16 November Friday

വയറുനിറയെ ഊട്ടി അവരെ പാലക്കാട്ടുകാർ യാത്രയാക്കി

ശരത‌് കൽപ്പാത്തിUpdated: Wednesday Aug 22, 2018

പാലക്കാട‌് എത്തിയ അന്ത്യോദയ എക‌്സ‌്പ്രസിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക‌് ഭക്ഷണം വിതരണം ചെയ്യുന്നു‌

പാലക്കാട്
പ്രളയംമൂലം നാട്ടിലേക്ക് തിരിച്ച ഇതര സംസ്ഥാന തൊഴിലാളികളെ  വയറുനിറയെ ഭക്ഷണം നല്‍കി യാത്രയാക്കി പാലക്കാട്ടെ സന്നദ്ധ പ്രവര്‍ത്തകര്‍. കേരളത്തിൽ ഏറ്റവും കൂടുതൽ ഇതരസംസ്ഥാന തൊഴിലാളികളുള്ള പറവൂർ, കാലടി എന്നിവിടങ്ങളിൽനിന്ന‌് നാട്ടിലേക്ക‌് മടങ്ങിയ ഇതരസംസ്ഥാന തൊഴിലാളികൾക്ക‌ാണ‌് പാലക്കാട‌് റെയിൽവേ സ‌്റ്റേഷനിൽഭക്ഷണം നൽകാൻ ഉറക്കമില്ലാതെ സന്നദ്ധപ്രവർത്തകർ കാത്തുനിന്നത‌്. തിങ്കളാഴ‌്ച രാത്രി പതിനൊന്നിന‌് എസ‌്എഫ‌്ഐ പാലക്കാട‌് മുൻ ജില്ലാ സെക്രട്ടറി അനിൽ കൃഷ‌്ണന്റെ മൊബൈലിലേക്ക‌് എറണാകുളത്തുനിന്ന‌് സന്ദേശമെത്തുന്നതോടെയാണ‌് ഉദ്യമത്തിന്റെ തുടക്കം. എറണാകുള‌ത്തുനിന്ന‌് ഇതരസംസ്ഥാന തൊഴിലാളികളുമായി ഹൗറലിലേക്ക‌് പോകുന്ന അന്ത്യോദയ എക്സ്പ്രസ‌് സ‌്പെഷ്യൽ ട്രെയിനിലുള്ളവർക്ക‌് ഭക്ഷണവും വെള്ളവുമില്ല സഹായിക്കണം എന്നായിരുന്നു സന്ദേശം. 
പാലക്കാട‌് ഇൻഡോർ സ‌്റ്റേഡിയത്തിൽ വിവിധ ജില്ലകളിലേക്കുള്ള ഭക്ഷ്യവസ‌്തുക്കൾ തരംതിരിക്കുന്ന തിരക്കിലായ വളണ്ടിയർമാർ ഉടൻതന്നെ അവർക്കുള്ള ഭക്ഷണവുമായി ഒലവക്കോട‌് റെയിൽവേ സ‌്റ്റേഷനിലേക്ക‌് പാഞ്ഞു. എം ബി രാജേഷ്‌ എംപി നേതൃത്വം നൽകുന്ന പ്രഗതി സംസ്‌കാരിക കൂട്ടായ്‌മയാണ്‌ ഉദ്യോഗസ്ഥരുടെ അനുമതിയോടെ റെയിൽവേ സ്‌റ്റേഷനിലേക്ക്‌ ഭക്ഷണം എത്തിച്ചത്‌.  ബിസ്കറ്റ്, റസ്ക്, നിലക്കടല, ബ്രെഡ് തുടങ്ങിയവ ഭക്ഷണ കിറ്റിൽ ഉൾപ്പെടുത്തി. റെയിൽവേ ലോഡിങ് തൊഴിലാളി സുരേഷിന്റെയും മറ്റുള്ളവരുടെയും സഹായത്തോടെ പ്ലാറ്റ്ഫോമിലെ വിവിധ ഭാഗങ്ങളിലായി ഇവ ഇറക്കി. ഭക്ഷണം ട്രെയിനിൽ വിതരണം ചെയ്യാൻ വളണ്ടിയർമാരും കൂടി.  രാത്രി രണ്ടിന് ട്രെയിൻ എത്തുമെന്നാണ‌് അറിയിച്ചത‌്. ഭക്ഷണം നൽകാൻ എത്ര സമയം വേണമെങ്കിലും ട്രെയിൻ പിടിച്ചിടാമെന്ന‌് സ‌്റ്റേഷൻ മാസ‌്റ്റർ ഉറപ്പും നൽകി. എന്നാൽ ട്രെയിൻ എത്തിയതാകട്ടെ ചൊവ്വാഴ‌്ച രാവിലെ 6.45ന‌്. അതുവരെ ഉറക്കമില്ലാതെ വളണ്ടിയർമാർ കാത്തുനിന്നു. സ്റ്റേഷനിൽ പതിനഞ്ചോളം പേരുടെ അധ്വാനത്തിൽ പതിനെട്ടു ബോഗികളിലും ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top