15 November Thursday

ജില്ലാ കഥകളിമേള 8 മുതല്‍ അയിരൂര്‍- ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 2, 2018

 പത്തനംതിട്ട > സംസ്ഥാനത്തെ ഏറ്റവും വലിയ കഥകളി മേളയ്ക്ക് എട്ടിന് കേളികൊട്ട് ഉയരും. പത്തനംതിട്ട ജില്ലാ കഥകളി ക്ളബ്ബിന്റെ നേതൃത്വത്തില്‍ 14 വരെ അയിരൂര്‍ ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്താണ് മേള. എട്ടിന് രാവിലെ 10 ന് നെടുമുടി വേണു കഥകളിമേള ഉദ്ഘാടനംചെയ്യും. ക്ളബ് പ്രസിഡന്റ് ഡോ. ജോസ് പാറക്കടവില്‍ അധ്യക്ഷനാകും. 

ക്ളബ്ബിന്റെ നാട്യഭാരതി അവാര്‍ഡ് പ്രശസ്ത കഥകളി നടന്‍ ഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ളയ്ക്കും അയിരൂര്‍ രാമന്‍പിള്ള അവാര്‍ഡ് കഥകളി സാഹിത്യകാരന്‍ ഡോ. എന്‍ പി വിജയകൃഷ്ണനും നല്‍കും. ക്ളബ് സെക്രട്ടറി വി ആര്‍ വിമല്‍രാജ് രചിച്ച കഥകളിയുടെ കഥകള്‍ (ഏട്ടാം ഭാഗം) നെടുമുടി വേണു പ്രകാശനംചെയ്യും. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച 101 ആട്ടക്കഥകള്‍ക്ക്  സംശോധനവും വ്യാഖ്യാനവും നിര്‍വഹിച്ച കഥകളി പണ്ഡിതന്‍ ഡോ. പി വേണുഗോപാലനെ ആദരിക്കും. തപാല്‍ വകുപ്പ് പുറത്തിറക്കിയ കഥകളിമേള 2018 സ്റ്റാമ്പ ് നെടുമുടി വേണു പ്രകാശനംചെയ്യും. വൈകിട്ട് അഞ്ചു മുതല്‍ കേരള കലാമണ്ഡലം അയിരൂര്‍ ഉപകേന്ദ്രത്തിലെ മോഹിനിയാട്ടം വിദ്യാര്‍ഥികളുടെ അരങ്ങേറ്റം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ ഉദ്ഘാടനംചെയ്യും. എം ആര്‍ വേണു അധ്യക്ഷനാകും. വൈകിട്ട് ആറിന് കെ എല്‍ കൃഷ്ണമ്മ ആട്ടവിളക്ക് തെളിക്കും. തുടര്‍ന്ന് അയിരൂര്‍ നാട്യഭാരതി കഥകളി സെന്റര്‍ വിദ്യാര്‍ഥികളുടെ വേഷം അരങ്ങേറ്റം. പൂതനാമോക്ഷം, ബാണയുദ്ധം എന്നീ കഥകളിയും നടക്കും. 
ഒന്‍പതിന് പകല്‍ 10.30 ന് നടക്കുന്ന കഥകളി ആസ്വാദന കളരി പത്തനംതിട്ട  മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ്  ഉദ്ഘാടനംചെയ്യും. സഖറിയ മാത്യു അധ്യക്ഷനാകും. 11.30 മുതല്‍ കലാമണ്ഡലം രാജീവ് അവതരിപ്പിക്കുന്ന കഥകളി ഡമോണ്‍സ്ട്രേഷന്‍. സംസ്ഥാന കഥകളി ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ആര്‍ പാര്‍ഥിവിനെ അനുമോദിക്കും. വൈകിട്ട് അഞ്ചിന് അയിരൂര്‍ നാട്യഭാരതി കഥകളി സെന്ററിലെ ഭരതനാട്യം വിദ്യാര്‍ഥികളുടെ അരങ്ങേറ്റം ജില്ലാ ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ് ടി കെ ജി നായര്‍ ഉദ്ഘാടനംചെയ്യും. ഡോ. സന്തോഷ് ജി കുറുപ്പ് അധ്യക്ഷനാകും. വൈകിട്ട് 6.30 ന് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ആട്ടവിളക്ക് തെളിക്കും. തുടര്‍ന്ന് കല്യാണസൌഗന്ധികം കഥകളി.
10 ന് പകല്‍ 10.30 മുതല്‍ നടക്കുന്ന കഥകളി ആസ്വാദന കളരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി ഉദ്ഘാടനംചെയ്യും. വി എന്‍ ഉണ്ണി അധ്യക്ഷനാകും. 11 മുതല്‍ കഥകളി പുറപ്പാടും മേളപ്പദവും. വൈകിട്ട് നാലു മുതല്‍ അയിരൂര്‍ നാട്യഭാരതി കഥകളി സെന്റര്‍  വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങള്‍. വൈകിട്ട് ആറിന് ജന്മശതാബ്ദി ആഘോഷിക്കുന്ന കഥകളിയാചാര്യന്‍ ഓയൂര്‍ കൊച്ചു ഗോവിന്ദപിള്ളയാശാനെക്കുറിച്ച് ടി സി സുനില്‍ദത്ത് അനുസ്മരണം നടത്തും. തുടര്‍ന്ന് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ  സീനിയര്‍ ഫെല്ലോഷിപ്പ് ലഭിച്ച കഥകളിനടന്‍ കലാമണ്ഡലം കൃഷ്ണപ്രസാദിനെ പി പി രാമചന്ദ്രന്‍ പിള്ള പൊന്നാടയണിയിച്ച് ആദരിക്കും. വൈകിട്ട് 6.30 ന് പി എസ്. വിജയന്‍ ആട്ടവിളക്ക് തെളിക്കും.  തുടര്‍ന്ന് നളചരിതം ഒന്നാം ദിവസം കഥകളി.
11 ന് പകല്‍ 10.30 ന് നടക്കുന്ന ക്ളാസിക്കല്‍ കലാസ്വാദന കളരി വി കലാധരന്‍ ഉദ്ഘാടനംചെയ്യും. പ്രസാദ് ആനന്ദഭവന്‍ അധ്യഷനാകും. 11 മുതല്‍ തിരുവനന്തപുരം മാര്‍ഗി അവതരിപ്പിക്കുന്ന സുഭദ്രാധനഞ്ജയം കൂടിയാട്ടം. വൈകിട്ട് 4.30 ന് കേരള കലാമണ്ഡലം അയിരൂര്‍ ഉപകേന്ദ്രത്തിലെ ചെണ്ട വിദ്യാര്‍ഥികളുടെ തായമ്പക അരങ്ങേറ്റം. വൈകിട്ട് 6.30 ന് വി കുട്ടപ്പന്‍ ആട്ടവിളക്ക് തെളിക്കും. തുടര്‍ന്ന് സുന്ദരീസ്വയംവരം കഥകളി. ഡോ. ആര്‍ ശ്രീകുമാര്‍ കഥാവിവരണം നല്‍കും. 12 ന് പകല്‍ 10.30 ന്  കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന ശതമോഹനം പരിപാടി കലാമണ്ഡലം എക്സിക്യൂട്ടിവ് ബോര്‍ഡ് അംഗം ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശ് ഉദ്ഘാടനംചെയ്യും. കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. കെ കെ സുന്ദരേശന്‍ അധ്യക്ഷനാകും. വൈകിട്ട് 6.30 ന് കെ ചെല്ലമ്മ ആട്ടവിളക്ക് തെളിക്കും. കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ് ലഭിച്ച കഥകളി നടന്‍ കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനെ പ്രസാദ് കൈലാത്ത് പൊന്നാടയണിയിച്ച് ആദരിക്കും. തുടര്‍ന്ന് നരകാസുരവധം കഥകളി.
13 ന് പകല്‍ 10.30 ന് നടക്കുന്ന ക്ളാസ്സിക്കല്‍ കലാമത്സരങ്ങള്‍ കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ പി എന്‍ സുരേഷ് ഉദ്ഘാടനംചെയ്യും. എം അയ്യപ്പന്‍കുട്ടി അധ്യക്ഷനാകും. വൈകിട്ട് 6.30 ന് പി പി രാമചന്ദ്രന്‍ പിള്ള ആട്ടവിളക്ക് തെളിക്കും. തുടര്‍ന്ന് രുഗ്മാംഗദചരിതം കഥകളി. 14 ന് രാവിലെ 10 ന് നടക്കുന്ന അഖിലകേരള കഥകളി ക്വിസ് മത്സരം കോന്നിയൂര്‍ ബാലചന്ദ്രന്‍ ഉദ്ഘാടനംചെയ്യും. പ്രൊഫ. മാലൂര്‍ മുരളീധരന്‍ അധ്യക്ഷനാകും. വൈകിട്ട്് നാലിന് അടൂര്‍ പി സുദര്‍ശന്റെ സംഗീതകച്ചേരി. വൈകിട്ട് ആറിന് നടക്കുന്ന കഥകളിമേള സമാപന സമ്മേളനം മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനംചെയ്യും. പി എസ് നായര്‍ അധ്യക്ഷനാകും. അയിരൂര്‍ സദാശിവന്‍ അവാര്‍ഡ് പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ അടൂര്‍ പി സുദര്‍ശന് മന്ത്രി സമ്മാനിക്കും. ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തും. രാജു ഏബ്രഹാം എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കും. തുടര്‍ന്ന് ബാലിവധം കഥകളി.
കാല്‍ ലക്ഷത്തോളം കാണികള്‍ പങ്കെടുക്കുന്ന കഥകളിമേളയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുമെന്ന് മീഡിയ കണ്‍വീനര്‍ എസ് ദിലീപ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഥകളി ക്ളബ് ഭാരവാഹികളായ പി ആര്‍ വിമല്‍രാജ്, ടി പ്രസാദ്, ടി ആര്‍ ഹരികൃഷ്ണന്‍, സക്കറിയ മാത്യു, എം എ കബീര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top