21 November Wednesday
കാണാനെത്തുന്നത്‌ നിരവധിപേർ

മഴ മാറി; നിളയിൽ മണൽ നിറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018

പ്രളയത്തെ തുടർന്ന്‌ ഭാരതപ്പുഴയിൽ രൂപപ്പെട്ട മണൽക്കുന്ന്‌

 

പട്ടാമ്പി 
നിള തന്റെ പ്രതാപകാലത്തിലേക്ക‌് മടങ്ങി വരാനുള്ള ശ്രമത്തിലാണ്. പ്രളയത്തിനുമുമ്പ് ജലനിരപ്പോടൊപ്പം ഉണ്ടായിരുന്ന മണൽപ്പരപ്പ് ഇപ്പോൾ കുന്നായി രൂപപ്പെട്ടു കഴിഞ്ഞു. പഞ്ചാരമണൽ നിറഞ്ഞ ഭാരതപ്പുഴയുടെ സൗന്ദര്യം കാണാൻ നിരവധി പേരാണ് പുഴയിലേയ്ക്ക് എത്തുന്നത്. 
പട്ടാമ്പി മണ്ഡലത്തിലൂടെ ഒഴുകുന്ന മറ്റൊരു പുഴയാണ് തൂത. കുലുക്കല്ലൂർ, വിളയൂർ, തിരുവേഗപ്പുറ പഞ്ചായത്തുകളുടെ തീര പ്രദേശത്തുകൂടിയാണ് തൂത പുഴയുടെ നീരൊഴുക്ക്. പ്രളയനാളുകളിൽ ഇരുപുഴകളും തങ്ങളുടെ രൗദ്രഭാവം ജനങ്ങൾക്ക‌് കാട്ടിക്കൊടുത്തിരുന്നു. ഇന്ന് ഇരുപുഴകളും ശാന്തമായി ഒഴുകുന്നതോടൊപ്പം പുഴയിൽനിന്ന‌് മണൽമാഫിയാസംഘം ഏറെക്കാലമായി കവർന്നെടുത്തുകൊണ്ടിരുന്ന മണൽക്കൂനകളെ പുഴ തിരിച്ചെത്തിക്കുകയും ചെയ്തിരിക്കുന്നു. 
പുഴകളിൽ മണൽ നിറഞ്ഞതോടെ മണൽമാഫിയാസംഘം തിരിച്ചുവരുമോ എന്ന ആശങ്കയിലാണ‌് തീരപ്രദേശത്ത് താമസിക്കുന്നവർ. 
വൻ തോതിലുള്ള മണൽക്കടത്തു കാരണം പുഴയുടെ വലിയ ഒരുഭാഗം കരയായി മാറിയിരുന്നു. പ്രളയത്തെ തുടർന്ന് ഇവിടം വീണ്ടും പുഴയായി മാറി. എങ്ങും വീണ്ടും മണൽ വന്നുനിറഞ്ഞിരിക്കുന്നു. 
പുഴയെ ചൂഷണം ചെയ്യുന്നതു മൂലം പ്രളയത്തിൽ കൂടുതൽ ദുരിതമനുഭവിച്ചവരാണ് നിരപരാധികളായ തീരപ്രദേശത്തുള്ളവർ. അതുകൊണ്ടുതന്നെ പുഴയെ മലിനപ്പെടുത്താതെ കാത്തുസൂക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇനിയൊരു ദുരന്തംകൂടി താങ്ങാനാകില്ലെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ മണലെടുത്തതുകൊണ്ടാണ് പ്രളയത്തിന്റെ തീവ്രത കുറഞ്ഞുപോയതെന്ന വാദവുമായി മണൽമാഫിയകളെ അനുകൂലിക്കുന്നവരും രംഗത്തുണ്ട്. 
വാദങ്ങൾ എന്തുതന്നെയായാലും പുഴയെ സംരക്ഷിക്കേണ്ടിയിരിക്കുന്നു. ഇവിടെനിന്നും മണൽ കടത്തുന്നവർക്കെതിരെയും പുഴയിൽ മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെയും പൊതുസമൂഹവും നിയമസംവിധാനങ്ങളും ജാഗരൂകരാകണം.
പ്രധാന വാർത്തകൾ
Top