23 September Sunday

ഓണത്തിന‌് കണ്ണമ്പ്രയിലെ 1000 കുടുംബങ്ങൾക്ക‌് ജൈവ പച്ചക്കറി

വെബ് ഡെസ്‌ക്‌Updated: Friday Jun 29, 2018
വടക്കഞ്ചേരി
സംസ്ഥാന സർക്കാരിന്റെ ‘ഒാണത്തിന‌് ഒരുമുറം പച്ചക്കറി’ എന്ന ആശയത്തിന്റെ ഭാഗമായി കണ്ണമ്പ്ര പഞ്ചായത്തും ജൈവ പച്ചക്കറിയിലേക്ക‌് മുഴുവൻ കുടുംബങ്ങളേയും കൊണ്ടുവരുന്നു. ഓണത്തിന‌് ആയിരം കുടുംബങ്ങളിൽ ജൈവ പച്ചക്കറി വിളിയിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിക്ക‌് തുടക്കമായി. 
കണ്ണമ്പ്ര പഞ്ചായത്തിന്റെ വനിതാ ക്ഷേമപദ്ധതി പ്രകാരമാണ് ആയിരം കുടുംബങ്ങളിലെ സ്ത്രീകൾക്ക് പച്ചക്കറിത്തൈകൾ വിതരണം ചെയ്തത്. കൃഷി വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ  പത്ത് പേരടങ്ങുന്ന സ്ത്രീകൾ നൂറോളം ഗ്രൂപ്പുകളായാണ് പച്ചക്കറി കൃഷിക്ക് നേതൃത്വം നൽകുക. ഇവർക്ക് ആവശ്യമായ അമര, വെണ്ട, പയർ, മുളക് തുടങ്ങിയവയുടെ ഇരുപത്തയ്യായിരത്തോളം തൈകൾ ഇതിനകം വിതരണം ചെയ്ത് കഴിഞ്ഞു. തൈകൾ പരിചരിക്കാനുള്ള നിർദേശങ്ങളും കൃഷി വകുപ്പ് തന്നെ നൽകും.  ഇതിന് ശേഷം ശൈത്യകാല വിളയായ കാബേജ്, കോളി ഫ്ലവർ തുടങ്ങിയ കൃഷിയും നടപ്പാക്കുമെന്ന് കൃഷി ഓഫീസർ ആർ എസ് മഞ്ജുഷ പറഞ്ഞു. 
ജൈവ രീതിയിൽ കൃഷി ചെയ്ത് കണ്ണമ്പ്ര കുത്തരി വിപണിയിലിറക്കിയ പഞ്ചായത്ത്, കാർഷിക മേഖലയെ പ്രോത്സാഹിപ്പിച്ച് ഇത്തരത്തിലുള്ള വിവിധ പദ്ധതികൾ ആവിഷ്കരിച്ച് വരുന്നുണ്ട്. നെൽകൃഷിയിലെ കീടബാധ തടയാനായി പാടവരമ്പുകളിൽ ചെണ്ട് മല്ലി,  കുറ്റിപ്പയർ തുടങ്ങിയയെല്ലാം നട്ട‌് പിടിപ്പിക്കുന്നുണ്ട‌്.  ആയിരം കുടുംബങ്ങളിൽ പച്ചക്കറി കൃഷി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പച്ചക്കറിത്തൈകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഡി റെജിമോൻ ഉദ്ഘാടനം ചെയ‌്തു. വൈസ് പ്രസിഡന്റ് എ വനജകുമാരി അധ്യക്ഷയായി. കൃഷി ഓഫീസർ ആർ എസ് മഞ്ജുഷ പദ്ധതി വിശദീകരിച്ചു. എം ചെന്താമരാക്ഷൻ, ജോഷി ഗംഗാധരൻ, സുനന്ദ, സുദർശന, ബാലസുബ്രഹ്മണ്യം, സാബു എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top