14 November Wednesday

പകർച്ചവ്യാധികൾക്കെതിരേ ബോധവൽകരണം ശക്തമാക്കണം: മന്ത്രി മാത്യു ടി

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

 പത്തനംതിട്ട

എലിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്കെതിരേ ബോധവത്കരണ പ്രവർത്തനം ശക്തമാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് നിർദേശിച്ചു. പ്രളയാനന്തര പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് പത്തനംതിട്ട കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ  സംസാരിക്കുകയായിരുന്നു മന്ത്രി. അപ്പർകുട്ടനാട്ടിൽ വെള്ളം പൂർണമായി ഇറങ്ങാത്തത് ആരോഗ്യപ്രശ്‌നം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ദുരിതാശ്വാസശുചീകരണ പ്രവർത്തനം നടത്തുന്നവർ എലിപ്പനിക്കെതിരായ പ്രതിരോധ മരുന്ന് കഴിക്കണം. പ്രതിരോധ മരുന്നിന്റെ ലഭ്യത ഡിഎംഒ ഉറപ്പാക്കണം. പഞ്ചായത്ത് തലത്തിൽ ആരോഗ്യവകുപ്പും തദ്ദേശഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സഹകരിച്ച് രോഗപ്രതിരോധബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണം. ഡെങ്കിപ്പനിക്കെതിരേ പ്രതിരോധ നടപടികൾ ശക്തമാക്കണം. കൊതുകിന്റെ ഉറവിട നശീകരണം കൃത്യമായി നടത്തണം. 
തിരുവല്ല പൊടിയാടിയിൽ റോഡിന്റെ വശം ഇടിഞ്ഞ് അപകടാവസ്ഥ ഉണ്ടായിട്ടുണ്ട്. ഇതിനു പരിഹാരം കാണണം. കിണർ ജലം ഉപയോഗിക്കാൻ കഴിയാത്ത എല്ലാ സ്ഥലത്തും തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം ഉറപ്പാക്കണം. വാട്ടർ അതോറിറ്റിയുടെ പ്ലാങ്കമൺ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ വൈദ്യുതി കണക്ഷൻ കെഎസ്ഇബി ഉടൻ നൽകണം. റാന്നിയിൽ റോഡുകളിൽ കെട്ടി കിടക്കുന്ന ചെളി പൊതുമരാമത്ത് വകുപ്പ് ഉടൻ നീക്കം ചെയ്യണമെന്നും മന്ത്രി നിർദേശിച്ചു.  ആരോഗ്യപ്രവർത്തനങ്ങളിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ശക്തമാക്കുന്നതിന് ജനപ്രതിനിധികൾ, തദ്ദേശഭരണസ്ഥാപന അധ്യക്ഷന്മാർ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്മാർ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സൺമാർ എന്നിവരുടെ യോഗം എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർക്കുന്നതിനും യോഗം തീരുമാനിച്ചു. 
പ്രളയ ആനുകൂല്യത്തിന് അർഹരായവരുടെ ലിസ്റ്റ് എല്ലാ വില്ലേജ് ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലും പ്രസിദ്ധീകരിക്കണമെന്നും ആക്ഷേപമുള്ളവർക്ക് പരാതി നൽകുന്നതിന് അവസരം നൽകണമെന്നും മന്ത്രി മാത്യു ടി തോമസും എംഎൽഎമാരായ രാജു ഏബ്രഹാമും വീണാ ജോർജും നിർദേശിച്ചു.  കലക്ടർ പി ബി നൂഹ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, എഡിഎം പി ടി ഏബ്രഹാം, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
 
 
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top