22 September Saturday

കോൺഗ്രസിൽ വരാനിരിക്കുന്നത് കലാപത്തിന്റെ കാലം

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

 

പത്തനംതിട്ട
പത്തനംതിട്ട നഗരസഭ അധ്യക്ഷസ്ഥാന തർക്കം സംബന്ധിച്ച് മാസങ്ങളായി കോൺഗ്രസിൽ നടന്ന വാശിയേറിയ തമ്മിൽതല്ല് കൂടുതൽ രൂക്ഷമാകുന്നതിന് വഴിയൊരുക്കുകയാണ് ശനിയാഴ്ച കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം. മുൻ ഡിസിസി പ്രസിഡന്റ് പി മോഹൻരാജ് ഉൾപ്പെടെ നേതാക്കളുടെ ആശീർവാദത്തോടെ അവിശ്വാസത്തെ അതിജീവിക്കാൻ ഒരുങ്ങിയ രജനി പ്രദീപിനെ പാലം വലിച്ചത് ഒപ്പംനിന്ന നേതാക്കൾ. അവിശ്വാസത്തെ നേരിടാൻ ചുക്കാൻ പിടിച്ചവർ അവസാന നിമിഷം 'പണി' കൊടുത്തതോടെ അവർക്ക് രാജിവയ്ക്കേണ്ടിവന്നു. തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പാർടി നേതൃത്വത്തിന്റെ അഴിമതി തുറന്നടിക്കുകയും ചെയ്തു.
പി മോഹൻരാജിന്റെ വക്താവായാണ് രജനി പ്രദീപ് അധികാരമേറ്റത്. ചെയർപേഴ്സൺ സ്ഥാനം സംബന്ധിച്ച് കാലാവധിയിൽ കോൺഗ്രസിൽ ധാരണയുണ്ടെന്നും അത് അവസാനിച്ചെന്നും പറഞ്ഞാണ് മുൻ ചെയർമാൻ തന്റെ ഭാര്യയെ ചെയർപേഴ്സണാക്കാൻ നീക്കം ആരംഭിച്ചത്. ഇതിനെ പല്ലും നഖവും ഉപയോഗിച്ചാണ് രജനി പ്രദീപ് എതിർത്തത്. ഡിസിസി പ്രസിഡന്റ് ബാബു ജോർജ് ഉൾപ്പെടെ ഉന്നത കോൺഗ്രസ് നേതൃത്വം പലഘട്ടങ്ങളിലായി ശ്രമം നടത്തിയെങ്കിലും രജനി പ്രദീപ് രാജി വയ്ക്കാൻ കൂട്ടാക്കിയില്ല. പി മോഹൻരാജിന്റെ ഉൾപ്പെടെ ഒരു വിഭാഗം നേതാക്കളുടെ പിന്തുണയായിരുന്നു അവർക്ക്.
മോഹൻരാജിന്റെ സഹോദര പുത്രനും കൗൺസിലറും യുഡിഎഫ് പാർലമെന്ററി പാർടി നേതാവുമായ അഡ്വ. റോഷൻ നായരാണ് രജനി പ്രദീപിന് സർവ നിർദേശവും നൽകികൊണ്ടിരുന്നുത്. ഡിസിസി സെക്രട്ടറി കൂടിയായ റോഷൻ നായർ ഡിസിസിയുടെ വിപ്പ് ഭീഷണി പലതവണയുണ്ടായപ്പോഴും അതൊന്നും വകവെച്ചില്ല. 16 കോൺഗ്രസ് കൗൺസിലർമാരിൽ ആദ്യഘട്ടങ്ങളിൽ 11 പേർ രജനി പ്രദീപിനൊപ്പം ഉണ്ടായിരുന്നു. ഡിസിസിയുടെ ചില നേതാക്കളും മുൻ ചെയർമാനും ഉൾപ്പെടെ ഭീഷണിയും വൻതുക വാഗ്ദാനവും ചെയ്ത് കൗൺസിലർമാരെ വശത്താക്കി. അങ്ങനെ രജനി പ്രദീപിന്റെ പിന്തുണ കഴിഞ്ഞ ദിവസം എട്ടായി കുറഞ്ഞു. ചെയർപേഴ്സന്റെ സന്തത സഹചാരിയും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയുമായ സിന്ധു അനിലും മറുകണ്ടം ചാടിയതോടെ രജനി പ്രദീപിന്റെ നില പരുങ്ങലിലായിരുന്നു. 
അവിശ്വാസം വിജയിക്കാൻ 17 അംഗങ്ങളുടെ പിന്തുണ വേണമെന്നിരിക്കെ തലേദിവസം രാത്രിയിലാണ് വൻ കുതിര കച്ചവടം നടന്നത്. രജനിയോടൊപ്പം അവിശ്വാസത്തെ നേരിടാൻ നേതൃനിരയിൽനിന്ന റോഷൻ നായർ വെള്ളിയാഴ്ച രാത്രിയോടെ കളംമാറ്റി ചവിട്ടി. സന്ധ്യ സജീവും ഒപ്പം പോയി. പി മോഹൻരാജ് നടത്തിയ 'ഓപ്പറേഷൻ' ആയിരുന്നു. ഇതും കൂടെയായതോടെ രക്ഷയില്ലാതെവന്ന രജനി പ്രദീപ് രാജിക്കൊരുങ്ങുകയായിരുന്നു. തുടർന്ന്, കോൺഗ്രസ് നേതാക്കളുടെ പണാപഹരണവും അഴിമതിയും ഉൾപ്പെടെ വൻ തട്ടിപ്പിന്റെ പരമ്പര രജനി പ്രദീപ് തുറന്നടിച്ചിരിക്കുകയാണ്.
ഇതോടെ പുതിയ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോൺഗ്രസിൽ വൻ കലാപം ഉണ്ടാകുമെന്ന് ഉറപ്പായി.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top