14 November Wednesday

അപകടക്കെണിയായി കുതിരാൻ; യാത്ര ദുഷ‌്കരം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018
വടക്കഞ്ചേരി
കുതിരാൻ വഴിയുള്ള യാത്ര അപകടക്കെണിയായി മാറുന്നു. വടക്കഞ്ചേരി –മണ്ണുത്തി ദേശീയപാതയിൽ കുതിരാനിലൂടെയുള്ള യാത്ര വൻ അപകട ഭീഷണിയാണ് ഉയർത്തുന്നത്. കുതിരാൻ മേഖലയിൽ റോഡിലുള്ള വൻകുഴികളിൽ അകപ്പെട്ട് അപകടവും ഗതാഗതകുരുക്കും തുടരുകയാണ‌്. 
ഒപ്പം   തന്നെ കഴിഞ്ഞ ദിവസങ്ങളിൽ പെയ‌്ത കനത്ത മഴയിൽ കുതിരാനിൽ ഉണ്ടായ മണ്ണിടിച്ചിൽ  യാത്ര കൂടുതൽ  ദുഷ‌്കരമാക്കുന്നു.  മഴ പെയ‌്താൽ  ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകാമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ് .  കഴിഞ്ഞ ദിവസം കുതിരാനിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിക്കുകയും നിരവധി വാഹനങ്ങൾ മണ്ണിനടിയിലാകുകയും ചെയ‌്തു.  കുതിരാനിൽ വാഹനാപകടത്തിൽ തിങ്കളാഴ‌്ചയും  ഒരാൾ മരിച്ചു. 
2007ൽ കുതിരാനിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് സംരക്ഷണ ഭിത്തി കെട്ടിയ ഭാഗം ഒന്നായി അടർന്ന് വീണിരുന്നു. സ്ഥലത്ത‌് ഇനിയും  മണ്ണിടിയാൻ സാധ്യതയുണ്ട്.  മണ്ണിടിച്ചിലിനോടൊപ്പം വൻ മരങ്ങളും അപകട ഭീഷണിയായി നിൽക്കുന്നുണ്ട‌്. മഴ പെയ‌്താൽ ഇത് വഴിയുള്ള യാത്ര ഒഴിവാക്കുകയാവും ഉചിതം. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തെ തുടർന്ന് ദിവസങ്ങൾ എടുത്താണ് ഗതാഗതം പുനഃസ്ഥാപിച്ചത‌്.  ഇതിന് പുറമെ കുതിരാൻ തുരങ്കത്തിലൂടെയുള്ള യാത്രയും സമീപ കാലത്തൊന്നും ആരംഭിക്കാൻ സാധ്യതയില്ല.  ഇരു തുരങ്കങ്ങളുടെ മുകളിൽ തുരങ്കമുഖത്തായി ഇപ്പോഴും മണ്ണിടിച്ചിൽ  തുടരുകയാണ്.  മഴക്കാലം മാറി, ഇടിയുന്ന കുന്നുകളിൽ സംരക്ഷണഭിത്തി കെട്ടിയാൽ മാത്രമേ ഗതാഗതത്തിന് താൽക്കാലിക പരിഹാരമാവുകയുള്ളൂ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top