Top
21
Sunday, January 2018
About UsE-Paper

മതനിരപേക്ഷത സംരക്ഷിക്കാന്‍ നിലകൊള്ളും: കെ പി ഉദയഭാനു

Thursday Jan 4, 2018
വെബ് ഡെസ്‌ക്‌

 പത്തനംതിട്ട > വര്‍ഗീയതയ്ക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിച്ച് മതനിരപേക്ഷത സംരക്ഷിക്കാന്‍ പാര്‍ടി നിലകൊള്ളുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി  കെ പി ഉദയഭാനു പറഞ്ഞു. ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടശേഷം പത്തനംതിട്ട പ്രസ് ക്ളബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ പാര്‍ടി നടത്തും. വിശ്വാസികള്‍ക്കും ആരാധനാലയങ്ങള്‍ക്കും എല്ലാവിധ പരിരക്ഷയും ആരാധനാ സ്വാതന്ത്യ്രവും ഉറപ്പാക്കും. സംസ്ഥാന സര്‍ക്കാരിന്റെ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ വേണ്ടത് ചെയ്യും. 

അടൂര്‍ പ്രകാശ് എംഎല്‍എ കള്ളപ്പട്ടയം നല്‍കി വഞ്ചിച്ച സീതത്തോട്, തണ്ണിത്തോട്, തേക്കുതോട്, ചിറ്റാര്‍ തുടങ്ങിയ മലയോര മേഖലകളില്‍ വര്‍ഷങ്ങളായി ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കും. കൃഷിക്കാരെ കാട്ടുമൃഗങ്ങളുടെ ശല്യത്തില്‍നിന്ന് രക്ഷിക്കാനുള്ള ആത്മാര്‍ഥ നടപടികളുണ്ടാകും. ജില്ലയിലെ തോടുകളും പുഴകളും മാലിന്യരഹതമായി സംരക്ഷിക്കാന്‍ നടപടികളുണ്ടാകും.തരിശുഭൂമിയില്‍ കൃഷി വ്യാപിപ്പിക്കുന്നതിനും വിഷരഹിത പച്ചക്കറികൃഷി വളര്‍ത്തുന്നതിനും നടപടി സ്വീകരിക്കും. 
മൂന്നുലക്ഷത്തോളം പ്രവസികള്‍ ജില്ലയിലുണ്ട്. അവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിഗണന ഉറപ്പാക്കും. ജില്ലയിലെ ദേശസാല്‍കൃത ബാങ്കുകളില്‍ 39,251 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഇത് ജില്ലയിലെ കാര്‍ഷിക- വ്യാവസായിക പുരോഗതിക്ക് ഉപയോഗിക്കാതെ വടക്കേഇന്ത്യന്‍ വ്യവസായികള്‍ക്ക് വായ്പ നല്‍കുകയാണ്. ഈ തുക സഹകരണ പ്രസ്ഥാനങ്ങളിലൂടെ സമാഹരിച്ച് നാടിന്റെ പുരോഗതിക്കും തൊഴില്ലായ്മക്ക് പരിഹാരം കാണാനുള്ള പദ്ധതിക്കും വിനിയോഗിക്കും. 
ചെങ്ങറയില്‍ ഭൂമിക്കുവേണ്ടി നടക്കുന്ന സമരത്തില്‍ പാര്‍ടി ഒപ്പംനില്‍ക്കും. അവിടെ സമരക്കാര്‍ക്ക് സ്വസ്ഥമായി താമസിക്കുന്നതിന് സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യും. അവിടത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. എന്നാല്‍ ചെക്ക്പേസ്റ്റ് സ്ഥാപിച്ചും ദേഹപരിശോധന നടത്തിയും സാമ്രാജ്യം സ്ഥാപിക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല.  പാര്‍ടി സമ്മേളനങ്ങളുടെ തിരക്കുമൂലമാണ് കഴിഞ്ഞ മൂന്നുമാസം ഇവിടെ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയാതിരുന്നത്. 
ആറന്മുളയില്‍ ഭൂമിക്കായി കുടില്‍കെട്ടി സമരംചെയ്യുന്ന 36 കുടുംബങ്ങളുടെ കാര്യത്തില്‍ ശ്രദ്ധക്കുറവ് ഉണ്ടായി എന്ന വിമര്‍ശനം ശരിയാണ്. അടുത്ത ദിവസംതന്നെ അവിടേക്ക് പോകും പാര്‍ടിയുടെ തുടര്‍ന്നുള്ള ഇടപെടല്‍ ഉണ്ടാകും.
പാര്‍ടി സമ്മേളനങ്ങളില്‍ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. നല്ല വിമര്‍ശനങ്ങളിലൂടെ മാത്രമേ പാര്‍ടിയില്‍ ശരിയായ നേതൃത്വം വളര്‍ന്നുവരൂ. വ്യക്തിതാല്‍പര്യങ്ങള്‍ക്ക് ഉപരിയായി പാര്‍ടി താല്‍പര്യമാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. അധ്വാനിക്കുന്നവരുടെ പക്ഷത്തോടൊപ്പം നിന്ന് പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുമെന്നും കെ പി ഉദയഭാനു പറഞ്ഞു.
പ്രസ് ക്ളബ് പ്രസിഡന്റ് ബോബി ഏബ്രഹാം അധ്യക്ഷനായി. കെ ആര്‍ പ്രഹ്ളാദന്‍ നന്ദിപറഞ്ഞു.