17 October Wednesday
മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഫലം കണ്ടു

പറമ്പിക്കുളത്തുനിന്ന് ആളിയാറിലേക്ക് സെക്കന്റില്‍ 300 ഘനയടി വെള്ളം തുറന്നു

വേണു കെ ആലത്തൂര്‍Updated: Saturday Nov 25, 2017

പറമ്പിക്കുളം ഡാമില്‍നിന്നുള്ള വെള്ളം കോണ്ടൂര്‍ കനാലിലേക്ക് തുറന്നുവിട്ടപ്പോള്‍

 

പാലക്കാട് > പറമ്പിക്കുളം ഡാമില്‍നിന്ന് ആളിയാറിലേക്ക് സെക്കന്റില്‍ 300 ഘനയടി വെള്ളം  തുറന്നുവിട്ടു.  തിരുമൂര്‍ത്തിഡാമിലേക്ക് കോണ്ടൂര്‍ കനാല്‍വഴി കൊണ്ടുപോകുന്ന വെള്ളം വെള്ളിയാഴ്ച പകല്‍ 11മുതലാണ് ആളിയാറിലേക്ക് തുറന്നുവിട്ടത്. ഡിസംബര്‍ 20നുമുമ്പ് 500 ദശലക്ഷം ഘനയടി വെള്ളം ആളിയാറിലേക്ക് ഒഴുക്കാന്‍ കഴിഞ്ഞദിവസം പൊള്ളാച്ചിയില്‍ ചേര്‍ന്ന ഇരുസംസ്ഥാനത്തെയും ജലവിഭവവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി. 
ഡിസംബര്‍ ഒന്നുമുതല്‍ 31വരെ 1020 ദശലക്ഷം ഘനയടി വെള്ളം ചിറ്റൂരിലേക്കു നല്‍കും. ഇതോടെ പാലക്കാട്, ചിറ്റൂര്‍ താലൂക്കുകളിലെ കൃഷി ഡിസംബര്‍ അവസാനംവരെ ഉണക്കമില്ലാതെ കൊണ്ടുപോകാന്‍ കഴിയും. ഇപ്പോള്‍ ആളിയാര്‍ ഡാമില്‍ 1.5 ടിഎംസി വെള്ളമാണുള്ളത്. ഡിസംബര്‍ 20ഓടെ ജലനിരപ്പ് രണ്ട് ടിഎംസിയിലെത്തിക്കാന്‍ യോഗത്തില്‍ തമിഴ്നാട് ഉറപ്പു നല്‍കി. അടുത്തമാസം മൂന്നാംവാരം വീണ്ടും യോഗംചേര്‍ന്ന് ജനുവരിമുതല്‍ മാര്‍ച്ച്വരെ നല്‍കേണ്ട വെള്ളത്തെ സംബന്ധിച്ച് ചര്‍ച്ച ശചയ്യുമെന്നും  സംയുക്ത ജലക്രമീകരണവിഭാഗം ജോയിന്റ് ഡയറക്ടര്‍ പി സുധീര്‍ പറഞ്ഞു. 
ആളിയാറിലേക്കുള്ള വെള്ളം തമിഴ്നാട് നിര്‍ത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കര്‍ഷകസംഘം നേതാക്കള്‍ നേരില്‍ കണ്ട് വിഷയം ധരിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ചീഫ് സെക്രട്ടറിയോട് വിഷയത്തില്‍ ഇടപെടാന്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് ഇരുസംസ്ഥനത്തെയും ചീഫ് സെക്രട്ടറിമാര്‍ തിങ്കളാഴ്ച ടെലികോണ്‍ഫറന്‍സിലൂടെ ചര്‍ച്ച ചെയ്തത്. മുഖ്യമന്ത്രി നിര്‍ദേശിച്ചതനുസരിച്ച് ഉന്നതതല യോഗം ചേരാനും തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച പൊള്ളാച്ചിയില്‍ യോഗം ചേരാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ യോഗം മാറ്റിവയ്ക്കണമെന്ന് വ്യാഴാഴ്ച വൈകിട്ട് തമിഴ്നാട് ആവശ്യപ്പെടുകയായിരുന്നു. യോഗം 27ലേക്ക് മാറ്റണമെന്നാണ് അവര്‍ നിര്‍ദേശിച്ചത്. 
ഇക്കാര്യത്തില്‍ വിട്ടുവിഴ്ചക്കില്ലെന്നും മുഖ്യമന്ത്രിയും ജലവിഭവകുപ്പ്മന്ത്രി മാത്യു ടി തോമസും നിര്‍ദേശിച്ചതിനാലാണ്  യോഗം തീരുമാനിച്ചതെന്നും മാറ്റാന്‍ കഴിയില്ലെന്നും പി സുധീര്‍ തമിഴ്നാട് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ത്തന്നെ യോഗം ചേരണമെന്നായി തമിഴ്നാട്. അതിനു തയ്യാറാണെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് വ്യാഴാഴ്ച വൈകിട്ട് 5.30ന് പൊള്ളാച്ചിയിലെ പറമ്പിക്കുളംആളിയാര്‍ പദ്ധതി ആസ്ഥാനകേന്ദ്രമായ മായ്ക്കനാംപട്ടിയില്‍ യോഗം ചേര്‍ന്നത്. കേരളത്തിനുവേണ്ടി ജോയിന്റ് ഡയറക്ടര്‍ പി സുധീറാണ് പങ്കെടുത്തത്. തമിഴ്നാടിനുവേണ്ടി പറമ്പിക്കുളംആളിയാര്‍ ബേസിന്‍ സൂപ്രണ്ടിങ് എന്‍ജിനിയര്‍ നടരാജനും വാള്‍പ്പാറ, പറമ്പിക്കുളം ഡിവിഷനുകളിലെ എക്സിക്യുട്ടീവ് എന്‍ജിനിയര്‍മാരും പങ്കെടുത്തു.
പറമ്പിക്കുളം വെള്ളം ലഭ്യമാക്കുന്നതിന് കര്‍ശനമേല്‍നോട്ടം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജലവിഭവവുകപ്പ് ഉദ്യോഗസ്ഥര്‍ക്ക്  നിര്‍ദേശം നല്‍കയിരുന്നു. ഏറ്റവും അവസാനം വിളയെടുക്കുന്ന പ്രദേശമാണ് ചിറ്റൂര്‍മേഖല. അതിനാല്‍ വരള്‍ച്ചയും രൂക്ഷമാണ്. കഴിഞ്ഞ കാലങ്ങളില്‍ പലയിടത്തും കൃഷി ഉണങ്ങിയിരുന്നു. ഇത്തവണ അതുണ്ടാകില്ലെന്ന് ഉറപ്പാക്കണമന്ന് കര്‍ഷകര്‍ മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. 
എംഎല്‍എ മാരായ കെ വി വിജയദാസ്, കെ ബാബു, കെ കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ചിറ്റൂര്‍ മിനി സവില്‍ സ്റ്റേഷനില്‍ യോഗം ചേര്‍ന്ന് തമിഴ്നാട് നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് ഇത്തരത്തില്‍ ഇടപെട്ടിരുന്നില്ല. തമിഴ്നാട് അവര്‍ക്ക് ഇഷ്ടത്തിനനുസരിച്ച് കേരളത്തിനു വെള്ളം വിട്ടുതരികയാണ് പതിവ്. എത്ര വെള്ളം വിട്ടുതരുന്നുവെന്നതിന്റെ കണക്കുപോലും കൃത്യമായി പരിപാലിച്ചിരുന്നില്ല. ഇപ്പോള്‍ പറമ്പിക്കുളത്തുനിന്ന് ലഭ്യമാകുന്ന വെള്ളത്തിനും ആളിയാറില്‍നിന്ന് കേരളത്തിലേക്കു വിടുന്ന വെള്ളത്തിനും കൃത്യമായ കണക്ക് സൂക്ഷിക്കാന്‍ തുടങ്ങി. ഇരുസംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ കേരളം കണക്കുനിരത്തിയാണ് വിഷയം അവതരിപ്പിച്ചത്. 
 
പ്രധാന വാർത്തകൾ
Top