15 November Thursday

മഴക്കെടുതി: നെല്ലിയാമ്പതിയിൽ അവലോകനയോഗം ചേർന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018
കൊല്ലങ്കോട്      
മഴക്കെടുതി വിലയിരുത്താൻ നെല്ലിയാമ്പതിയിൽ അവലോകനയോഗം ചേർന്നു. കെ ബാബു എംഎൽഎ അധ്യക്ഷനായി.  മന്ത്രി എ കെ ബാലന്റെ അവലോകനയോഗത്തിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതിനെക്കുറിച്ച് വിലയിരുത്താനാണ് യോഗം ചേർന്നത്. വിദ്യാർഥികളുടെ യാത്രാപ്രശ്നം പരിഹരിക്കാൻ രണ്ട് ട്രാവലറുകൾ നെല്ലിയാമ്പതിയിൽനിന്ന് നെന്മാറവരെയും തിരിച്ച് വൈകിട്ട് നെല്ലിയാമ്പതിയിലേക്കും വിദ്യാർഥികൾക്ക് മാത്രമായി സർവീസ് നടത്തും. 
നെല്ലിയാമ്പതിക്ക് മുകളിൽ വിദ്യാർഥികൾക്ക് സ്വകാര്യ എസ‌്റ്റേറ്റിന്റെ രണ്ട് ബസ‌് സർവീസ് നടത്തും. വിനോദസഞ്ചാരികളുടെ വാഹനങ്ങൾ 15 ദിവസത്തേക്ക് ചുരം റോഡിലൂടെ കടത്തിവിടില്ല. ജീപ്പ് വാടക ഒരാൾക്ക് നെന്മാറവരെ യാത്രചെയ്യാൻ 50 രൂപയായി നിജപ്പെടുത്തി. നെല്ലിയാമ്പതി താമസക്കാർ, ചെറുനെല്ലി കോളനിക്കാർ, ഇതര സംസ്ഥാന തൊഴിലാളികളുൾപ്പെടെ എല്ലാവർക്കും നവംബർ ഒന്ന് മുതൽ സൗജന്യമായി ഭക്ഷ്യസാധനങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവ വിതരണം ചെയ്യാനും തീരുമാനിച്ചു. പൊലീസ് വനം ‐റവന്യു‐സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കുറ്റമറ്റ രീതിയിൽ വിതരണം ക്രമീകരിക്കും. വനം ഉദ്യോഗസ്ഥരുടെ അനുമതിയോടെ എസ‌്റ്റേറ്റുകളിലെ വിറക് പാചകത്തിന് ഉപയോഗിക്കാൻ സംവിധാനമൊരുക്കും. ഒരു ലോഡ് പാചക വാതക സിലിണ്ടർ ഉടനെ എത്തിക്കും. തോട്ടം തൊഴിലാളികൾക്ക് നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങളിലെ വേതനം ചർച്ച ചെയ്ത് തീരുമാനിക്കും. 
പഞ്ചായത്ത് റവന്യു ഉദ്യോഗസ്ഥർ നിർബന്ധമായും ഓഫീസിൽ ഹാജരാകണമെന്നും യോഗം നിർദേശിച്ചു. ഗതാഗതം പുനഃസ്ഥാപിക്കാൻ പൊതുമരാമത്ത് റോഡ്  പാലം വിഭാഗം ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ച് പരിശോധിച്ചതായും അടിയന്തരമായി നിർമാണ പ്രവൃത്തി തുടങ്ങുമെന്നും ധാരണയായി.   യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജിൻസി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, പൊതുമരാമത്ത് റവന്യു, പൊലീസ്, വനം, സിവിൽ സപ്ലൈസ്, ആരോഗ്യം, ഫയർ, പഞ്ചായത്ത് എന്നീ  ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top