19 September Wednesday

ലോറി ക്ലീനറുടെ മരണത്തിന്റെ കേസ്‌ അന്വേഷണം ഒരാഴ‌്ചക്കുള്ളിൽ തമിഴ‌്നാട‌് പൊലീസിന‌് കൈമാറും

വെബ് ഡെസ്‌ക്‌Updated: Thursday Jul 26, 2018

 

പാലക്കാട‌്
പച്ചക്കറി ലോറിയിലെ ക്ലീനർ കൊല്ലപ്പെട്ട  കേസ‌ിന്റെ അന്വേഷണം കസബ പൊലീസ‌് ഒരാഴ‌്ചക്കുള്ളിൽ തമിഴ‌്നാട‌് പൊലീസിന‌്  കൈമാറും. ഇതിന്റെ ഭാഗമായി ലോറി ഡ്രൈവർ നൂറുള്ളയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തി. മറ്റു ലോറി ഡ്രൈവർമാരുടെയും മൊഴി കോടതിയിൽ രേഖപ്പെടുത്തി, തമിഴ‌്നാട‌് പൊലീസിന‌് കൈമാറാനുള്ള നടപടി പുരോഗമിക്കുകയാണെന്ന‌് പാലക്കാട‌് ഡിവൈഎസ‌്പി ജി ഡി വിജയകുമാർ പറഞ്ഞു. പാലക്കാട‌് ജുഡീഷ്യൽ ഫ‌സ‌്റ്റ‌് ക്ലാസ‌് മജിസ‌്ട്രേറ്റ‌് നമ്പർ വൺ കോടതിയിലാണ‌് നടപടി പുരോഗമിക്കുന്നത‌്. 
കോയമ്പത്തൂർ മേട്ടുപ്പാളയം മുരുകേശന്റെ മകൻ മുബാറക‌് ബാഷ എന്ന വിജയ‌് (29) ആണ‌് തിങ്കളാഴ‌്ച പുലർച്ചെ കൊല്ലപ്പെട്ടത‌്. ലോറിയിൽ പച്ചക്കറിയുമായി തമിഴ‌്നാട്ടിൽ നിന്ന‌് കേരളത്തിലേക്ക‌് വരുമ്പോഴാണ‌് കൊല്ലപ്പെട്ടത‌്. കല്ലേറിൽ കൊല്ലപ്പെട്ടതെന്നാണ‌് കസബ ഡിവൈഎസ‌്പി ജി ഡി വിജയകുമാർ, കസബ സി ഐ എം ഗംഗാധരൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത‌്. കോയമ്പത്തൂർ ചാവടി എട്ടിമടയിലാണ‌് കല്ലേറ്‌ നടന്നതെന്നും പൊലീസ‌് അന്വേഷണത്തിൽ വ്യക്തമായി. തുടർന്നാണ‌് തമിഴ‌്നാട‌് പൊലീസിന‌് ഉന്നത ഉദ്യേഗസ്ഥർ മുഖേന കേസ‌് കൈമാറാനുള്ള നടപടിപുരോഗമിക്കുന്നത‌്. 
കല്ലേറ‌് നടത്തിയതാരെന്നും ഡ്രൈവറുടെ മൊഴി സംബന്ധിച്ചും സംഭവത്തിന‌് പിന്നിലെ ദുരൂഹതകൾ സംബന്ധിച്ചും തമിഴ‌്നാട‌് പൊലീസ‌് നടത്തുന്ന കൂടുതൽ അന്വേഷണത്തിലേ വ്യക്തമാകൂ. വാളയാറിലെത്തുമ്പോൾ ലോറിയുടെ ചില്ല‌് തകർന്നിരുന്നതായി പൊലീസ‌് കണ്ടെത്തിയിരുന്നു.  കഞ്ചിക്കോട‌് കല്ലേറ‌് നടന്നുവെന്നായിരുന്നു നൂറുള്ളയുടെ ആദ്യമൊഴി. 
പിന്നീട‌ാണ‌് എട്ടിമടയിൽ വച്ചായിരുന്നുവെന്ന‌് മൊഴി മാറ്റിയത‌്. വാളയാറിലെ മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക‌്പോസ‌്റ്റിലെ  ഉദ്യോഗസ്ഥരോട‌് ക്ലീനർക്ക‌് പരിക്കേറ്റെന്ന‌് ഡ്രൈവർ നൂറുള്ള അറിയിച്ചിരുന്നുവെന്നും ലോറി കടത്തിവിട്ടിരുന്നുവെന്നും കസബ പൊലീസ‌് കണ്ടെത്തിയിരുന്നു.
പ്രധാന വാർത്തകൾ
Top