21 November Wednesday
'നമ്മളാണവർ, വി ഷാൽ ഒാവർകം'

പ്രളയത്തെ മറികടക്കാൻ കലാകാരന്മാർ ഒത്തുചേരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018
പാലക്കാട‌്
പ്രളയബാധിതരെ സഹായിക്കാനും ഐക്യദാർഢ്യം പ്രഖ്യാപിച്ചും സെപ‌്തംബർ 15ന‌് 'നമ്മളാണവർ, വി ഷാൽ ഒാവർകം' എന്നാഹ്വാനം ചെയ‌്ത‌് കലാകാരന്മാർ പാലക്കാട‌് ഒത്തു‌ചേരും‌. രാപ്പാടിയിൽ വൈകിട്ട‌് ആറിന‌്  ചേരുന്ന കലാസന്ധ്യയിൽ സംഗീതപരിപാടികളുൾപ്പെടെ സൗജന്യമായി അവതരിപ്പിക്കും. ചടങ്ങിനെത്തുന്നവരിൽനിന്ന‌്  മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസനിധിയിലേക്ക‌് കലാകാരന്മാർ തുക സമാഹരിക്കുമെന്ന‌്  വാർത്താസമ്മേളനത്തിൽ എം ബി രാജേഷ‌് എംപി പറഞ്ഞു. മന്ത്രി എ കെ ബാലൻ തുക ഏറ്റുവാങ്ങും. ജില്ലയിലെ എംപിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികള‌ും പങ്കെടുക്കും. 
സ‌്റ്റേജും ലൈറ്റ‌് ആൻഡ‌് സൗണ്ട‌് ഉൾപ്പെടെ സൗജന്യമാണ‌്. യാത്രാചെലവും  സ്വയം വഹിച്ച‌് മറ്റു ജില്ലകളിൽനിന്നും കലാകാരന്മാർ ചടങ്ങിനെത്തും. വിദ്യാധരൻ, മട്ടന്നൂർ ശങ്കരൻകുട്ടി, ജയറാം, കമൽ, വാണി ജയറാം, മണ്ണൂർ രാജകുമാരനുണ്ണി, രമ്യ നമ്പീശൻ, പ്രദീപ‌് സോമസുന്ദരം, സ‌്റ്റീഫൻ ദേവസി, കുഴൽമന്ദം രാമകൃഷ‌്ണൻ, രൂപശ്രീ കരുണാമൂർത്തി തുടങ്ങിയവർ പങ്കെടുക്കും. സ‌്തുത്യർഹ്യമായ സേവനം നടത്തിയ പാലക്കാട‌് കലക്ടറെയും മറ്റു ഉദ്യോഗസ്ഥരെയും പൊലീസ‌്, ഫയർഫോഴ‌്സ‌് ഉൾപ്പെടെയുള്ളവരെയും ഇൻഡോർ സ‌്റ്റേഡിയത്തിലെ ശേഖരണകേന്ദ്രത്തിലെ വളണ്ടിയർമാരെയും അനുമോദിക്കും. നാടൻപാട്ട‌്, കഥകളി സംഗീതം, ഗായകർ, വാദ്യകലാകാരന്മാർ, ചലച്ചിത്ര താരങ്ങൾ,  സിനിമാ പ്രവർത്തകർ എന്നിങ്ങനെ കലയുടെ സമസ‌്ത മേഖലകളിലുള്ളവരും അണിചേരും. പ്രവേശനം സൗജന്യമാണ‌്. മൂന്ന‌് മണിക്കൂറാണ‌് പരിപാടി. കലാസന്ധ്യയുടെ തീം സോങ്ങും മറ്റു വിശദാംശങ്ങളും അടുത്ത ദിവസങ്ങളിൽ പ്രകാശനം ചെയ്യും. കേരളത്തിന്റെ പുനർനിർമാണത്തിന‌് എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചുനിർത്തുക,‌ അതിജീവനത്തിന‌് ആത്മവിശ്വാസം നൽകുക എന്നിവ ലക്ഷ്യമാക്കിയാണ‌് ‌കലാസന്ധ്യയിലെ ഒത്തുചേരലെന്നും എം ബി രാജേഷ‌് എംപിയും പ്രകാശ‌് ഉള്ള്യേ രിയും പറഞ്ഞു.
 
പ്രധാന വാർത്തകൾ
Top