26 September Wednesday

നിമ്മിയുടെ കാരുണ്യത്തിൽ മുരുകന് പുനർജന്മം

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018

 

തിരുവല്ല
റവന്യൂ ഡിവിഷണൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റ് നിമ്മി ജയന്റെ കാരുണ്യത്തിൽ മുരുകന് തിരികെ കിട്ടിയത് ജീവനും ജീവിതവും. 
കഴിഞ്ഞ ദിവസം ജോലികഴിഞ്ഞ് മടങ്ങുമ്പോൾ തിരുവല്ല മാർക്കറ്റ് ജങ്ഷനിൽ നിന്ന് ശ്രീവല്ലഭ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ പത്മവിലാസം ഹോട്ടലിന് സമീപമാണ് അവശനായ മുരുകനെ നിമ്മി കണ്ടത്. വർഷങ്ങളായി മാർക്കറ്റ് ജങ്ഷനിലും പരിസരത്തും അലഞ്ഞുതിരിയുന്ന ഇയാളുടെ ദുരിതാവസ്ഥ കാഴ്ചക്കാരും നാട്ടുകാരുമൊക്കെ അവഗണിച്ച് നടന്നകന്നു. ഇയാളെ ആശുപത്രിയിലാക്കാൻ  പലരോടും നിമ്മി സഹായം അഭ്യർഥിച്ചെങ്കിലും ആരും സഹകരിച്ചില്ല.
വീട്ടിലെത്തിയ നിമ്മി ഭർത്താവിനെയും കൂട്ടി തിരികെയെത്തി മുരുകനെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ച് മെഡിക്കൽ സൂപ്രണ്ടിന്റെ സഹായത്തോടെ അടിയന്തര ചികിത്സ ലഭ്യമാക്കി. കൂട്ടിരിക്കാൻ ആളില്ലാത്തതിനാൽ നിമ്മി കൂട്ടിരിക്കുകയും മരുന്നും വസ്ത്രങ്ങളും ആഹാരവും വാങ്ങി നൽകുകയും ചെയ്തു. മാതാപിതാക്കൾ മരിച്ചതോടെ ഒറ്റപ്പെട്ട മുരുകന്റെ സഹോദരങ്ങളെ വിവരം അറിയിച്ചെങ്കിലും അവരാരും സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറായില്ല. 
തിരുവല്ല മതിൽഭാഗം ഇഞ്ചക്കാട്ടിൽ വീട്ടിൽ മുരുകൻ (65) വർഷങ്ങൾക്കുമുമ്പ് വാഹനാപകടത്തിൽ പെട്ടിരുന്നു. അപകട ഇൻഷുറൻസ് തുക ലഭിച്ചിരുന്നെങ്കിലും പക്ഷാഘാതം വന്ന് ഓർമയില്ലാത്ത അവസ്ഥയിലായിരുന്ന ഇയാൾക്ക് ആ തുക ആരാണ് കൈവശപ്പെടുത്തിയതെന്ന് അറിയില്ല. പാസ് ബുക്കോ  തിരിച്ചറിയൽ രേഖകളോ ഒന്നും തന്നെ കൈവശവുമില്ലായിരുന്നു. നിമ്മിയുടെ പ്രവർത്തനം അറിഞ്ഞ തിരുവല്ല ആർഡിഒ ടി കെ വിനീത് പ്രോത്സാഹിപ്പിക്കുകയും മുരുകന് സഹായമായ സമയം ഡ്യൂട്ടി അനുവദിക്കുകയും ചെയ്തു. 
ഡിസ്ചാർജ് ആയാൽ വീണ്ടും തെരുവിലേക്ക് എന്ന അവസ്ഥയായതോടെ വിവരം ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ എൽ ഷീബയെ അറിയിച്ചു. തുടർന്ന് അടൂർ മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, പ്രവർത്തകരായ അനു ഭദ്രൻ, ആർ വിനോദ് എന്നിവർ സ്ഥലത്തെത്തി മുരുകന്റെ തുടർ സംരക്ഷണം ഏറ്റെടുത്തു.
ആലന്തുരുത്തി ഇളന്തുരുത്തിൽ വീട്ടിൽ അർജുൻ ആർ നാഥന്റെ ഭാര്യയാണ് നിമ്മി.  
പ്രധാന വാർത്തകൾ
Top