25 September Tuesday
പത്തനംതിട്ടയിലെ കോൺഗ്രസ്‌ അവിശ്വാസം

മുൻ ചെയർമാന്റെ ഭാര്യയെ ചെയർപേഴ‌്സണാക്കാൻ ഡിസിസി പ്രസിഡന്റിന‌് കോഴ കൊടുത്തെന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018
പത്തനംതിട്ട
നഗരസഭ ചെയർപേഴ്സൺ സ്ഥാനം രാജിവച്ച രജനി പ്രദീപ് ഡിസിസി പ്രസിഡന്റ് ബാബു ജോർജിനും മുൻ നഗരസഭ ചെയർമാൻ എ സുരേഷ് കുമാറിനുമെതിരെ വാർത്താസമ്മേളനത്തിൽ ആഞ്ഞടിച്ചു. ഡിസിസി പ്രസിഡന്റ് തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു. നിന്നെ ആ കസേരയിൽ ഇരുത്തില്ല എന്നു ഭീഷണിപ്പെടുത്തി. കെപിസിസിയുടെ തീരുമാനങ്ങളെയും മുതിർന്ന നേതാക്കളുടെ നിർദേശങ്ങളെയും അവഗണിച്ചു. തനിക്കെതിരെ വ്യാജ ധാരണപത്രം ഉണ്ടാക്കി. സുരേഷ്‌കുമാർ ഭാര്യയെ ചെയർപേഴ്സനാക്കാൻ ബാബു ജോർജിനും ചില കൗൺസിലർമാർക്കും ലക്ഷങ്ങൾ കോഴ കൊടുത്തുവെന്നും രജനി പ്രദീപ് ആരോപിച്ചു. 
മുതിർന്ന നേതാവ് പി ജെ കുര്യൻ  ആവശ്യപ്പെട്ടതനുസരിച്ചാണ് രാജി. ഭാവികാര്യം പിന്നീട് അറിയിക്കും.
രണ്ടര വർഷം കഴിഞ്ഞ് ചെയർപേഴ്സൺ സ്ഥാനം ഒഴിഞ്ഞുകൊടുക്കാമെന്ന് ഒരു കരാറും ഉണ്ടാക്കിയിട്ടില്ല. യുഡിഎഫിലെ 22 അംഗങ്ങൾക്കും ഇങ്ങെനയൊരു കരാറിനെക്കുറിച്ച് അറിയില്ല. രണ്ട് വർഷം കഴിഞ്ഞ് പത്രവാർത്തയിലാണ് കരാറിനെക്കുറിച്ച് അറിയുന്നത്.  ഇങ്ങെനയൊരു കരാർ വയ‌്ക്കാൻ ആരോടും നിർദേശിച്ചിട്ടില്ലെന്ന് അന്നത്തെ കെപിസിസി, ഡിസിസി പ്രസിഡന്റുമാർ പറഞ്ഞതാണ്. തദ്ദേശ സ്ഥാപനങ്ങളിലെ കോൺഗ്രസ് അധ്യക്ഷൻമാർക്ക് കാലാവധി പാടില്ലെന്ന് കെപിസിസി പ്രസിഡന്റായിരുന്ന വി എം സുധീരൻ  സർക്കുലർ ഇറക്കിയിരുന്നു. മുൻ ചെയർമാൻമാരുടെ ഭാര്യമാരെ അധ്യക്ഷയാക്കരുതെന്നും സർക്കുലറിൽ പറഞ്ഞിട്ടുണ്ട്. 
എല്ലാം പത്തനംതിട്ടയിൽ അട്ടിമറിച്ചു. ബാബു ജോർജും  എ സുരേഷ‌്‌കുമാറും ചേർന്ന് മാനസികമായി പീഡിപ്പിച്ചു.  അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് സുരേഷ‌്കുമാർ നഗരസഭ പ്രവർത്തനം സ്തംഭിപ്പിച്ചു.  ഇനിയുള്ള രണ്ടു വർഷക്കാലത്തെ ഡിസിസിയുടെ മുഴുവൻ ചെലവും ഏറ്റെടുക്കാമെന്ന് പറഞ്ഞാണ് സുരേഷ‌്കുമാർ ബാബു ജോർജിനെ സ്വാധീനിച്ചത‌്. കോഴപ്പണവുമായി സുരേഷ‌്കുമാർ കൗൺസിലർമാരെ തേടി നടക്കുകയായിരുന്നു. 
തന്നെ മാറ്റരുതെന്ന് ആദ്യം കോൺഗ്രസിലെ 13 പേർ ആവശ്യപ്പെട്ടിരുന്നു. പിന്നീടത് എട്ടായി കുറഞ്ഞു. അവസാനം വരെ കൂടെ നിന്ന റോഷൻ നായർ പിൻമാറി.  പാരമ്പര്യമുള്ള കോൺഗ്രസ് കുടുംബത്തിൽ നിന്നു വന്ന തന്നോട് ഇങ്ങനെ പെരുമാറിയതിൽ മനോവേദനയുണ്ടെന്ന് രജനി പ്രദീപ് പറഞ്ഞു.  മഹിളാ കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ് രജനി പ്രദീപ്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top