18 November Sunday

ദമ്പതികളെ മർദിച്ച്‌ കവർച്ച: ക്വട്ടേഷൻ സംഘാംഗം അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

സിജിൽ

പാലക്കാട്
ബൈക്ക‌് വാങ്ങാൻ എടുത്ത വായ‌്പയുടെ തിരിച്ചടവ‌് തെറ്റിയതിന് വീട്ടിൽക്കയറി ദമ്പതികളെ മർദിച്ച് കവർച്ച നടത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന ക്വട്ടേഷൻ സംഘാംഗം അറസ്റ്റിൽ. പാലക്കാട് കൊടുന്തിരപ്പുള്ളി നെടുമ്പറമ്പ് വീട്ടിൽ സിജിൽ(28)നെയാണ്  കൊടുന്തിരപ്പുള്ളിയിൽ പാലക്കാട‌് ടൗൺ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മെയ‌് മാസത്തിലാണ് കേസിന‌് ആസ്പദമായ സംഭവം. സ്വകാര്യ ധനകാര്യസ്ഥാപനത്തിൽനിന്ന‌് വായ‌്പ അനുവദിച്ച‌് ബൈക്ക് വാങ്ങിയ കൊടുന്തിരപ്പുള്ളി അമ്പലപ്പറമ്പ് സ്വദേശിയായ പരാതിക്കാരൻ തിരിച്ചടവ് തെറ്റിച്ചതിനാലാണ് സ്ഥാപനത്തിലെ ജീവനക്കാർ ഉൾപ്പെടെ മൂവർസംഘം വീട്ടിലെത്തി പരാതിക്കാരനെയും ഭാര്യയേയും മർദിച്ചത‌്. വീട്ടിലുണ്ടാരുന്ന ബൈക്കും കൊണ്ടുപോയി. പൊലീസിൽ പരാതി നൽകിയതറിഞ്ഞ് പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. കഴിഞ്ഞ ദിവസം സിജിൽ വീട്ടിലേക്ക് വരുന്നുണ്ടെന്ന രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. സിജിലിന് നേരത്തേ പാലക്കാട് ടൗൺ നോർത്ത്, സൗത്ത് പൊലീസ് സ്റ്റേഷനുകളിലായി  കൊലപാതകശ്രമം ഉൾപ്പെടെ അഞ്ചോളം ക്രിമിനൽകേസുകൾ നിലവിലുണ്ട്. പ്രതിയെ  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാലക്കാട്  ടൗൺ നോർത്ത് ഇൻസ‌്പെക‌്ടർ സി അലവി, എസ‌്ഐ ആർ രഞ്ജിത്ത്, സീനിയർ സിപിഒ രാജേഷ്, ക്രൈം സക്വാഡ് അംഗങ്ങളായ ആർ കിഷോർ, എം സുനിൽ, കെ അഹമ്മദ് കബീർ, ആർ വിനീഷ്, ആർ രാജീദ് എന്നിവരടങ്ങിയ സംഘമാണ് കേസ‌് അന്വേഷിച്ചത‌്.
പ്രധാന വാർത്തകൾ
Top