19 November Monday

പ്രതാപം വീണ്ടെടുത്ത് കോലറയാർ; ജലോത്സവം 28 ന്

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018

 

 
തിരുവല്ല
പഴയ പ്രതാപം വീണ്ടെടുത്ത് അപ്പർകുട്ടനാടിന്റെ ജീവനാഡിയായ കോലറയാർ നിറഞ്ഞൊഴുകുന്നു. മാലിന്യ നിക്ഷേപവും മണലൂറ്റലും മരണാസന്നയാക്കിയ നദിയെ സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജനകീയമുന്നേറ്റത്തിലൂടെയാണ് പുനരുജ്ജീവിപ്പിച്ചത്. കോലറയാറിനെ വീണ്ടെടുത്ത ശേഷമുള്ള രണ്ടാമത് ജലോത്സവം  28ന് പകൽ 1.30ന്  നടക്കും.
കോലറയാർ വാട്ടർ സ്റ്റേഡിയത്തിലാണ് കെ ടി കൃഷ്ണൻകുട്ടി മെമ്മോറിയൽ എവറോളിങ് ട്രോഫിക്ക് വേണ്ടിയുള്ള വള്ളംകളി നടക്കുക. ജലവിഭവ മന്ത്രി മാത്യു ടി തോമസ് ജലോത്സവം ഉദ്ഘാടനം ചെയ്യും. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രോപ്പൊലീത്ത ഫ്ളാഗ് ഓഫ് ചെയ്യും. 40 വർഷം മുൻപ് കോലറയാറിന്റെ പ്രതാപകാലത്ത് വള്ളംകളി നടന്നിരുന്നു. പുഴ കൈയ്യേറി വീതി കുറഞ്ഞതിനെ തുടർന്ന്് വള്ളംകളി മുടങ്ങി. ചുരുളൻവള്ളം, ഫൈബർവെപ്പ് വള്ളം, ചുണ്ടൻവള്ളം, ചെറുവള്ളങ്ങൾ എന്നിവയുൾപ്പെട്ട അഞ്ച് വിഭാഗങ്ങളിലാണ് മത്സരം. കൂടാതെ വനിതകൾക്കും മത്സരമുണ്ട്. നാല് ചുരുളൻവള്ളം, നാല് ഫൈബർവെപ്പ് വള്ളം, രണ്ട് ചുണ്ടൻവള്ളം, 28 ചെറുവള്ളങ്ങൾ എന്നിവയാണ് മത്സരത്തിനുള്ളത്. 
 
 
ഇലഞ്ഞിക്കൽ പള്ളിക്കടവ് മുതൽ ഡക്ക് ഫാം പാലം വരെയുള്ള 600 മീറ്റർ ദൈർഘ്യമുള്ള പാതയിലാണ് മത്സരം നടക്കുന്നത്. വള്ളംകളിയുടെ ഭാഗമായി ജലഘോഷയാത്ര, നാടൻകലാരൂപങ്ങൾ, വള്ളപ്പാട്ട് എന്നിവയും നടക്കും. നിരണം പഞ്ചായത്ത് ഓഫീസിന് സമീപത്തെ ജലോത്സവ കമ്മിറ്റി ഓഫീസിൽ  അഞ്ച് മുതൽ 20 വരെ വള്ളംകളിയുടെ രജിസ്ട്രേഷൻ നടക്കും.  
 രണ്ടാം ഘട്ട പുരുജ്ജീവന പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ നാല് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നിരണം, കടപ്ര പഞ്ചായത്തുകളിലൂടെ പന്ത്രണ്ട് കിലോമീറ്റർ ഒഴുകുന്ന കോലറയാറിൽ പത്ത് കിലോമീറ്ററും ആദ്യഘട്ടത്തിൽ വീണ്ടെടുത്തു. ജലപാതയുടെ വീതിയും ആഴവും കൂട്ടി പാത സുഗമമാക്കുകയെന്നതായിരുന്നു ആദ്യകടമ്പ. അതിനായി മാലിന്യവും, പോളയും മാറ്റി നദിയുടെ സ്വാഭാവിക രൂപം വീണ്ടെടുത്തു. തുടർന്നാണ് ഒഴുക്ക് സുഗമമാക്കിയത്. ആദ്യഘട്ടത്തിൽ നദിയുടെ ആഴം രണ്ടടിയോളം കൂട്ടിയിട്ടുണ്ട്. ഇനി മണ്ണ് എത്ര അളവിൽ മാറ്റണമെന്നും എത്ര ആഴം കൂട്ടണമെന്നുമുള്ള വിദഗ്ധ പഠനത്തിനായി കിറ്റ്കോയെ ചുമതലപ്പെടുത്തി. അവർ പഠനം പൂർത്തിയാക്കി അടുത്ത ആഴ്ച റിപ്പോർട്ട് സമർപ്പിക്കും. രണ്ടാം ഘട്ടം അടുത്ത വർഷം പകുതിയോടെ പൂർത്തിയാകും. ഇടത്തോടുകളിൽ നിന്ന് മണ്ണ് മാറ്റാത്തതും,  വീണ്ടും മാലിന്യം നിക്ഷേപിക്കുന്നതുമാണ് നദിയുടെ സുഗമമായ ഒഴുക്കിനെ ബാധിക്കുന്നത്. 
2017 ഡിസംബറിലാണ് മന്ത്രി മാത്യു ടി തോമസിന്റെ നേതൃത്വത്തിൽ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കോലറയാറിന്റെ പുനരുജ്ജീവനപ്രവർത്തനങ്ങൾ ജനകീയപങ്കാളിത്തത്തോടെ ആരംഭിച്ചത്. പമ്പാനദിയിൽ തുടങ്ങി പമ്പാ നദിയിൽ തന്നെ അവസാനിക്കുന്നു എന്ന പ്രത്യേകതയും കോലറയാറിനുണ്ട്. ജലസേചനവകുപ്പ്, കടപ്ര, നിരണം പഞ്ചായത്തുകൾ, ജനകീയസമിതി, റവന്യൂ വകുപ്പ്, ഹരിതകേരളം എന്നിവയും നദിയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
 
 
പ്രധാന വാർത്തകൾ
Top