15 November Thursday

എഴീക്കാട് 75 കുടുംബങ്ങൾക്ക് പുനരധിവാസം: മന്ത്രി ബാലൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

മന്ത്രി എ കെ ബാലൻ എഴിക്കാട് കോളനിയിൽ സന്ദർശനം നടത്തുന്നു. വീണാ ജോർജ്‌ എംഎൽഎ സമീപം

 പത്തനംതിട്ട

പ്രളയബാധിത പ്രദേശങ്ങളിലെ ആളുകളുടെ പുനരധിവാസം സമഗ്രമായ കാഴ്ച്ചപ്പാടോടെ സർക്കാർ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് പട്ടികജാതി‐ വർഗക്ഷേമ മന്ത്രി എ കെ ബാലൻ.  എഴിക്കാട് കോളനിയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കോളനിയിൽ വ്യാപകമായി വെള്ളം കയറുന്ന പ്രദേശത്തെ 75 കുടുംബങ്ങളെ  പുനരധിവസിപ്പിക്കാൻ പ്രത്യേക പദ്ധതിക്ക് സർക്കാർ രൂപം നൽകും. സ്ഥിരതാമസം ഉറപ്പാക്കുന്നത് വരെ പഞ്ചായത്തിലെ താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളിൽ താമസിക്കാം. പുനരധിവാസത്തിന് ആവശ്യമായ ഫണ്ട് പരമാവധി ശേഖരിക്കുന്നതിനായി സർക്കാർ ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. എഴിക്കാട് കോളനിയിൽ നടപ്പിലാക്കാനിരുന്ന അംബേദ്കർ ഗ്രാമം പദ്ധതി വിപുലമാക്കുന്നതിനായി ഒരു കോടി രൂപ അനുവദിക്കും. പ്രളയ പശ്ചാത്തലത്തിൽ പദ്ധതിയുടെ എസ്റ്റിമേറ്റിൽ ഭേദഗതി വരുത്തുമെന്നും മന്ത്രി പറഞ്ഞു.
വീടുകളിലെയും മറ്റും ശുചീകരണ പ്രക്രിയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. താൽക്കാലിക കേന്ദ്രങ്ങളിൽ താമസിക്കുന്നവർക്ക് ആവശ്യമായ ഭക്ഷണവും മരുന്നും ലഭ്യമാക്കും. പകർച്ചവ്യാധി പ്രതിരോധ ഗുളികകൾ എല്ലാവരും കഴിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
എഴിക്കാട് കമ്യൂണിറ്റി ഹാളിലെ പുനരധിവാസ ക്യാമ്പും മന്ത്രി സന്ദർശിച്ചു.വീണാ ജോർജ് എംഎൽഎ , ആറന്മുള  പഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമൻ, പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ബി സതീഷ് കുമാർ, മുൻ എംഎൽഎ കെ സി രാജഗോപാലൻ, ഭൂരേഖ തഹസീൽദാർ കെ സതിയമ്മ, ഡെപ്യൂട്ടി തഹസിൽദാർ സി ഗംഗാധരൻ തമ്പി, പഞ്ചായത്തംഗങ്ങൾ, കിടങ്ങന്നൂർ വില്ലേജ് ഓഫീസർ എ സീന, ആർ അജയകുമാർ തുടങ്ങിയവർ മന്ത്രിയ്ക്ക് ഒപ്പമുണ്ടായി.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top