23 September Sunday

ജാതിവിവേചനം അനുവദിക്കില്ല: ബി എസ‌് മാവോജി

വെബ് ഡെസ്‌ക്‌Updated: Thursday Jul 26, 2018

 

പാലക്കാട‌്
സംസ്ഥാനത്ത് ജാതിവിവേചനം ഒരുതരത്തിലും അനുവദിക്കില്ലെന്ന‌്  സംസ്ഥാന പട്ടികജാതി ഗോത്ര വർഗ കമീഷൻ ചെയർമാൻ ബി എസ് മാവോജി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന പട്ടികജാതി ഗോത്രവർഗ കമീഷന്റെ പരാതി പരിഹാര അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നോക്കക്കാർക്ക‌് അവകാശനിഷേധവും അനീതിയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
 സ്കൂൾ കോളേജ‌്തലത്തിൽ വിദ്യാർഥികൾ അധ്യാപകരിൽനിന്നും നേരിടുന്ന ജാതിവിവേചനം, ഗോത്രജനതയിൽനിന്ന് ഭൂമി തട്ടിയെടുക്കൽ തുടങ്ങിയ വിഷയങ്ങളിലുള്ള പരാതികളൊക്കെ കമീഷന് മുന്നിലെത്തി. ജാതിപരമായ കേസുകളിൽ കമീഷന്റെ നിർദേശങ്ങളിൽ ഉദ്യോഗസ്ഥർ നടപടി കൈക്കൊള്ളാൻ വൈകിയാൽ ഉന്നതതലത്തിൽ വേണ്ട നടപടി സ്വീകരിക്കുമെന്ന് കമീഷൻ ചെയർമാൻ അറിയിച്ചു. 
അട്ടപ്പാടി കൊല്ലക്കടവ് ഊരിലെ സുന്ദരൻ കെഎസ്ഇബി ലൈൻ പ്രവർത്തനങ്ങൾക്കിടെ മരിച്ച കേസുമായി ബന്ധപ്പെട്ട പരാതിയിൽ മരണപ്പെട്ടയാളുടെ ഭാര്യക്ക് ആശ്രിത നിയമനവും സാമ്പത്തിക സഹായവും ഉറപ്പാക്കാൻ കെഎസ്ഇബി സെക്രട്ടറിക്കും ഇത് സംബന്ധിച്ച കാര്യങ്ങൾ ഏകോപിപ്പിക്കാൻ അട്ടപ്പാടി ഐടിഡിപി ഓഫീസർക്കും കമീഷൻ നിർദേശം നൽകി. ആദ്യദിനത്തിൽ 83 പരാതികൾ പരിഗണിച്ചു. 61 കേസുകൾ തീർപ്പാക്കി. പുതുതായി 17 കേസുകളാണ് കമീഷന് ലഭിച്ചത്. അദാലത്ത് വ്യാഴാഴ‌്ചയും തുടരും.
കമീഷൻ അംഗങ്ങളായ അഡ്വ. പി ജെ സിജ, എസ് അജയകുമാർ,  കലക്ടർ ഡി ബാലമുരളി, ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ, സബ് കലക്ടർ ജെറോമിക് ജോർജ‌് തുടങ്ങിയവർ പങ്കെടുത്തു. 
 
പ്രധാന വാർത്തകൾ
Top