19 November Monday
അബ‌്കാരി കുറ്റകൃത്യം തടയാൻ

എക‌്സൈസ‌് പൊലീസ‌് സംയുക്ത സ‌്ക്വാഡ‌് രൂപീകരിച്ചു

വേണു കെ ആലത്തൂർUpdated: Monday Jul 30, 2018
പാലക്കാട‌്
അബ‌്കാരി കുറ്റകൃത്യം തടയാനും വ്യാജ മദ്യവിൽപ്പന ഇല്ലാതാക്കാനുമായി എക‌്സൈസ‌് വകുപ്പും സംസ്ഥാന പൊലീസ‌് സ‌്പെഷ്യൽ ബ്രാഞ്ചും സംയുക്തമായി സ‌്ക്വാഡുകൾക്ക‌് രൂപം നൽകി. തൃശൂർ റേഞ്ച‌് സ‌്പെഷ്യൽ ബ്രാഞ്ച‌് സൂപ്രണ്ട‌ിന്റെ കീഴിലാണ‌് പാലക്കാട‌് ടീം രൂപീകരിച്ചത‌്. ഒാണത്തോടനുബന്ധിച്ച‌് പരിശോധന ശക്തമാക്കാനാണ‌് സംയുക്ത ടീം രൂപീകരിച്ചത‌്. ജില്ലാ ഡെപ്യൂട്ടി എക‌്സൈസ‌് കമീഷണർമാർ, കലക്ടർ, പൊലീസ‌് സുപ്രണ്ട‌്, ഡിഎഫ‌്ഒ എന്നിവരുമായി ബന്ധപ്പെട്ട‌് പ്രത്യേകസംഘം വിവരം കൈമാറും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട‌് എന്നീ സോണുകൾ കേന്ദ്രീകരിച്ചും സ‌്പെഷ്യൽ ബ്രാഞ്ച‌് സൂപ്രണ്ടുമാരുടെ നേതൃത്വത്തിൽ പ്രത്യേക ടീം പ്രവർത്തിക്കും. 
സ‌്പെഷ്യൽ ബ്രാഞ്ചിൽനിന്ന‌് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മേഖലാ ജോയിന്റ‌് എക‌്സൈസ‌് കമീഷണർമാർ മറ്റ‌് വകുപ്പുകളുമായി ചേർന്ന‌് സംയുക്ത റെയ‌്ഡുകൾ സംഘടിപ്പിക്കും. ഇന്റലിജൻസ‌് റിപ്പോർട്ട‌് പ്രകാരമുള്ള നടപടികളിൽ ജോയിന്റ‌് എക‌്സൈസ‌് കമീഷണർമാരാണ‌് മുഖ്യ ചുമതല വഹിക്കേണ്ടത‌്. സ‌്പിരിറ്റും വ്യാജമദ്യവും കേരളത്തിലേക്ക‌് പ്രധാനമായും കടത്തുന്നത‌് വാളയാർ വഴിയാണ‌്.
ഇതിന‌് പുറമെ കൊല്ലം ജില്ലയിലെ ആര്യങ്കാവ‌്, കാസർകോഡ‌് ജില്ലയിലെ ബംഗറ, മഞ്ചേശ്വരം, വയനാട‌് ജില്ലയിലെ മുത്തങ്ങ, തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര എന്നിവിടങ്ങളിലൂടെയും കേരളത്തിലേക്ക‌് വ്യാജ വിദേശമദ്യം ഒഴുകുന്നു. പാഴ‌്സൽ വഹനത്തിലും ചരക്ക‌് ട്രെയിനിലും യാത്രാ ട്രെയിനിലും സാധനങ്ങൾ ബുക്ക‌് ചെയ‌്ത‌് സ‌്പിരിറ്റ‌്, വിദേശമദ്യം, കഞ്ചാവ‌് എന്നിവ കടത്തുന്നുണ്ടെന്നാണ‌് രഹസ്യവിവരം. ചില ലൈസൻസ‌് സ്ഥാപനങ്ങൾ ഓണത്തോടനുബന്ധിച്ച‌് മദ്യ ഉപഭോഗം വർധിപ്പിക്കാൻ പ്രത്യേക ആനുകൂല്യം നൽകി വിൽപ്പന നടത്താൻ സാധ്യതയുണ്ട‌്. ഇത‌് കർശനമായി പരിശോധിക്കും. 
പൊലീസ‌് സ‌്പെഷ്യൽ ബ്രാഞ്ച‌് നൽകുന്ന വിവരങ്ങൾ ഡെപ്യൂട്ടി എക‌്സൈസ‌് കമീഷണർമാർ അതത‌് പ്രദേശങ്ങളുടെ ചുമതലയുള്ള എക‌്സൈസ‌് ഉദ്യോഗസ്ഥർക്ക‌് കൈമാറണം. ഇതിന‌ു പുറമെ ഇന്റലിജൻസ‌് വിഭാഗത്തിന്റെ നീരീക്ഷണവും ശക്തിപ്പെടുത്തണം. ജില്ലാതലത്തിൽ രൂപീകരിക്കുന്ന സംഘത്തിൽ വനിതാ എക‌്സൈസ‌് ഉദ്യോഗസ്ഥ ഉൾപ്പെടെയുള്ളവർ അംഗങ്ങളായിരിക്കും. 24 മണിക്കൂറും ഇവരുടെ സേവനം ഉറപ്പാക്കുന്നതിന‌് അതത‌് തലവന്മാർ പ്രത്യേകം ശ്രദ്ധിക്കണം. മിന്നൽ പരിശോധന, റെയ‌്ഡ‌്, പട്രോളിങ‌് എന്നിവ ഇവരുടെ ചുമതലയാണ‌്. ഡെപ്യൂട്ടി എക‌്സൈസ‌് കമീഷണർമാരുടെ ഓഫീസിൽ 24 മണിക്കൂറും കൺട്രോൾ റൂം  പ്രവർത്തിക്കും. ജില്ലയെ മൂന്നാക്കിത്തിരിച്ച‌് ഓരോ മേഖലയ‌്ക്കും സ‌്ട്രൈക്കിങ്‌ ഫോഴ‌്സ‌് പ്രവർത്തിക്കും. ഇതിന‌് എക‌്സൈസ‌് ഇൻസ‌്പെക്ടർമാർ നേതൃത്വം നൽകും. 
പരാതി കിട്ടിയാലുടൻ റെയ‌്ഡ‌് നടത്താൻ സ‌്ട്രൈക്കിങ‌് ഫോഴ‌്സ‌് സന്നദ്ധമായിരിക്കണം. ലോക്കൗട്ട‌് ചെയ‌്തതും പ്രവർത്തനരഹിതവുമായ  കമ്പനികൾ, ഉപയോഗ ശൂന്യമായ കുളങ്ങൾ, കനാൽപ്പാലങ്ങൾ, ആളൊഴിഞ്ഞ പുരയിടങ്ങൾ, കുറ്റിക്കാടുകൾ എന്നിവിടങ്ങളിൽ പ്രത്യേകം നിരീക്ഷണം നടത്താനും നിർദേശം നൽകിയിട്ടുണ്ട‌്. 
ജില്ലയിൽനിന്ന‌് മറ്റ‌് ജില്ലകളിലേക്ക‌് പെർമിറ്റ‌് മുഖേന കൊണ്ടുപോകുന്ന കള്ളിന്റെ അളവും ഗുണനിലവാരവും പരിശോധിക്കും. അതിർത്തി പ്രദേശങ്ങളിൽ പട്രോളിങ‌് ശക്തിപ്പെടുത്താനും വാഹന പരിശോധന കർശനമാക്കാനും നിർദേശം നൽകും.
പ്രധാന വാർത്തകൾ
Top