26 September Wednesday
അവിശ്വാസ പ്രമേയം

പത്തനംതിട്ടയിൽ എസ്ഡിപിഐ നടത്തിയത് ലക്ഷങ്ങളുടെ കച്ചവടം

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

 

 
പത്തനംതിട്ട
കോൺഗ്രസുമായി നയപരമായ കാര്യത്തിൽ ഒരു ധാരണയ്ക്കുമില്ലെന്ന് വീമ്പിളക്കുന്ന എസ്ഡിപിഐ, പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ അവിശ്വാസ തെരഞ്ഞെടുപ്പിൽ നടത്തിയത് ലക്ഷങ്ങളുടെ കച്ചവടം. കോൺഗ്രസ് നേതാവായ ചെയർപേഴ്സണെതിരെ ഡിസിസി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്യാൻ എസ്ഡിപിഐ ജില്ലാ നേതൃത്വം ഏഴുലക്ഷം രൂപയാണ് വിലപേശി വാങ്ങിയത്.
32 വാർഡുള്ള പത്തനംതിട്ട നഗരസഭയിൽ ഒരു കൗൺസിലറാണ് എസ്ഡിപിഐയ്ക്കുള്ളത്. ചെയർപേഴ്സൺ രജനി പ്രദീപ് അവിശ്വാസത്തെ മറികടക്കുമെന്ന ഘട്ടത്തിൽ അവരെ പരാജയപ്പെടുത്താൻ കൗൺസിലർമാരെ പിടികൂടാൻ ഡിസിസി നേതൃത്വം പരക്കം പായുകയായിരുന്നു. ഈ അവസരം മുതലെടുത്താണ് എസ്ഡിപിഐ കോൺഗ്രസ് നേതൃത്വവുമായി തുകയുടെ കാര്യത്തിൽ വിലപേശിയത്. എസ്ഡിപിഐ കൗൺസിലർ കൂടെ നിൽക്കുന്നതിന് രജനി പ്രദീപും തുക വാഗ്ദാനം ചെയ്തെങ്കിലും അതിന്റെ മൂന്നിരട്ടിയോളമാണ് എസ്ഡിപിഐ നേതൃത്വം വിലപേശി വാങ്ങിയത്.
പത്തനംതിട്ട ഡിസിസി പ്രസിഡന്റും നഗരസഭ മുൻ ചെയർമാനുമാണ് എസ്ഡിപിഐ നേതാക്കൾക്ക് പണം കൈമാറിയതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, വാങ്ങിയ തുകയുടെ ചെറിയ ശതമാനം വിഹിതം മാത്രമാണ് എസ്ഡിപിഐ നേതൃത്വം കൗൺസിലർക്ക് നൽകിയത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സമിതി യോഗത്തിൽ ബഹളവും കൈയേറ്റശ്രമവും ഉണ്ടായി. കോഴപ്പണം വാങ്ങിയതിലെ കണക്ക് സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിനും അഭിപ്രായ വ്യത്യാസമുണ്ട്.
സംസ്ഥാനത്തെവിടെയും തദ്ദേശ സ്ഥാപനങ്ങളിലും മറ്റും കോൺഗ്രസുമായി എസ്ഡിപിഐയ്ക്ക് കൂട്ടുകെട്ടില്ലെന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം നേതാക്കൾ ആവർത്തിക്കുമ്പോഴാണ് പത്തനംതിട്ട നഗരസഭ അവിശ്വാസ പ്രമേയവുമായി  ബന്ധപ്പെട്ട് അവിശുദ്ധ ഇടപാട് നടത്തിയതും കോഴപ്പണം കൈപ്പറ്റിയതും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top