24 September Monday

പ്രസാദിനും കുടുംബത്തിനും സ്നേഹത്തണൽ ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 3, 2018

 റാന്നി

പ്രസാദിനും കുടുംബത്തിനും സ്നേഹത്തണലൊരുക്കി സി പിഐ എം റാന്നി ലോക്കൽ കമ്മിറ്റി. ഒരു കുടുസുമുറിയിൽ ഒതുങ്ങിക്കൂടിയ ഈ വലിയ കുടുംബത്തിന് സ്വന്തമായി വീടെന്ന വാഗ്ദാനവുമായി സിപിഐ എം മുമ്പോട്ടുവന്നപ്പോഴാണ് ഇവരുടെ പ്രതീക്ഷകൾക്ക് ചിറകുമുളച്ചിരിക്കുന്നത്. 
ഭാര്യയും രണ്ട് മക്കളും അമ്മയുംും അടങ്ങുന്നതാണ് പുതുശേരിമല താന്നിമൂട്ടിൽ പ്രസാദിന്റെ കുടുംബം. ഇവരെല്ലാവരും ഒറ്റമുറി വീട്ടിലാണ് താമസം. അടുപ്പും കിടക്കയും എല്ലാം ഈ ഒറ്റമുറിയിൽ ഒതുങ്ങുന്നു. കൂലിപ്പണിക്കാരനായ പ്രസാദ് രോഗികൂടിയായതോടെ പണിക്ക് പോകാൻ കഴിയാതായി. ഇതോടെ സ്വന്തമായി വീട് എന്ന പ്രതീക്ഷ അസ്തമിക്കുകയും ചെയ്തു. പഠിക്കാൻ സമർഥരായ കുട്ടികൾ അയൽ വീടുകളിൽ പോയിനിന്നാണ് പഠനം നടത്തുന്നത്. രോഗിയായ അമ്മയ്ക്കും ചികിത്സ ആവശ്യമാണ്. അയൽക്കാരുടെയും ബന്ധുക്കളുടെയും സഹായസഹകരണങ്ങൾ കൊണ്ടാണ് ഈ കുടുംബം മുമ്പോട്ടുപോകുന്നത്. ഇവരുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കിയാണ് ലോക്കൽ കമ്മിറ്റി ഇവർക്ക് തന്നെ വീട് നൽകാം എന്ന് തീരുമാനിച്ചത്. 
  വീടിന്റെ കല്ലിടീൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു നിർവഹിച്ചു. ലോക്കൽകമ്മിറ്റി സെക്രട്ടറി ബിനോയി കുര്യാക്കോസ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി ആർ പ്രസാദ്, ഏരിയ കമ്മിറ്റിയംഗം ടി എൻ ശിവൻകുട്ടി, പ്രൊഫ. വി ആർ വിശ്വനാഥൻ നായര്, റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ, മെമ്പർമാരായ സബിത ബിജു, എ എൻ സോമൻ, വനജകുമാരി, പി പി രാജശേഖരൻ പിള്ള, ഹരിപ്രസാദ്, രാജേഷ്കുമാർ, ആദർശ് എന്നിവർ സംസാരിച്ചു. 
 
 
 
പ്രധാന വാർത്തകൾ
Top