16 November Friday
ശേഖരണകേന്ദ്രം കിൻഫ്രയിൽ

വീടുകളിലേക്ക‌് മടങ്ങുന്നവർക്കുള്ള കിറ്റ‌് വിതരണം തുടങ്ങി

സ്വന്തം ലേഖകൻUpdated: Tuesday Aug 28, 2018
പാലക്കാട‌്
ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന‌് വീടുകളിലേക്ക‌് മടങ്ങുന്നവർക്ക‌് അതത‌് വില്ലേജ‌് ഓഫീസുകൾ മുഖേന ഭക്ഷ്യവസ‌്തുക്കളടങ്ങിയ കിറ്റ‌് വിതരണം തുടങ്ങി.  
തിങ്കളാഴ‌്ച ഉച്ചവരെ പാലക്കാട്ടുനിന്നും മറ്റു ജില്ലകളിലേക്ക‌് 105 ലോഡ‌് സാമഗ്രികൾ കയറ്റി അയച്ചു. നെല്ലിയാമ്പതിക്ക‌് മാത്രം ശേഖരണ കേന്ദ്രത്തിൽനിന്ന‌് നൽകിയത‌് 27 ടൺ ഭക്ഷ്യവസ‌്തുക്കളാണ‌്.  
ഭക്ഷ്യവസ‌്തുക്കൾ സംഭരിക്കുന്നതിന‌് ഇൻഡോർ സ‌്റ്റേഡിയത്തിൽ തുടങ്ങിയ ശേഖരണ കേന്ദ്രം പിന്നീട‌് കഞ്ചിക്കോടുള്ള കിൻഫ്രയിലേക്ക‌്  മാറ്റിയിരുന്നു.‌ സോപ്പ‌്, ടൂത്ത‌്പേസ‌്റ്റ‌്, ടൂത്ത‌്ബ്രഷുകൾ, ഷാംപൂ, തലയണ, പായ, പുതപ്പ‌്, ബ്രഡ‌്‌, ബിസ‌്കറ്റ‌്, കുടിവെള്ളം, നാപ‌്കിൻ, വാട്ടർബോട്ടിൽ‌, കൊതുകുതിരി മുതൽ ഫിനോയിൽ, ശുചീകരണത്തിനുള്ള ഉപകരങ്ങൾ, ബക്ക‌റ്റ‌്, കപ്പ‌് എന്നിവയും മടങ്ങുന്നവർക്ക‌് നൽകുന്ന കിറ്റിലുണ്ട‌്. അപ‌്നാഘറിലുള്ള  ക്യാമ്പിലേക്ക‌് ആവശ്യമായ ഭക്ഷ്യവസ‌്തുക്കളും സംഭരിച്ചിട്ടുണ്ട‌്. സഹായങ്ങൾ ഇപ്പോഴും ശേഖരണ കേന്ദ്രത്തിലേക്ക‌് എത്തിക്കൊണ്ടിരിക്കുകയാണ‌്. മറ്റു ജില്ലകളിലേക്ക‌് ആവശ്യമുണ്ടെങ്കിൽ കലക്ടർക്ക‌് ലഭിക്കുന്ന അപേക്ഷ പ്രകാരം കൈമാറും. മറ്റു ജില്ലകളിൽ ഹെലികോപ‌്ടറിൽനിന്ന‌് ഭക്ഷ്യവസ‌്തുക്കൾ പ്രളയബാധിതർക്ക‌് നൽകുന്നതിന‌് ഏഴ‌് ടൺ പാലക്കാട്ടുനിന്ന‌് നൽകി. തിങ്കളാഴ‌്ച സ‌്കൗട്ട‌്സ‌് ആൻഡ‌് ഗൈഡ‌്സ‌് ജില്ലാ അസോസിയേഷന്റെ കീഴിൽ 39 അംഗങ്ങളുള്ള സംഘം ശേഖരണ കേന്ദ്രത്തിലെത്തി പ്രവർത്തികളിൽ സഹായിച്ചിരുന്നു.
പ്രധാന വാർത്തകൾ
Top