശയുടെയും റബർ മരങ്ങൾ കടപുഴകി. 
പുല്ലൂപ്രം കൈലാത്ത് വിളയിൽ രാജേശ്വരി, റാന്നി തോട്ടമൺ ഇടശേരിൽ സാബു, മാടമൺ പുത്തൻവീട്ടിൽ എം കെ സാബു എന്നിവരുടെ വീടുകൾക്ക് മുകളിലും മരംവീണ് നാശനഷ്ടം ഉണ്ടായി. ബംഗ്ലാംകടവ് കരിപ്പോൺ മുരളീധരപ്പണിക്കരുടെ എരുത്തിലും മരം വീണ് തകർന്നു. മരംവീണതിനെ തുടർന്ന് ഇട്ടിയപ്പാറ ‐ ബംഗ്ലാംകടവ് റോഡ്, റാന്നി കോഴഞ്ചേരി റോഡിലും ഗതാഗതം തടസപ്പെട്ടു. പേരൂച്ചാൽ ‐ ഞുണ്ണംതറ തുടങ്ങിയ റോഡുകളിലും ഗതാഗതം തടസപ്പെടുകയും വൈദ്യുത ലൈനുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പല സ്ഥലങ്ങളിലും നാട്ടുകാർ ഇറങ്ങിയാണ് മരങ്ങൾ വെട്ടിമാറ്റിയത്.
അടൂർ കെ പി റോഡിൽ കോട്ടമുകൾ പിഡബ്ലൂഡി റസ്റ്റ് ഹൗസിന് മുൻവശം റോഡിലേക്ക് കൂറ്റൻ ആഞ്ഞലി കട പുഴകി കെ പി റോഡിൽ ഗതാഗതം മണിക്കുറുകളോളം തടസപ്പെട്ടു.ശനിയാഴ്ച വൈകിട്ട് 6 മണി്‌യോടാണ് മരംവീണത്. ഇലക്ട്രിക് ലൈനുകളും പോസ്റ്റുകളും തകർന്നതിനാൽ വൈദ്യുതി ബന്ധവും ഇല്ലാതായി. കെ പി റോഡുവഴി വന്ന വാഹനങ്ങൾ തിരിച്ചുവിടുകയായിരുന്നു. രാത്രി 8 മണിയോടാണ് അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.ഏറെ  തിരക്കുള്ള റോഡിൽ മരം വീഴുമ്പോൾ വാഹനങ്ങൾ ഇല്ലാതിരുന്നത് അപകടം ഒഴിവായി.
കാറ്റിലും മഴയിലും ചിറ്റാറിൽ വ്യാപക നാശം. ചിറ്റാർ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ പാരപ്പറ്റ് തകർന്ന് പഞ്ചായത്ത് വക ജീപ്പിന്  മുകളിൽ പതിച്ചു. ശനിയാഴ്ച 3.30 നാണ് സംഭവം നടന്നത്. വാർഷിക പദ്ധതി പ്രവർത്തനങ്ങളുടെ ഓഫീസ് നടപടി ക്രമങ്ങൾക്കായി ഓഫീസ് തുറന്നിരുന്നു.വാർഡുകളിലെ നിർമ്മാണ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന ജോലിയും ശനിയാഴ്ച നടന്നു. സാങ്കേതികവിഭാഗത്തിലെ ജീവനക്കാർ വാർഡുകളിൽ പോയി അളവുകൾ എടുക്കാൻ പോയി തിരികെ ഓഫീസ് മുറ്റത്ത് പാർക്ക് ചെയ്യുന്ന വേളയിലാണ് പാരപ്പറ്റ് തകർന്നു വീണത്. ജീപ്പിന് കേട് പറ്റിയിട്ടുണ്ട്. ഇൻഷുറൻസ് കമ്പനി അധികാരികൾ തിങ്കളാഴ്ച്റ്റാന്റൊറിലെത്തും.
അതേ സമയം തെക്കേക്കരയിൽ രണ്ടു വീടും പന്നിയാർ ഭാഗത്ത് ഒരു വീടിനു മുകളിലും മരം വീണ് നാശം സംഭവിച്ചു. തെക്കേക്കരയിൽ കളപ്പുരയ്ക്കൽ വീട്ടിൽ ഉത്തമന്റെ വീടിനു മുകളിൽ അയൽവാസിയുടെ പറമ്പിലെ കൂറ്റൻ തേക്ക് മരം  വീഴുകയായിരുന്നു. ഓടുപാകിയ മേൽകൂര പൂർണ്ണമായും തകർന്നു. വീട്ടിനുള്ളിൽ ഉണ്ടായിരുന്ന ഉത്തമൻ മരം വീഴുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി. തെക്കേക്കര പുത്തൻവീട്ടിൽ ജോസിന്റെ വീടിന്റെ 15 ഷീറ്റുകൾ കാറ്റത്ത് പറന്നു പോയി. പന്നിയാറ്റിൽ ഐരാവുങ്കൽ കാർത്ത്യായനിയുടെ വീടിനു മുകളിൽ അയൽവാസിയുടെ തേക്ക് വീണ് മേൽക്കൂര തകർന്നു.
കവിയൂർ നാഴിപ്പാറയ്ക്കൽ കാഞ്ഞിരംനിൽക്കും പുരയിടത്തിൽ രാജന്റെ വീടിന് മുകളിൽ തേക്ക് മരം വീണു. ശനിയാഴ്ച പകൽ രണ്ടോടെ തൊട്ടടുത്ത പുരയിടത്തിൽ നിന്ന മരം ചുവടോടെ പിഴുത് വീഴുകയായിരുന്നു. രാജനും മക്കളും കൊച്ചുമക്കളുമടക്കം ആറ് പേർ ഈ സമയം വീട്ടിലുണ്ടായിരുന്നു. ഓടിട്ട വീടിന്റെ മേൽക്കൂരയും ഒരുഭാഗത്തെ ഭിത്തിയും തകർന്നു.
 
 
പ്രധാന വാർത്തകൾ
Top