Top
19
Friday, January 2018
About UsE-Paper

പള്ളിക്കലിന്റെ ചരിത്രകാരിയെ ചിറ്റയം വീട്ടിലെത്തി ആദരിച്ചു

Wednesday Jan 3, 2018
വെബ് ഡെസ്‌ക്‌
പള്ളിക്കല്‍ പഞ്ചായത്തിന്റ്െ ചരിത്രമെഴുതിയ പയ്യനല്ലൂര്‍ സ്കൂളിലെ പത്താംക്ളാസ് വിദ്യാര്‍ഥിനി രഞ്ജിനിയെ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ വീട്ടിലെത്തി ആദരിച്ചപ്പോള്‍

 അടൂര്‍ > പള്ളിക്കലിന്റെ ചരിത്രകാരിയെ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ വീട്ടിലെത്തി ആദരിച്ചു. പള്ളിക്കല്‍ പഞ്ചായത്തിന്റെ ചരിത്രം രചിച്ച പയ്യനല്ലൂര്‍ ഗവ. ഹൈസ്കൂളിലെ പത്താംക്ളാസ് വിദ്യാര്‍ഥിനി രഞ്ജിനിയ്ക്കാണ് അഭിനന്ദനം.  ഷാള്‍ അണിയിച്ചും ട്രോഫി നല്‍കിയും ആദരിച്ചു.

തുവയൂര്‍ ശിലാമ്യൂസിയം നടത്തിയ ചരിത്രരചനാ മത്സരത്തില്‍ഒന്നാം സ്ഥാനം രഞ്ജിനിയ്ക്കായിരുന്നു. കഴിഞ്ഞദിവസം രചന വായിച്ചശേഷമാണ് വീട്ടിലെത്തി അഭിനന്ദിക്കാന്‍ തീരുമാനിച്ചതെന്ന് എംഎല്‍എ പറഞ്ഞു. പള്ളിക്കലിന്റെ ബുദ്ധചരിത്രംമുതല്‍ പള്ളിക്കലാര്‍ നവീകരണം വരെ എടുത്തുപറഞ്ഞാണ് സൃഷ്ടി നടത്തിയിരിക്കുന്നത്. 
  65 വര്‍ഷംമുന്‍പ് ഗണകസമുദായ അംഗമായ തോട്ടുവ പ്ളാവിളയില്‍ വീട്ടില്‍ കേശവന്‍ വൈദ്യര്‍ക്ക് ബ്രാഹ്മണസമൂഹം അറിവിനുള്ള ആദരമായി ഉപനയനം നടത്തി പൂണൂല്‍ സമ്മാനിച്ച കഥ, ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പിന്നോക്കവിഭാഗങ്ങള്‍ക്ക് ശാന്തിനിയമനം നടത്തിയതിനെ പുകഴ്ത്തി കൊണ്ട് തന്റ്െ ഗ്രാമത്തിന് ഇങ്ങനൊരു ചരിത്രമുണ്ടന്ന് രഞ്ജിനി ചൂണ്ടികാട്ടുന്നു. 
അതുപോലെ കടിച്ച പാമ്പിനെ വരുത്തി വിഷം എടുപ്പിച്ച വൈദ്യന്റെ ആതുരസേവനത്തെ എടുത്തുപറയുമ്പോള്‍ ഇന്ന് തലവേദനയുമായി എത്തുന്ന രോഗിക്ക് ബ്രെയിന്‍ സ്കാനിങ് തുടക്കത്തിലെ തന്നെ നിര്‍ദേശിക്കുന്ന ആധുനിക ഡോക്ടര്‍മാരുടെ സേവന തല്‍പരതയില്ലായ്മയെ വിമര്‍ശിക്കാനും മറന്നില്ല.
പള്ളിക്കല്‍ പഞ്ചായത്തിലെ ആദ്യസര്‍ക്കാര്‍ പള്ളിക്കൂടം പെരിങ്ങനാട് സ്കൂള്‍ ആണന്ന് സ്ഥാപിക്കാന്‍  ഇ വി കൃഷ്ണപിള്ളയുടെ ആത്മകഥയിലെ എന്നെ എഴുത്തിനിരുത്തിയത് പള്ളിക്കല്‍ ഷ്ടാന്റ് പള്ളിക്കൂടത്തിലാണ് എന്നുതുടങ്ങുന്ന ഭാഗം ഉപയോഗിച്ചിട്ടുണ്ട്.
പള്ളിക്കലാര്‍ നേരിടുന്ന വെല്ലുവിളികള്‍ അക്കമിട്ട് നിരത്തുമ്പോള്‍ പരിഹാര നിര്‍ദേശങ്ങളും തന്റ്െ വകയായി രഞ്ജനി ചേര്‍ത്തിട്ടുണ്ട്. പെരുമഴയില്‍ പള്ളിക്കല്‍ മുഴുവന്‍ പ്രളയത്തിലാക്കിയ ആറാട്ടുചിറയുടെ സംഹാരതാണ്ഡവം നിര്‍ത്താന്‍ ജന്മിമാര്‍ പുലയനെ പത്തായത്തിലടച്ച് ചിറക്ക് കുറുകെ മണ്ണിട്ട് മൂടിയെന്നത് കഥയോ മിത്തോ ആണങ്കിലും പള്ളിക്കല്‍ ഇന്നും വിപ്ളവപ്രസ്ഥാനങ്ങള്‍ക്ക് വളകൂറുള്ള മണ്ണായതിന് പിന്നില്‍ പുലയന്റ്െ ജീവനുവേണ്ടിയുള്ള ആര്‍ത്തനാദങ്ങളുടെ തുടര്‍ച്ചയായിട്ടാണെന്ന് സമര്‍ഥിക്കാനും ചരിത്രകാരി മറന്നിട്ടില്ല. 
പള്ളിക്കലിനെകുറിച്ച് തനിക്കറിയാത്ത പലകാര്യങ്ങളും ഈ കുട്ടിയുടെ രചന വായിച്ചപ്പഴാണ് അറിഞ്ഞതെന്നും ചരിത്രത്തെ വര്‍ത്തമാനകാലത്തെ പലസംഭവങ്ങളുമായി കൂട്ടിയോജിപ്പിച്ച് നടത്തിയ രചന ഭാഷയുടെ പുതുമകൊണ്ടും അവതരണത്തിന്റ്െ ഭംഗികൊണ്ടും തന്നെ അത്ഭുതപ്പെടുത്തിയതായി ചിറ്റയം പറഞ്ഞു. പള്ളിക്കല്‍ പഞ്ചായത്തിന്റെ വികസനരേഖയില്‍പോലും ഇടംപിടിക്കാത്ത നിരവധിചരിത്ര‘ സംഭവങ്ങളാണ് രഞ്ജിനി അന്വേഷിച്ചു കണ്ടെത്തിയതെന്ന് പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ജി പ്രസന്നകുമാരിയും പറഞ്ഞു. 
 സ്ഥലനാമചരിത്രം, കല, വിദ്യാഭ്യാസം, സംസ്കാരം, സാഹിത്യം, കായികം വിനോദം തുടങ്ങി പല‘ഭാഗങ്ങളായി തിരിച്ച് അതതു മേഖലയുമായി ബന്ധപ്പെട്ട് അറിയാവുന്ന മുതിര്‍ന്നവരുമായും അധ്യാപകരുമായും ആശയവിനിമയം നടത്തിയും പല ലേഖനങ്ങള്‍ വായിച്ചുമാണ് രചന നടത്തിയതെന്ന് രഞ്ജിനി പറഞ്ഞു. പള്ളിക്കല്‍ പഞ്ചായത്തുമായി ആലോചിച്ച് രചനയുടെ ആധികാരികത ഉറപ്പാക്കിയതിനുശേഷം പുസ്തകമാക്കുമെന്ന് ശിലാമ്യൂസിയം ഡയറക്ടര്‍ സന്തോഷും അറിയിച്ചു.
ബുധനാഴ്ച രാവിലെ സ്കൂളില്‍ പ്രത്യേക അസംബ്ളി ചേര്‍ന്ന് പിടിഎ കമ്മിറ്റിയുടെതായി അനുമോദനം നടത്തും. അടൂര്‍ ആര്‍ഡിഒ  എ റഹീം പങ്കെടുക്കും.

Related News

കൂടുതൽ വാർത്തകൾ »