13 November Tuesday
ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രം

നിർമാണം വൈകും; എസ്റ്റിമേറ്റ് പുതുക്കേണ്ടിവരും

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018

  ചിറ്റാർ 

ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിനായുള്ള കെട്ടിട നിർമാണം തുടങ്ങാൻ ഇനിയും കാലതാമസമുണ്ടാകും. ഒരു കോടി പത്ത് ലക്ഷം രൂപ വകയിരുത്തി 2016ൽ ടെൻഡർ ചെയ്ത പ്രവൃത്തിയാണിത്.
സാങ്കേതിക അനുമതി ലഭിച്ച കെട്ടിടത്തിന്റെ നിർമാണ ഘടനയിൽ അനിവാര്യമായി വന്ന മാറ്റമാണ് പണി തുടങ്ങാൻ വൈകുന്നത്. ചിറ്റാറിലുള്ള ആശുപത്രി വക സ്ഥലത്താണ് പുതിയ കെട്ടിടം നിർമിക്കാൻ ഭരണാനുമതി ലഭിച്ചത്. പുതിയ കെട്ടിടം പണിയാൻ ഉദേശിച്ച സ്ഥലത്ത് ഉണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റുകയും വൃക്ഷങ്ങൾ മുറിച്ചു നീക്കുകയും ചെയ്ത ശേഷം നടത്തിയ വിശദമായ മണ്ണ് പരിശോധനയെ തുടർന്നാണ് നിർമാണ ഘടനയിൽ മാറ്റം വരുത്താൻ സാങ്കേതിക വിഭാഗം തീരുമാനിച്ചത്.
വാനം എടുത്ത് കോൺക്രീറ്റ് ബീം നിർമിച്ച് പണി ആരംഭിക്കാനായിരുന്നു നിലവിലെ എസ്റ്റിമേറ്റ്. എന്നാൽ സാങ്കേതികവിഭാഗത്തിന്റെ പുതിയ റിപ്പോർട്ട് പ്രകാരം പൈൽ ചെയ്ത് മാത്രമേ പണികൾ ആരംഭിക്കാൻ കഴിയു. ഭാവിയിൽ അഞ്ച്നില വരെ ഉയരത്തിൽ കെട്ടിടം ഇവിടെ പണിയാൻ ഉദ്ദേശിക്കുന്നുണ്ട്. അതിനനുസരിച്ച് ഉള്ള ബെയ്സ്മെന്റ് പണിയണം.
ഇതിനായി എസ്റ്റിമേറ്റ് റിവൈസ് ചെയ്യേണ്ടി വരും. നടപടികൾക്കായി സർക്കാരിലേക്ക് ഫയലുകൾ പോയി തിരികെ എത്തേണ്ടതായുണ്ട്. എസ്റ്റിമേറ്റിറ്റ് റിവൈസ് നടപടികളുടെ ആദ്യഘട്ടം എന്ന നിലയിൽ വിദഗ്ധ സംഘം വ്യാഴാഴ്ച സ്ഥലം സന്ദർശിച്ചു. സംസ്ഥാന കെട്ടിട നിർമാണ വിഭാഗം സൗത്ത് സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ എം അൻസാറും സംഘവുമാണ് ചിറ്റാറിൽ എത്തിയത്. അതേ സമയം നിലവിലെ അടങ്കൽ തുക പുതിയ നിർമാണ രീതി വരുന്നതോടെ ബെയ്സ്മെൻറ് പണിയാൻ മാത്രമേ തികയുകയുള്ളു. എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിനോടൊപ്പം നിർമാണ ചെലവനുസരിച്ച് അടങ്കൽ തുകയും വർധിപ്പിക്കേണ്ടതുണ്ട്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top