25 September Tuesday

താരങ്ങളെ കണ്ടപ്പോൾ അവർ വേദന മറന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

 പത്തനംതിട്ട

വീട് വൃത്തിയാക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി വീട്ടിലേക്ക് കയറി വന്ന അതിഥികളെ കണ്ടതിന്റെ ത്രില്ലിലായിരുന്നു പുല്ലാട് ഒല്ലൂചിറ കോളനി നിവാസികൾ. കറുത്തമുത്തിലെ ബാലചന്ദ്രൻ ഡോക്ടറും, ഭാര്യയിലെ നരേന്ദ്രനും, പരസ്പരത്തിലെ ധനപാലനും തുടങ്ങി ടിവിയിൽ കണ്ടിട്ടുള്ള നായകനും വില്ലനുമൊക്കെ ഒന്നിച്ച് വീട്ടിൽ എത്തിയ സന്തോഷമായിരുന്നു അവർക്ക്. 
ടെലിവിഷൻ താരങ്ങളുടെ സംഘടനയായ ആത്മയുടെ മലയാളി ഹീറോസ് എന്ന ക്രിക്കറ്റ് ടീമംഗങ്ങളാണ് കോളനിയിലെത്തിയത്. കിഷോർസത്യ, സാജൻ സൂര്യ, ഷോബിതിലകൻ, രഞ്ജിത്ത് രാജ്, സഞ്ജു, ഡിവൈഎസ്പി രാജ്കുമാർ എന്നിവരടങ്ങിയ സംഘം എംഎൽഎ വീണാജോർജിനും കോയിപ്രം പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീലേഖ വിജയകുമാറിനുമൊപ്പമാണ് കോളനി സന്ദർശിച്ചത്. 
വെള്ളപ്പൊക്കകെടുതികൾ ജില്ലയിൽ ഏറ്റവും കൂടുതൽ ബാധിച്ച സ്ഥലങ്ങളിലൊന്നാണ് പുല്ലാട് ഒല്ലൂച്ചിറ കോളനി. വീടുകൾ പൂർണമായും മുങ്ങിയിരുന്നു. സാധാരണ നിലയിലേക്ക് ഇപ്പോഴും ഇവരുടെ ജീവിതം എത്തി തുടങ്ങിയിട്ടില്ല.  വീട്ടുസാധനങ്ങളുൾ ഉൾപ്പെടെയെല്ലാം പ്രളയം കവർന്നെടുത്തു. വെള്ളം കയറിയ വീടുകളിലെ ശുചീകരണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. പ്രളയത്തിന് ഇരയായവർക്ക് കരുത്ത് പകരാനാണ് തങ്ങൾ എത്തിയതെന്ന് സീരിയൽ താരങ്ങൾ പറഞ്ഞു. 
സഹായങ്ങൾ അർഹതപ്പെട്ടവർക്ക് നേരിട്ടെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് താരങ്ങൾ എത്തിയത്. എല്ലാവരും നമുക്കൊപ്പമുണ്ടെന്ന തിരിച്ചറിവാണ് ഇപ്പോൾ വേണ്ടതെന്നും ഒരുദിവസം കൊണ്ട് എഴുപതോളം ആളുകളെ രക്ഷപ്പെടുത്തിയ മേഖലയാണ് ഇതെന്നും ഇപ്പോഴും ക്യാമ്പിൽ കഴിയുന്ന ഉള്ളൂച്ചിറ നിവാസികളുണ്ടെന്നും എംഎൽഎ പറഞ്ഞു. വേദനകൾക്കിടയിലും ചിരിക്കുന്ന നിങ്ങളെ കണ്ടതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷമെന്ന് സാജൻസൂര്യ പറയുമ്പോൾ നിറഞ്ഞ കൈയ്യടി.  കോളനി നിവാസികളുടെ പ്രശ്‌നങ്ങൾ നേരിട്ട് കേൾക്കുകയും വീട് സന്ദർശിക്കുകയും ചെയ്ത താരങ്ങൾ ഹർഡിൽസ് താരമായ അനന്തുവിന് വേണ്ട സഹായങ്ങൾ നൽകുമെന്ന് ഉറപ്പും നൽകി. പ്രളയ കെടുതിക്കിരയായ ആറന്മുള നിയോജകമണ്ഡലത്തിലെ എഴിക്കാട് കോളനിയും സംഘം സന്ദർശിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top