23 September Sunday

ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യണം

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

 പത്തനംതിട്ട

ജില്ലയിൽ പ്രളയബാധിത ആനുകൂല്യത്തിന് അർഹരായവരുടെ ലിസ്റ്റ് ഉടൻ തയാറാക്കണമെന്ന് റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്ക് ജലവിഭവ മന്ത്രി മാത്യു ടി തോമസ് നിർദേശം നൽകി. പ്രളയ ദുരിതാശ്വാസ നടപടികൾ വിലയിരുത്തുന്നതിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയബാധിത മേഖലകളിൽ ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള ചുമതല ബന്ധപ്പെട്ട  പഞ്ചായത്തുകൾക്കായിരിക്കും. ശുദ്ധമായ കുടിവെള്ളം കിട്ടാത്തതു മൂലം ഏതെങ്കിലും സ്ഥലത്ത് പകർച്ചവ്യാധി പിടിപെട്ടാൽ പഞ്ചായത്ത് സെക്രട്ടറിക്കായിരിക്കും ഉത്തരവാദിത്വം. വാട്ടർ അതോറിറ്റിയുടെ ഉറവിടങ്ങളിൽ നിന്നും ആവശ്യമായ ശുദ്ധജലം വിതരണത്തിന് നൽകും. ഇതിനു പുറമേ ഭക്ഷ്യസുരക്ഷാ വിഭാഗം അംഗീകരിച്ചു നൽകിയിട്ടുള്ള ഉറവിടങ്ങളിൽ നിന്നുള്ള കുടിവെള്ളം മാത്രമേ വിതരണം ചെയ്യാവു.  പകർച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി തിളപ്പിച്ച് ആറിയ ജലം മാത്രമേ എല്ലാവരും കുടിയ്ക്കാവുയെന്നും മന്ത്രി പറഞ്ഞു.  
 
 
ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്ന് എംഎൽഎമാരായ രാജു ഏബ്രഹാം, വീണാ ജോർജ്, ചിറ്റയം ഗോപകുമാർ, അടൂർ പ്രകാശ് എന്നിവർ നിർദേശിച്ചു. റോഡ് അറ്റകുറ്റപ്പണിക്കായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ നിർദേശപ്രകാരം നിയോജക മണ്ഡല അടിസ്ഥാനത്തിൽ രണ്ടു പാക്കേജുകൾ തയാറാക്കുമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. അറ്റകുറ്റപ്പണി, സ്ഥിരമായ നവീകരണം എന്നിങ്ങനെ രണ്ടു പാക്കേജുകളായിരിക്കും തയാറാക്കുക. ജില്ലയിലെ 2039 കിലോമീറ്റർ റോഡിൽ 610 കിലോമീറ്ററാണ് വെള്ളപ്പൊക്കത്തിൽ തകരാർ സംഭവിച്ചിട്ടുള്ളത്. ഇതിന്റെ എസ്റ്റിമേറ്റ് തയാറാക്കി വരുകയാണ്. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണിക്കുള്ള ടെൻഡർ ഈമാസം 10ന് തുറക്കും. ഒക്ടോബർ 31ന് അകം അറ്റകുറ്റപ്പണി പൂർത്തിയാക്കുകയാണ് ലക്ഷ്യം. ശബരിമല റോഡുകളുമായി ബന്ധപ്പെട്ട് 57 കോടി രൂപയുടെ 121 പ്രവൃത്തികളാണ് ടെൻഡർ ചെയ്തിട്ടുളളത്. വെള്ളപ്പൊക്കം മൂലം റോഡിലുണ്ടായ ചെളി നീക്കുന്ന പ്രവർത്തനം 90 ശതമാനം പൂർത്തിയായതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ശബരിമല പാതയിൽ മണ്ണിടിഞ്ഞതു നീക്കം ചെയ്തു. ഗവി റോഡ് മൂഴിയാർ മുണ്ടൻപാറ ഭാഗത്ത് 14 കിലോമീറ്റർ പൂർണമായി ഒലിച്ചു പോയി. ഇത് സംരക്ഷണഭിത്തി കെട്ടി പുനർനിർമിക്കേണ്ടി വരും. റോഡ് അറ്റകുറ്റപ്പണിക്ക് ആവശ്യമായ പാറ ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കും. ഇതുപ്രകാരം പ്രളയവുമായി ബന്ധപ്പെട്ട് ക്വാറികളുടെ പ്രവർത്തനത്തിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കണമെന്ന് യോഗം കലക്ടറോടു ശിപാർശ ചെയ്തു. 
റോഡ് അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി നിർദേശിച്ചു. തിരുവല്ലമാവേലിക്കര റോഡിന്റെ ഇരുവശവും മഴയെ തുടർന്ന് അപകടകരമായ നിലയിൽ താഴ്ന്നതിനു പരിഹാരം കാണണമെന്ന് അദ്ദേഹം പറഞ്ഞു. തുലാ മഴയ്ക്കു മുൻപായി ജില്ലയിലെ റോഡ് അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്ന് രാജു ഏബ്രഹാം എംഎൽഎ പറഞ്ഞു. ഓമല്ലൂർകൈപ്പട്ടൂർ റോഡ്, മഞ്ഞനിക്കരഇലവുംതിട്ട മുളക്കഴ റോഡ് എന്നിവ ഉൾപ്പെടെ ആറന്മുള നിയോജകമണ്ഡലത്തിലെ റോഡുകൾ അറ്റകുറ്റപ്പണി നടത്തണമെന്ന് വീണാ ജോർജ് എംഎൽഎ പറഞ്ഞു. കെ പി റോഡ്, ആനയടിപഴകുളം റോഡ് എന്നിവ ഉൾപ്പെടെ അടൂർ നിയോജകമണ്ഡലത്തിലെ റോഡുകൾ അറ്റകുറ്റപ്പണി നടത്തണമെന്ന് ചിറ്റയം ഗോപകുമാർ എംഎൽഎ പറഞ്ഞു. ചിറ്റാറിൽ ഉരുൾപൊട്ടലിൽ തകർന്ന വയ്യാറ്റുപുഴകുളങ്ങരവാലി റോഡ്, സീതത്തോട് മുണ്ടകൻപാറഗുരുനാഥൻ മണ്ണ് റോഡ്, മല്ലശേരി ചൈനാമുക്ക് റോഡ് എന്നിവ ഉൾപ്പെടെ കോന്നി നിയോജകമണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്ന് അടൂർ പ്രകാശ് എംഎൽഎ പറഞ്ഞു. പ്രളയത്തെ തുടർന്ന് അടിഞ്ഞിട്ടുള്ള മണ്ണ് വ്യാവസായികമായി ഉപയോഗിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനെ യോഗം ചുമതലപ്പെടുത്തി. 
പ്രളയത്തിനിരയായ ആറന്മുള പോലീസ് സ്‌റ്റേഷൻ കെട്ടിടം ഉപയോഗിക്കാൻ പര്യാപ്തമല്ലാത്ത സാഹചര്യത്തിൽ പുതിയ കെട്ടിടം നിർമിക്കേണ്ടി വരുമെന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം യോഗത്തിൽ അറിയിച്ചു. വെള്ളം കയറിയ മറ്റു സർക്കാർ കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തും. വെള്ളം കയറിയ വീടുകൾ വാസയോഗ്യമാണോയെന്നു കണ്ടെത്തുന്നതിനുള്ള സർവേ ഊർജിതമായി നടന്നു വരുകയാണെന്ന് എൽഎസ്ജിഡി എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. പഞ്ചായത്തുകളിലെ എൻജിനിയർമാരും പൊതുമരാമത്ത് കെട്ടിട വിഭാഗം എൻജിനിയർമാരും സംയുക്തമായാണ് വീടുകളുടെ ഫിറ്റ്‌നെസ് പരിശോധന നടത്തുന്നത്. 
ജനവാസ മേഖലകളിൽ എല്ലാവർക്കും പ്രയോജനകരമാകും വിധം ആദ്യ ഘട്ടത്തിൽ 10 വീടിന് ഒരു കിണർ എന്ന നിലയിൽ ശുചീകരിച്ച് ശുദ്ധജല ലഭ്യത ഉറപ്പാക്കണമെന്ന് മന്ത്രി നിർദേശിച്ചു.ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന ശക്തമാക്കണമെന്ന് യോഗം നിർദേശിച്ചു. ഏഴ് സ്‌ക്വാഡുകൾ ജില്ലയിൽ പരിശോധന നടത്തുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. കക്കൂസുകൾ ശുചീകരിക്കുന്നതിന് നിലവിലുള്ള എല്ലാ സാങ്കേതികവിദ്യകളും പരിശോധിച്ച് ശിപാർശ ചെയ്യുന്നതിന് ജില്ലാ ശുചിത്വമിഷനെ യോഗം ചുമതലപ്പെടുത്തി. ക്യാമ്പുകൾ പ്രവർത്തിച്ചിരുന്ന സ്ഥലങ്ങളിലെ ശൗചാലയങ്ങളും ശുചീകരിക്കണമെന്ന് എംഎൽഎമാർ നിർദേശിച്ചു. വിമാനത്തിലെയും കാരവാനിലെയും ശൗചാലയങ്ങളിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ  ജില്ലയിൽ ഉപയോഗിക്കാൻ കഴിയുമോയെന്നു പരിശോധിക്കണമെന്ന് രാജു ഏബ്രഹാം എംഎൽഎ പറഞ്ഞു. ശൗചാലയങ്ങൾ ശുചീകരിക്കുന്നതിന് ആവശ്യമായ പണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടിൽ നിന്നോ, അതില്ലാത്ത പക്ഷം പ്ലാൻ ഫണ്ടിൽ നിന്നോ ചെലവഴിക്കാമെന്ന് ജില്ലാ ശുചിത്വമിഷൻ കോഓർഡിനേറ്റർ അറിയിച്ചു. 
വാട്ടർ അതോറിറ്റിയുടെ പത്തനംതിട്ട ഡിവിഷനു കീഴിലുള്ള 49 പദ്ധതികളിൽ 36 എണ്ണവും പ്രവർത്തനം പുനരാരംഭിച്ചതായി എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. ഒൻപത് പമ്പ് ഹൗസുകളുടെ അറ്റകുറ്റപ്പണി മൂന്നു ദിവസത്തിനുള്ളിൽ തീർക്കും. നാല് പമ്പ് ഹൗസുകളുടെ അറ്റകുറ്റപ്പണിക്കു സമയം എടുക്കും. പമ്പയിലെ പമ്പ് ഹൗസിന്റെ അറ്റകുറ്റപ്പണി അടിയന്തിരമായി ചെയ്യുന്നതിന് മുൻഗണന നൽകണമെന്ന് രാജു ഏബ്രഹാം എംഎൽഎ പറഞ്ഞു. തിരുവല്ല ഡിവിഷനു കീഴിലുള്ള 15 കുടിവെള്ള പദ്ധതികളും പ്രവർത്തനം പുനരാരംഭിച്ചു. കുടിവെള്ളം സൗജന്യമായി പരിശോധിക്കുന്നതിന് ആറന്മുള, റാന്നി എന്നിവിടങ്ങളിൽ വാട്ടർ അതോറിറ്റി പ്രത്യേക സംവിധാനം ഒരുക്കി. 
റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് ഡ്യൂപ്ലിക്കേറ്റ് കാർഡ് നൽകുന്നതിന് എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിലും ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പ്രളയബാധിതരായവരുടെ പട്ടിക ബന്ധപ്പെട്ട വാർഡ് മെമ്പർമാർ നൽകുന്ന വിവരം പരിഗണിച്ചു തയാറാക്കണമെന്ന് കലക്ടർ നിർദേശിച്ചു. ക്യാമ്പുകളിൽ താമസിച്ചവരേയും വീടുകളോ മറ്റ് സ്ഥലങ്ങളോ ക്യാമ്പുകളാക്കി താമസിച്ചവരേയും പരിഗണിക്കണമെന്നും കലക്ടർ നിർദേശിച്ചു. പ്രളയത്തിൽ കൃഷി വകുപ്പിന്റെ 16 ഓഫീസുകളും രണ്ടു ഫാമുകളും നശിച്ചതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. പ്രളയത്തിന് ഇരയാവരെ സഹായിക്കുന്നതിന് ബാങ്കുകൾ പ്രത്യേക ഹെൽപ്പ് ഡെസ്‌കുകൾ തുടങ്ങണമെന്ന് യോഗം നിർദേശിച്ചു. റാന്നി ടൗണിൽ ബാങ്ക് ശാഖകൾ പ്രവർത്തിക്കാത്തതിനാൽ ഇവിടെയുള്ളവർക്ക് ചേത്തയ്ക്കൽ, പ്ലാങ്കമൺ, ഉതിമൂട് എന്നിവടങ്ങളിലെ ശാഖകളിൽ എത്തി ഇടപാട് നടത്തുന്നതിന് സംവിധാനം ഒരുക്കിയതായി ലീഡ് ബാങ്ക് മാനേജർ അറിയിച്ചു. തിരിച്ചറിയൽ കാർഡുകൾ ഇല്ലാത്തവർക്കായി പ്രത്യേക അക്കൗണ്ടുകൾ തുറന്നു നൽകും. ഇതിന്  ബന്ധപ്പെട്ട വാർഡ് മെമ്പർ സാക്ഷ്യപ്പെടുത്തി നൽകുന്ന ഫോട്ടോ പതിച്ച കത്ത് ഹാജരാക്കിയാൽ മതിയാകുമെന്നും ലീഡ് ബാങ്ക് മാനേജർ അറിയിച്ചു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top