21 November Wednesday

മൈഥിലിയുടെ മരണം: പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Jul 5, 2018

 പത്തനംതിട്ട 

കടമ്മനിട്ടയിൽ സ്കൂൾ വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവത്തിലെ ദുരൂഹത സംബന്ധിച്ച അന്വേഷണം പ്രത്യേക പൊലീസ് സംഘത്തെ ഏൽപ്പിക്കണമെന്ന് ആക്ഷൻ കൗൺസിൽ. ലോക്കൽ പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിൽ അല്ല നീങ്ങുന്നത്. പ്രശ്നത്തിൽ പെൺകുട്ടിയുടെ അച്ഛൻ നൽകിയ രഹസ്യ വിവരങ്ങൾ പോലും പൊലീസ് അന്വേഷിക്കാൻ തയ്യാറാകുന്നില്ലെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
ജൂൺ 13 നാണ് കടമ്മനിട്ട ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിനി കാരുമല മേലേടത്തുവീട്ടിൽ മൈഥിലിയെ (17)  അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദുർബലമായ മരക്കഷണത്തിലാണ് തൂങ്ങിയിരുന്നത്. കാലുകൾ തറയിൽ ഉറപ്പിച്ച നിലയിലായിരുന്നു. സ്കൂൾ വിട്ട് നാലോടെ വീട്ടിലെത്തിയ ഇളയ സഹോദരങ്ങളാണ് മൈഥിലി തൂങ്ങിനിൽക്കുന്നത് ആദ്യം കണ്ടത്. കുട്ടികൾ വരുമ്പോൾ വീടിന്റെ മുൻവാതിൽ അടഞ്ഞും പിൻവാതിൽ പാതി തുറന്ന നിലയിലുമായിരുന്നു. കുട്ടികൾ  ബഹളംവച്ചപ്പോൾ അയൽവാസികൾ എത്തി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
എന്നാൽ മൈഥിലി ആത്മഹത്യ ചെയ്യില്ലെന്നും നാലുമണിക്ക് സന്തോഷവതിയായി വീട്ടിലെത്തിയ കുട്ടി 4.15ന് എന്ത് കാരണത്താൽ മരിച്ചുവെന്ന് അന്വേഷിക്കണമെന്നും മൈഥിലിയുടെ മാതാപിതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപെട്ടു. മൈഥിലി മരിച്ച അന്ന് സ്കൂളിലെ ആവശ്യത്തിന് അമ്മ നൽകിയ 2,000 രൂപ കുട്ടിയുടെ  ബാഗിൽനിന്ന് കാണാതായിരുന്നു. പിന്നീട് അയൽവാസിയായ യുവാവ് 2,000 രൂപയുമായി വീട്ടിലെത്തിയതിൽ ദുരൂഹതയുണ്ടെന്നും മൈഥിലിയുടെ അച്ഛൻ കെ ആർ വിനോദ്കുമാർ പറഞ്ഞു. ഈ വിവരം പൊലീസിനെ അറിയിച്ചിട്ടും ഗൗരവമായി എടുത്തില്ല. 
പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കണമെന്നാവശ്യപെട്ട് വെള്ളിയാഴ്ച വൈകിട്ട് 3.30ന് കടമ്മനിട്ട ജങ്ഷനിൽ സായാഹ്നധർണയും പ്രതിഷേധയോഗവും ചേരും. ആക്ഷൻ കൗൺസിൽ പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ, സുബിൻ കെ സുനിൽ, പി കെ പുരുഷോത്തമൻപിള്ള, മൈഥിലിയുടെ മാതാപിതാക്കളായ വിനോദ് കുമാർ, മഞ്ജു എന്നിവർ പങ്കെടുത്തു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top