26 September Wednesday

കോയിപ്രം സ‌്കൂളിനെ വീണ്ടെടുത്തവർക്ക‌് നാടിന്റെ ആദരം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018
 
ഇരവിപേരൂർ
തലങ്ങും വിലങ്ങും ബലൂണുകൾ കൊണ്ടലങ്കരിച്ച പൊലീസ‌് വാഹനം കാമ്പസിനുള്ളിലേക്ക‌് കടന്നുവന്നപ്പോഴേക്കും കുട്ടികൾ നിറഞ്ഞ മനസോടെ കൈയടിച്ചു. കുട്ടികൾക്കെതിരെയുള്ള പീഡനം, കാമ്പസുകളിലെ ലഹരി തുടങ്ങിയവയ‌്ക്കെതിരെയുള്ള പോരാട്ടം എന്ന നിലയിൽ കൊല്ലം ജില്ലയിൽ ആരംഭിച്ച ശിശു സൗഹൃദ പൊലീസ‌് വാഹനമാണ‌് നിറമുള്ള ബലൂണുകൾകൊണ്ടലങ്കരിച്ച‌് കോയിപ്രം ഗവ. ഹയർ സെക്കൻഡറി സ‌്കൂളിലെത്തിയത‌്. 
മഹാപ്രളയത്തിൽ സർവനാശം സംഭവിച്ച സ‌്കൂളിന്റെ പുനരുജ‌്ജീവന പ്രവർത്തനങ്ങളിൽ പങ്കാളികളായ കൊല്ലം ജില്ലയിൽ നിന്നെത്തിയ പൊലീസ‌് സേനാംഗങ്ങളെയും മറ്റ‌് സന്നദ്ധ പ്രവർത്തകരെയും ആദരിക്കാൻ സ‌്കൂൾ അധ്യാപക രക്ഷാകർതൃ  സമിതി സംഘടിപ്പിച്ച യോഗസ്ഥലത്താണ‌് വാഹനം എത്തിച്ചത‌്. കൊല്ലം സിറ്റി പൊലീസ‌് കമ്മിഷണർ ഡോ. അരുൾ ആർ ബി കൃഷ‌്ണയുടെ ആശയ പ്രകാരമാണീ ശിശു സൗഹൃദ പൊലീസ‌് വാഹനം രൂപപ്പെട്ടത‌്. മഹാപ്രളയത്തെക്കുറിച്ചറിഞ്ഞ അദ്ദേഹം നൂറ്റി അൻപതിലേറെ പൊലീസുകാരുമായാണ‌് കഴിഞ്ഞ 21ന‌് കോയിപ്രം സ‌്കൂളിലെത്തിയത‌്. അവിടെ ശുചീകരണ പ്രവർത്തനത്തിനിറങ്ങി കെഎസ‌്ടിഎ പ്രവർത്തകർക്കൊപ്പംകൂടിയ പൊലീസ‌് സേനാംഗങ്ങൾ സ‌്കൂളിന്റെ പുനരുജീവനം പൂർണമായി ഏറ്റെടുത്തു. 13എ ദിവസത്തോളം നീണ്ട കഠിനാധ്വാനത്തിലൂടെ സ‌്കൂളിനെ പഴയ നിലയിലാക്കാൻ സേനാംഗങ്ങൾക്ക‌് കഴിഞ്ഞു. സ‌്കൂളിൽ നടത്തിയ ശുചീകരണ
പ്രവർത്തനങ്ങൾക്കൊപ്പം പഠനോപകരണങ്ങൾ നഷ‌്ടപ്പെട്ട‌ 68 കുട്ടികളുടെ ഒരു വർഷത്തെ മുഴുവൻ പഠനച്ചെലവും സേന ഏറ്റെടുത്തു. സ‌്കൂളിന‌് നഷ‌്ടപ്പെട്ട ഇരുപതിലധികം കമ്പ്യൂട്ടറുകൾക്ക‌് പകരം ഒരു കമ്പ്യൂട്ടറും പ്രിന്ററും അടിയന്തര സഹായം എന്ന നിലയിൽ സേന നൽകി. സ‌്കൂളിലെ പാചകപ്പുരയിൽ മിക‌്സിയടക്കം നഷ‌്ടപ്പെട്ട അടുക്കള ഉപകരണങ്ങളും അൻപതിലധികം സ‌്റ്റീൽ പ്ലേറ്റുകളും സ‌്കൂളിന‌് നൽകി. ഇതോടൊപ്പം എഴുപത്തിഅഞ്ച‌് രക്ഷാകർത്താക്കൾക്ക‌് അരി, പലവ്യഞ‌്ജനങ്ങൾ എന്നിവയും നൽകി. യോഗം വീണാ ജോർജ‌്എംഎൽഎ ഉദ‌്ഘാടനം ചെയ‌്തു. സേനാംഗങ്ങൾക്കും സന്നദ്ധ സംഘടനയ‌്ക്കുള്ള പ്രത്യേക പുരസ‌്കാരവും എംഎൽഎ വിതരണം ചെയ‌്തു. ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് അന്നപൂർണാദേവി അധ്യക്ഷയായി. ജില്ലാ പൊലീസ‌് ചീഫ‌് ടി നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. കൊല്ലം സിറ്റി പൊലീസ‌് കമ്മിഷണർക്കു വേണ്ടി എസിപി  സതീഷ‌് കുമാർ പഠനോപകരണങ്ങൾ വിതരണം ചെയ‌്തു. സ‌്കൂൾ പ്രിൻസിപ്പൽ കെ കെ ശ്രീലത, ബ്ലോക്ക‌് പഞ്ചായത്ത‌് പ്രസിഡന്റ‌് നിർമല മാത്യൂസ‌്, പഞ്ചായത്തംഗങ്ങളായ ബിനി ഷാജി, പ്രസന്നകുമാർ, പ്രഥമാധ്യാപിക എൻ ബി വൽസലകുമാരി, ഡിവൈഎസ‌്പി ഷഫീക്ക‌്, ഐസ‌്ഐമാരായ എസ‌് ഷൈജു, നിസാമുദീൻ, ബിപിൻകുമാർ, എൻപി പ്രശാന്ത‌് , ഗോപകുമാർ, കെഎസ‌്ടിഎ ജില്ലാ സെക്രട്ടറി കെ എൻ ശ്രീകുമാർ, എസ‌്എസ‌്എ ബ്ലോക്ക‌് പ്രോഗ്രാം ഓഫീസർ ഷാജി എ സലാം, പ്രീത വിജയൻ, പി ആർ ബിന്ദു എന്നിവർ സംസാരിച്ചു. 
 
 
പ്രധാന വാർത്തകൾ
Top