21 November Wednesday
ദേശീയപാതയിൽ വൻ കുഴികൾ

മഴ കനത്താൽ ഗതാഗതക്കുരുക്ക്

വെബ് ഡെസ്‌ക്‌Updated: Friday Jun 29, 2018
വടക്കഞ്ചേരി
ദുരിതമൊഴിയാതെ ദേശീയപാത. മഴ കനത്താൽ ഗതാഗതക്കുരുക്ക് പതിവ്. പുതിയ റോഡുകളിലും വൻ കുഴികൾ. വടക്കഞ്ചേരി‐ മണ്ണുത്തി ദേശീയപാതയിൽ ഗതാഗതം ദുരിതമായി തുടരുകയാണ്. മഴക്കാലം ആരംഭിച്ചതോടെ ദേശീയപാത കുതിരാനിൽ ഉൾപ്പെടെ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മാസങ്ങൾക്കുമുമ്പ് ടാർപണി പൂർത്തിയാക്കിയ റോഡുകൾ ഇതിനകം തകർന്നിട്ടുണ്ട്. 
വടക്കഞ്ചേരി റോയൽ ജങ‌്ഷൻ മുതൽ എല്ലാ ഭാഗത്തും വൻ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ‌്. വാഹനങ്ങൾ കുഴികളിൽ കയറിയിറങ്ങി ഇഴഞ്ഞു നീങ്ങുകയാണ്.  ഈ കുഴികളിൽ ഏതെങ്കിലും ചരക്ക് ലോറി കുടുങ്ങിയാൽ അന്നത്തെ കാര്യം ദുരിതമയം തന്നെ. ദേശീയപാത ആറു വരിപ്പാതയാക്കുന്നതുമായി ബന്ധപ്പെട്ട് പല പ്രദേശങ്ങളിലും ടാർപണി പൂർത്തിയാക്കുന്നുണ്ടെങ്കിലും മാസങ്ങൾക്കകം അവയെല്ലാം തകർന്ന നിലയിലാണ്. 
പുതിയ റോഡാണെന്നു കരുതി അമിതവേഗത്തിൽ പോയാൽ ചതിക്കുഴികളായിരിക്കും കാത്തിരിക്കുക. ദേശീയപാതയിൽ രൂപം കൊണ്ടിട്ടുള്ള വൻ കുഴികൾ വലിയ അപകടങ്ങളാണ് ക്ഷണിച്ചു വരുത്തുന്നത്. 
കുഴികളിൽ വെള്ളക്കെട്ട്കൂടി നിറയുന്നതോടെ താഴ്ച അറിയാത്തതിനാൽ വാഹനങ്ങൾ കുരുങ്ങാനും കാരണമായിട്ടുണ്ട്. മഴവിട്ട് നില്ക്കുന്ന സമയത്ത് വൻ കുഴികൾ നികത്താൻ താല്കാലികമായി ഓട്ട അടയ‌്ക്കുന്നുണ്ടെങ്കിലും ഇവയ്ക്കെല്ലാം ദിവസങ്ങളുടെ ആയുസ്സുമാത്രമേ ഉണ്ടാവാറുള്ളൂ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top