12 December Wednesday

കോഴിത്തോടും പുനർജനിയിലേക്ക്‌; പുഴ നടത്തവും

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

വരട്ടാറിനു പിന്നാലെ കോഴിത്തോടും പുനർജനിയിലേയ്ക്ക്.

കോഴഞ്ചേരി
വരട്ടാറിനു പിന്നാലെ കോഴിത്തോടും പുനർജനിയിലേയ്ക്ക്. ഹരിത കേരളം പദ്ധതിയുടെ ഭാഗമായാണ് നീർച്ചാൽ നവീകരണം. ആദ്യഘട്ടമായി പുഴ നടത്തം നടന്നു. നാരങ്ങാനം പഞ്ചായത്തിലെ  തോന്ന്യാമലയിൽനിന്ന‌് ആരംഭിക്കുന്ന  വലിയ നീരൊഴുക്കാണ് കോഴിത്തോട‌്.  പതിറ്റാണ്ടുകൾക്കു മുൻപ് 18 മീറ്റർ വീതിയും അതിനു ചേരുന്ന ആഴവും ഉണ്ടായിരുന്നു. നാരങ്ങാനം ഇലന്തൂർ , മല്ലപ്പുഴശ്ശേരി, ആറൻമുള പഞ്ചായത്തുകളിലൂടെയാണ് ഒഴുകുക. മുൻപ് ഈ പ്രദേശങ്ങളിലെ കാർഷീക വിളകൾ കൂറ്റൻ കെട്ടുവള്ളങ്ങളിൽ കോഴഞ്ചേരിക്കും  ആലപ്പുഴക്കും മറ്റും കൊണ്ടു പോയിരുന്നു. നൂറു കണക്കിന് ആളുകളുടെ സഞ്ചാര മാർഗമായിരുന്നു. ഇൗ തോട്ടിലെ ജലത്തെ ആശ്രയിച്ച് നൂറുകണക്കിന് ഹെക്ടർ പാടത്ത് നെൽകൃഷിയും നടത്തിവന്നിരുന്നു.
എന്നാൽ, ഇപ്പോൾ തോടിന്റെ വീതി മൂന്നു മീറ്റർ വരെയായി മാറി. അടിത്തട്ട് അപകടകരമായി ഉയർന്നു.പാടത്തേക്കാൾ അടിത്തട്ട് ഉയർന്നതോടെ അനുബന്ധ പാടങ്ങളിൽ കൃഷി ഇല്ലാതെയായി.
ഇൗ സാഹചര്യത്തിലാണ് വീണാ ജോർജ‌് എംഎൽഎയുടെ നേതൃത്വത്തിൽ തോട‌് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശ്രമം ആരംഭിച്ചത്. മൈനർ ഇറിഗേഷന്റെ കീഴിൽ മല്ലപ്പുഴശ്ശേരി പുന്നക്കാട് മുതൽ കോഴിപ്പാലം വരെ അഞ്ചു കിലോമീറ്റർ ദൂരത്തിൽ ക്ലസ്റ്റർ ഒന്ന് എന്ന നിലയിൽ 1.38 കോടി രൂപ ചെലവഴിച്ച‌്  നദീ നവീകരണത്തിന് പദ്ധതി തയ്യാറാക്കി. ഇത് ടെൻഡർ നടപടിയിലേയ്ക്ക് എത്തുകയാണ‌്. ഇതിനോടൊപ്പമാണ് ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി തോടിന്റെ മുഴുവൻ ഭാഗവും നവീകരിക്കുന്നത്.
ആഴവും വീതിയും കൂട്ടുക, പുന്നക്കാട് ട്രാക്ടർ കം ബ്രിഡ്ജ് നിർമിക്കുക, സൈഡ് ബണ്ടുകൾ ബലപ്പെടുത്തുക, മട വീണ് ബണ്ട് ഇല്ലാത്ത ഭാഗത്ത് ബണ്ടു നിർമിക്കുക, കയർ ഭൂവസ്ത്രം സ്ഥാപിക്കുക തുടങ്ങി തോടിന്റെ ജലസമൃദ്ധി പുനഃസ്ഥാപിച്ച് പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരിക തുടങ്ങിയവയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബുധനാഴ്ചയായിരുന്നു പുഴ നടത്തം.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top