Top
15
Friday, December 2017
About UsE-Paper

പീഡനം: പെണ്‍കുട്ടിയെ പരിശോധിക്കാത്ത ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു

Saturday Oct 7, 2017
വെബ് ഡെസ്‌ക്‌

 പത്തനംതിട്ട > പീഡനത്തിനിരയായ അഞ്ചര വയസുകാരിക്ക് വൈദ്യപരിശോധന നിഷേധിച്ച കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു. ജില്ലാ ആശുപത്രിയിലെ ഗൈനകോളജിസ്റ്റുമാരായ ഡോ. ഗംഗ, ഡോ. ലേഖാ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ചപറ്റിയെന്ന് കഴിഞ്ഞ ദിവസം കലക്ടര്‍ ആര്‍ ഗിരിജ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡോക്ടര്‍മാര്‍ക്ക് തെറ്റുപറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നെന്നും ഇതേ തുടര്‍ന്ന് വകുപ്പ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് രണ്ട് പേരെയും സസ്പെന്‍ഡ് ചെയ്തത്.

കുട്ടിക്ക് പീഡനമേറ്റ വിവരം അറിഞ്ഞപ്പോള്‍ തന്നെ സെപ്തംബര്‍ 13ന് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ വിവരം നല്‍കി. കുട്ടിയുടെ മൊഴിയെടുത്ത കോയിപ്രം പൊലീസ് കുട്ടിയുമായി ജില്ലാ ആശുപത്രിയില്‍ എത്തിയപ്പോഴാണ് വിവാദ സംഭവം ഉണ്ടയത്. 
ആദ്യം ഡോ. ഗംഗയെ കാണിച്ചെങ്കിലും പരിശോധിക്കാന്‍ അവര്‍ തയ്യാറായില്ല. പോക്സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞിട്ടും കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകാനായിരുന്നു അവരുടെ നിര്‍ദ്ദേശം. പിന്നീട് ഡോ. ലേഖവരുമെന്ന് പറഞ്ഞിരുന്നെങ്കിലും രാത്രി എട്ടുവരെ കാത്തുനിന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. ബന്ധുക്കള്‍ എസ്പിക്ക് കേസ് കൊടുത്ത ശേഷമാണ് പ്രതി റെജിയെ പിടികൂടിയത്. വൈദ്യപരിശോധനയ്ക്ക് ഉണ്ടായ തടസങ്ങള്‍ പൊലീസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അറിയിച്ചിരുന്നു.