17 November Saturday

മഹാപ്രളയത്തിനു ശേഷം ജലാശയങ്ങൾ വറ്റിവരളുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

 കോഴഞ്ചേരി

അതിവൃഷ്ടിക്കും മഹാ പ്രളയത്തിനും പിന്നാലെ ഉൾനാടൻ ജല സ്രോതസുകളിലെ ജലനിരപ്പ് അപകടകരമായി താഴുന്നു. ഏഴു കിലോമീറ്ററോളം പരന്നൊഴുകിയ പമ്പയുടെ പ്രധാന കൈവരികളിലും ചെറുകിട ജലാശയങ്ങളിലുമെല്ലാം 15 ദിവസം കഴിയും മുമ്പുതന്നെ ജലനിരപ്പ് കടുത്ത വേനൽക്കാലത്തെ അളവിലേയ്ക്കാണ് താഴ‌്ന്നത‌്. നദിയിലെ സ്വഭാവിക തടയണകളും തണ്ണീർത്തടങ്ങളും വൻതോതിൽ നഷ്ടപ്പെട്ടതാണ് കാരണമെന്ന് വിദഗ്ധർ.
ശബരിമല വനാന്തരങ്ങളിൽ  ഉത്ഭവിച്ച് 178 കിലോമീറ്റർ സഞ്ചരിച്ച് വേമ്പനാട്ടു കായലിൽ പതിക്കുന്ന നദിയാണ് പമ്പ. നദിയെ സമ്പുഷ്ടമാകുന്നത് ഇതിൽ ഒഴുകിയെത്തുന്ന 288 പോഷക നീരൊഴുക്കുകളാണ്. നദിയുടെ ഉത്ഭവ സ്ഥലത്ത് ഡാമുകൾ പെരുകിയതോടെ ജനവാസ കേന്ദ്രങ്ങളിലൂടെ ഒഴുകുന്ന തോടുകളാണ് നദിയെ നിലനിർത്തിയിരുന്നത്.
വയലുകൾ, തണ്ണീർതടങ്ങൾ, ചെറുകുളങ്ങൾ എന്നിവയിൽ നിന്ന‌് ഊറിയെത്തുന്ന ജലമാണ് തോടുകളെ നിറയ‌്ക്കുന്നത‌്.
നദിയിലെ ജലം മുഴുവൻ കടലിലേയ്ക്ക് ഒഴുകി പോകാതെ സംരക്ഷിച്ചിരുന്നത് നദിയിലെ സ്വഭാവിക തടയണകളായ മണൽതിട്ടകളായിരുന്നു. മണൽ ശേഖരത്തിന്റെ വിടവുകളിൽ 40 ശതമാനം ജലവും സംരക്ഷിക്കപ്പെട്ടിരുന്നു.
എന്നാൽ മണൽ കോരി മാറ്റുകയും തണ്ണീർത്തടങ്ങളും കുളങ്ങളും വയലുകളുമൊക്കെ നികത്തപ്പെടുകയും ചെയ്തതോടെ പ്രകൃതിദത്തമായ ജല വ്യവസ്ഥ ശിഥിലമായി. ഇതാണ് മഹാപ്രളയത്തിന‌് ദിവസങ്ങൾക്കകം ജല സ്രോതസുകൾ ആപൽക്കരമായ അളവിൽ വറ്റാൻ കാരണം.
ഇൗ സാഹചര്യത്തിൽ നിലവിലുള്ള ജലവ്യവസ്ഥയെക്കുറിച്ച് ഗൗരവമായ പഠനം നടത്തണമെന്നും സ്വഭാവക സ്ഥിതി പുനഃസ്ഥാപിക്കാനുള്ള  നടപടി സ്വീകരിക്കണമെന്നും പമ്പാ പരിരക്ഷണസമതി ജനറൽ സെക്രട്ടറി എൻ കെ സുകുമാരൻ നായർ ആവശ്യപ്പെട്ടു.
 
പ്രധാന വാർത്തകൾ
Top