22 September Saturday

വിദ്യാർഥികൾ പറയുന്നു ‘പഠനം എന്തെളുപ്പം’

വെബ് ഡെസ്‌ക്‌Updated: Monday Jul 30, 2018
പാലക്കാട‌്
പിഎംജി ഹയർ സെക്കൻഡറി സ‌്കൂളിലെ ക്ലാസ‌്‌മുറികൾക്കിപ്പോൾ ഗമയാണ‌്. ലാപ‌്ടോപ്പുണ്ട‌്, പ്രൊജക്ടറുണ്ട‌് പിന്നെ നല്ല വൃത്തിയുള്ള തറയും അടച്ചുറപ്പുള്ള മുറിയുമുണ്ട‌്. ക്ലാസ‌് മുറിയിലെ പതിവ‌് ശൈലിയിൽനിന്ന‌് വിദ്യാർഥികൾക്കും മോചനം. കണ്ടും കേട്ടും അറിഞ്ഞുള്ള പഠനമാണിപ്പോൾ അതുകൊണ്ടുതന്നെ പഠനം  കുട്ടികൾക്ക‌് അനായാസമായി.
  സ‌്കൂൾ വേനലവധിക്കാലത്ത്‌ എല്ലാ സംവിധാനങ്ങളും ഒരുക്കി, ജൂൺ ഒന്നു മുതൽ എല്ലാ ക്ലാസ‌്മുറിക‌ളും ഹൈടെക്കായി. ആകെ 12 ക്ലാസ‌്മുറികളാണ‌് ഹയർ സെക്കൻഡറിയിലുള്ളത‌്. എല്ലാ മുറികളുമിപ്പോൾ സ്‌മാർട്ടാണ‌്. 
ചിത്രങ്ങളും വീഡിയോകളും ഒക്കെ ഉപയോഗപ്പെടുത്തിയുള്ള പഠനമായതിനാൽ വിദ്യാർഥികൾക്ക‌് ക്ലാസിൽ കൂടുതൽ ശ്രദ്ധിക്കാൻ സാധിക്കുന്നതായി പ്രിൻസിപ്പൽ എം എം ലീല പറയുന്നു. പാഠഭാഗങ്ങൾ ചിത്രങ്ങളായും രൂപങ്ങളായുമൊക്കെ മനസ്സിൽ പതിയുമെന്നതിലുപരി പഠനം ആയാസരഹിതമാവുകയും ചെയ്യും. മാനസ്സിക പിരിമുറുക്കവും ഒഴിവാക്കാനാവുമെന്ന് പ്രിൻസിപ്പൽ പറയുന്നു.
ലാപ‌്ടോപ്പും പ്രൊജക്ടറും മറ്റ‌് അനുബന്ധ സംവിധാനങ്ങളൊക്കെ ഐടി അറ്റ‌്സ‌്കൂളിൽനിന്ന‌് ലഭ്യമായി. അടച്ചുറപ്പുള്ള മുറിയും ടൈൽ പതിച്ച നിലവുമൊക്കെ സ‌്മാർട്ട‌് ക്ലാസ‌് മുറികൾക്ക‌് നിർബന്ധമാണ‌്. സ‌്കൂളിലെ പിഡി  അക്കൗണ്ടിലുള്ള തുക ഉപയോഗിച്ചാണ‌് ക്ലാസ‌്മുറികളുടെ അറ്റകുറ്റപ്പണി നടത്തിയതും നിലത്ത‌് ടൈൽസ‌് വിരിച്ചതും. ഹയർ സെക്കൻഡറിയിൽ നിലവിൽ എല്ലാ സംവിധാനങ്ങളുമുണ്ട‌്. ലാബുകളും ലൈബ്രറിയുമൊക്കെ എംപിയുടെയും എംഎൽഎയുടെയുമൊക്കെ ഫണ്ടുപയോഗിച്ച‌് മികച്ചതാക്കിയിട്ടുണ്ട‌്. സ‌്കൂളിലെതന്നെ ഹൈസ‌്കൂൾ വിഭാഗത്തിലെ മുപ്പത്തിയഞ്ചോളം ക്ലാസ‌്മുറികളും ഹൈടെക്‌ ആയിക്കൊണ്ടിരിക്കുകയാണ‌്.
പ്രധാന വാർത്തകൾ
Top